Posted in Malayalam Stories, people, places, romance, Scribblings, Short Stories, writer

ആനന്ദ്

62EDDAFE-0EF0-4620-B7C1-F76AFE9D75DF

നിങ്ങളെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്തെന്നോ ..

എന്ത് ..

കണ്ണുകൾക്ക് ചന്ദ്രനിലെ ഗർത്തങ്ങളുടെ ആഴം.. മുടികൾ എപ്പോഴും ഏതോ പാട്ടിനൊപ്പം ആടുന്നപോലെ .. ചിരിക്കുമ്പോൾ ഒട്ടിയവയറും വരണ്ടചുണ്ടുകളും തമ്മിൽ സ്വകാര്യം പറയുമായിരിക്കും . എനിക്ക് തോന്നി നിങ്ങൾക്ക് എന്തോ മാരകമായ അസുഖമാണ് , ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ നിന്നും പോന്നതാണെന്ന് .

എന്നിട്ട് ..

കുറേ നാളുകൾ കഴിഞ്ഞു നാട്ടിലെത്തി ഏതെങ്കിലും പഴയ പത്രത്തുണ്ടിൽ ചരമകോളത്തിൽ കണ്ടേക്കും എന്നുവരെ തോന്നി.

പിന്നെ ..?

പിന്നെ.. നമ്മൾ മിണ്ടിയില്ലേ. എന്താരുന്നു കാരണം .. ആഹ് ! പുസ്തകവും പെൻസിലുമൊക്കെ എടുക്കാൻ ഞാൻ എണീറ്റു. ഉറങ്ങിയപോലെ തോന്നിയതുകൊണ്ട് ഉണർത്തണ്ടാന്നുകരുതി ഞാൻ അടുത്ത് സെർവ് ചെയ്തുകൊണ്ടിരുന്ന കാബിൻ ക്രൂ പെൺകുട്ടിയെ വിളിച്ചു . എന്റെ ഹാൻഡ്ബാഗ് കൈമാറിക്കഴിഞ്ഞ് അവളുടനെ നിങ്ങളെ സ്വാതന്ത്ര്യപൂർവ്വം തട്ടി.

ഐറീൻ..

ഓർമ്മയില്ല. വളരെ അടുത്ത സുഹൃത്താണെന്ന് തോന്നി. ജോലിയുള്ളതുകൊണ്ട് അവൾ പെട്ടെന്ന് പോയി, പിന്നെ ഇടയ്ക്കിടെ പ്രത്യേകം കോഫിയും മറ്റും കൊണ്ടുവരുന്നതും കണ്ടു. രാത്രിയിൽ പുറത്തേക്കുനോക്കാൻ ഒന്നുമില്ല , ചുറ്റിനുമുള്ളവർ സുഖമായുറങ്ങുന്നു . ഞാൻ അതുമിതും കുത്തിക്കുറിച്ചും വായിച്ചും അങ്ങനിരുന്നു. ഏറിയാൽ നാലോ അഞ്ചോ റീഡിങ് ലൈറ്റുകൾ. അരണ്ട വെളിച്ചത്തിൽ വിമാനം. അടുത്തുള്ള പഞ്ചാബികുടുംബത്തിൽ ഒരു കൈക്കുഞ്ഞുണ്ട് . അമ്മയോ അമ്മൂമ്മയോ കൈമാറിഎടുക്കുമ്പോൾ മാത്രം അതിത്തിരി തേങ്ങികരഞ്ഞു . മുപ്പത്തിയാറ് മണിക്കൂറുകൾ കഴിഞ്ഞാൽ അങ്ങോട്ടുള്ള ഒരു മാസം എന്തൊക്കെ ചെയ്യണം, എവിടൊക്കെ പോണം..ഓരോ ചോദ്യങ്ങൾക്കുള്ള മറുപടികൾ, ഒഴികഴിവുകൾ എല്ലാം മനസ്സിൽകണ്ടു.

“someone here needs a lullaby I guess” അതാണ് നിങ്ങൾ ആദ്യം എന്നോട് പറഞ്ഞത് . തിരിഞ്ഞു നോക്കിയപ്പോൾ പാതിമയക്കത്തിൽ എന്നെത്തന്നെ തുറിച്ച് നോക്കി..(ഇയാൾ ഇത്രനേരം ഉറക്കമാരുന്നോ അതോ.. )

“Coffee ?”അടുത്ത ചോദ്യം .

വേണ്ടാന്നു പറഞ്ഞു .

മലയാളിയാ പേടിക്കണ്ടാന്ന് !

അതെനിക്ക് തീരെ പിടിച്ചില്ല.

“നിങ്ങൾ ആരായാലും ഞാനെന്തിനാ പേടിക്കുന്നേ ?”

“I thought you are alone and flying for the first time.. “

“എങ്ങിനെ തോന്നി ..?”

എന്നെതന്നെ നോക്കി കൈമലർത്തി , “I just thought so.. apologies”

പിന്നിയിട്ട മുടിയും പൊട്ടും തേയ്ക്കാത്ത ചുരിദാറും എന്നെ തിരിഞ്ഞുനോക്കി ചിരിച്ചു. ഹും.. നോട്ടവും ചോദ്യങ്ങളും ആദ്യത്തേതല്ലാത്തതുകൊണ്ട് ഒന്നും തോന്നിയില്ല.

“So you live in LA ?”

“No I am visiting my sister.”

“ഫ്രാങ്ക്ഫർട്ട് ലേഓവർ ടൈം എന്ത് ചെയ്യും ?”

അറിഞ്ഞിട്ട് ഇയാൾക്കെന്തിനാ ( പക്ഷേ ചോദിച്ചില്ല )

“ഓവർനൈറ്റ് അല്ലേ . ഉറങ്ങും .”

“ഓഹ് ! അപ്പൊ ഉറങ്ങാനാ ഇപ്പൊ ഉറങ്ങാതെയിരിക്കുന്നേ?”

“എന്താ “

“Just kidding !”

“Let me sleep .” പറ്റാവുന്നത്ര ഭവ്യതയിൽ പറഞ്ഞു ഞാൻ റീഡിങ് ലൈറ്റ് കെടുത്തി കണ്ണടച്ചു .

നിങ്ങൾ അപ്പോഴും എന്നെത്തന്നെ നോക്കിയിരുപ്പുണ്ടായിരുന്നു അല്ലേ..

അതെ.

ഉറക്കം നടിച്ച് ഞാൻ എപ്പോഴോ മയങ്ങി . പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ നിങ്ങൾ അടുത്തില്ല . ഒരു സംസാരം ഒഴിവായല്ലോ എന്നോർത്ത് ആശ്വസിച്ചു . കഴുത്ത് ചെറുതായി പിടിച്ചിട്ടുണ്ട് , ഹാൻഡ് ബാഗിൽ ചെറിയ ബോട്ടിൽ തൈലം കരുതിയിരുന്നു. അതും പിന്നെ ബാത്റൂം കിറ്റുമെടുത്ത് ഞാൻ വാഷ്‌റൂം ഭാഗത്തേക്ക് നടന്നു . അധികമാരും എഴുന്നേറ്റിട്ടില്ല . പ്രതീക്ഷിച്ചപോലെ സുഹൃത്തിനൊപ്പം കോഫി കൈയിൽ പിടിച്ചു ഒരു കോണിൽ നിങ്ങൾ നിൽപ്പുണ്ട് . മുഖത്തേക്കുനോക്കാതെ ഞാൻ ഉള്ളിൽ കയറി . നിന്നുതിരിയാനെ സ്ഥലമുള്ളൂ . പ്രാഥമികാവശ്യങ്ങൾ നടത്തി, കഴുത്തിൽ തൈലം തേച്ച് തിരുമ്മിയിട്ട് കുറച്ചു നേരം കണ്ണടച്ച് നിന്നു . കുളിക്കുന്നതിനു പകരം ബോഡിവൈപ്പുകൊണ്ട് ദേഹം മുഴുവൻ ഒരു പരിവർത്തി തുടച്ചു. തൈലത്തിന്റെയും കൂടെ നാരകത്തിന്റെ തുളച്ചുകയറുന്ന മണം കൂടിയായപ്പോൾ ഇനി അതിന്റെ മുകളിൽ പെർഫ്യൂം അടിച്ചു കുളമാക്കണ്ടാന്ന് തോന്നി . വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇതുപോലൊരു യാത്രയിൽ കൈയ്യിൽ കരുതിയതിന്റെ നാലിലൊന്നു സാമഗ്രികൾ ഇപ്പോഴില്ല . പ്രായം കൂടുമ്പോൾ ക്രീമുകളും സൗന്ദര്യവർധക വസ്തുക്കളും കുറയും മരുന്നുകളും ഓയിന്മെന്റുകളും കൂടും . എല്ലാകൂട്ടവും തിരികെ ബാഗിനുള്ളിലാക്കി ദീർഘശ്വാസത്തിൽ വാതിൽ തുറന്നു. പുറത്താരുമില്ല .കർട്ടൻ നീക്കിയതും ദൂരെ എന്റെ സീറ്റിനോട് ചേർന്ന് ഇരിക്കുന്ന ആളിനെയാണ് തിരഞ്ഞത് . നടുവിലെ നാലു സീറ്റുകളിലായി ഉറങ്ങികിടന്നിരുന്ന പഞ്ചാബികുടുംബത്തിലെ കുഞ്ഞുണർന്ന് കരയുന്നുണ്ട് . അതിനെ കൈയിൽ വാങ്ങി നിങ്ങൾ എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നിൽക്കുന്നു .

ഇത്തവണയും രക്ഷപെട്ടു . എഴുന്നേൽക്കുമോ അകത്തോട്ട് കയറിയിരുന്നോട്ടെ .. എക്സ്ക്യൂസ്മീ .. ഇതൊന്നും പറയണ്ട . നേരെചെന്ന് സീറ്റിലിരുന്നു . വൈകുന്നേരം വരെ ഇനിയങ്ങോട്ട് ഒരേയിരുപ്പുതന്നെ . പഞ്ചാബിക്കുഞ്ഞു കരച്ചിൽ നിർത്തിയിരുന്നു . അതിനെയുമെടുത്ത് നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . അപ്പുറത്തിരിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ലേയെന്നറിയാൻ ഞാൻ മുന്നോട്ടാഞ്ഞു നോക്കി . അതുകണ്ടിട്ടാവണം ..

“ഞാനും ഇതിന്റെ അപ്പൂപ്പനും കൂടിയാ രാത്രി മൂന്നു തവണ ഡയപ്പർ മാറ്റിയെ . കുഞ്ഞിന്റെ അമ്മയ്ക്ക് വയ്യ.”ഞാൻ ഒന്നും മിണ്ടാതെ നേരെയിരുന്നു .

കുഞ്ഞിനെ നെഞ്ചിൽ കിടത്തി നിങ്ങൾ കണ്ണടച്ചു . വെളുവെളുത്ത കവിളുകൾക്കു മുകളിൽ രണ്ടു കുഞ്ഞികണ്ണുകൾ എന്നെ നോക്കിക്കിടന്നു. ബ്രെക്ഫാസ്റ് വന്നപ്പോഴാണ് നിങ്ങൾ ഉണർന്നത് . കുഞ്ഞിനെ കൈമാറിയിട്ട് മുഖം കഴുകി വന്നു. ഞാൻ വായനയിൽ മുഴുകി . ഇടയ്ക്കിടെ നിങ്ങൾ സീറ്റിൽ നിന്നും എഴുന്നേറ്റ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. നോട്ടങ്ങൾ കൂട്ടിമുട്ടാതെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു . അനാവശ്യ ചോദ്യങ്ങൾ എന്തിനാന്നു കരുതി.

ഫ്രാങ്ക്ഫർട്ട് – വിമാനം വൈകുന്നേരം ആറു മണി നാൽപ്പതു മിനിറ്റിനു ലാൻഡ് ചെയ്തു . ഇനി നാളെ രാവിലെ പത്തരയ്ക്കാണ് അടുത്ത ഫ്ലൈറ്റ് . അതുവരെ എയർപോർട്ട് അല്ലെങ്കിൽ എയർലൈൻ അറേഞ്ച് ചെയ്ത ഹോട്ടൽ . രാത്രിയായതുകൊണ്ട് പുറത്ത് കറങ്ങാൻ പോവുന്നില്ല. അല്ലെങ്കിൽത്തന്നെ എന്റെ കൈയിൽ അവിടുത്തേക്കുള്ള വിസയില്ല. ജർമൻ മ്യുസിയവും നദിക്കരയും തെരുവുകളും ബാറുകളുമെല്ലാം പതുക്കെയുറങ്ങിത്തുടങ്ങും . കുറച്ചു ഷോപ്പിംഗ് ചെയ്യാം എന്നിട്ട് പോയിക്കിടന്നുറങ്ങാം . സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുന്നേ തീരുമാനിച്ചു.

ധൃതിയിൽ എല്ലാമെടുത്തു എങ്ങനെയെങ്കിലും നിങ്ങളിൽ നിന്ന് പത്തടി മാറി നടന്നാൽ മതിയെന്നേ ഉണ്ടാരുന്നുള്ളൂ . തിരിഞ്ഞുനോക്കാതെ വേഗത്തിൽ മുന്നോട്ട് നീങ്ങി . തിക്കിത്തിരക്കി പുറത്തിറങ്ങി. ഗേറ്റുകൾ കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ എയർപോർട്ടിന്റെ ബൃഹത്തായ ആകാരം മുന്നിൽ . കണ്ണാടിഭിത്തികൾ ചുറ്റിനും . തിരക്കിട്ട ചലനങ്ങൾ എങ്ങും . വിമാനത്തിൽ കണ്ട ആരുംതന്നെ ഇപ്പോൾ ചുറ്റിനുമില്ല. അടയാളങ്ങൾ നോക്കി ഷോപ്പിംഗ് സെന്റർ ലാക്കാക്കി നടന്നു. അതുമിതും വാങ്ങിക്കൂട്ടി. ഇടയ്ക്ക് കഴിക്കാൻ ഒരു കഫെയിൽ കയറിയിരുന്നു . പുസ്തകമെടുക്കാൻ ഹാൻഡ്ബാഗിന്റെ പുറത്തെ കള്ളിയിൽ കൈയിട്ടു . അവിടെയില്ല . രണ്ടുബാഗും നോക്കി .. ബോർഡിങ് പാസും അതിനുള്ളിൽത്തന്നെയാണ് . ഒരുനിമിഷം എന്തോ പോലെ. ഇനിയിപ്പോ എയർലൈൻസ് ഓഫീസിൽ പോകണമോ അതോ ഗേറ്റ് ഒഫീഷ്യൽസ് രണ്ടാമത് പാസ് റീ ഇഷ്യൂ ചെയ്യുമോ ! പുസ്തകം പോയത് പോട്ടെ . ഓർഡർ ചെയ്തത് ഒരുവിധത്തിൽ കഴിച്ച് തീർത്ത് അവിടുന്നിറങ്ങി നടന്നു . മുകളിലും വശങ്ങളിലും നിരവധി നിർദേശങ്ങൾ . ചിലതിൽ ഇംഗ്ലീഷ് ഇല്ല . രാത്രിമുഴുവൻ സമയമുണ്ടെങ്കിലും മനസ്സ് വെറുതെ പരിഭ്രമിച്ചു .

“ഹലോ മാഡം”ഇതിനിടയിൽ ഇതിന്റെ കുറവേ ഉണ്ടാരുന്നുള്ളൂ . നിങ്ങളെ കണ്ടതും ഉള്ള സമാധാനം കൂടെ പോയി.

“ഞാനൊന്നു പുറത്തു പോകുവാ. പക്ഷെ സെക്യൂരിറ്റി ചെക് ചെയ്യണം. തിരിച്ചുവരുമ്പോൾ പിന്നേം അതേ ഫോർമാലിറ്റി.. വേറെ കുറെ ആളുകളും ഉണ്ട് . വരുന്നോ ?”

“ഇല്ല!”

“ഹോട്ടൽ?”

ഞാൻ തലയാട്ടി.

“ഓക്കേ എന്നാൽ see you tomorrow . ആഹ് ഞാൻ മറന്നു എന്തിനാ തേടിപ്പിടിച്ചു വന്നെന്ന്.” ബാക്പാക്കിന്റെ ഒരു കള്ളി തുറന്ന് എന്റെ പുസ്തകമെടുത്തുനീട്ടി.

“ഇയാൾ സീറ്റിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ടപ്പോൾ തോന്നി ഇവിടെയടുത്തുള്ള ഓപ്പറ ഹൌസിൽ അവസാനത്തെ ഷോയ്ക്ക് ലേറ്റ് ആവുംന്ന് . വിളിച്ചിട്ടു നിൽക്കണ്ടേ ! ഈ ബുക്ക് സീറ്റിനു കീഴെ കിടന്നതാ. ദാ ..”

നിങ്ങളെ കൃത്യമായി മുഖത്തോട് മുഖം അപ്പോഴാണ് കണ്ടത് . ആ ചിരിയിൽ പരിഹാസവും കളിയാക്കലും തമാശയുമൊക്കെയുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയും ഈ പകലുമൊക്കെ ഞാൻ അടുക്കിയെടുത്ത നിങ്ങളോടുള്ള അനാവശ്യമായ ഇഷ്ടക്കേടും അലോരസങ്ങളും, പൊതുവെ ആളുകളോട് എനിക്കുള്ള മുൻധാരണകളുമെല്ലാം ഒന്നുകൂടി ഉടഞ്ഞുവീണു. എത്ര അനുഭവിച്ചാലും പഠിക്കില്ല ഞാൻ .

“sorry ഞാൻ ശ്രദ്ധിച്ചില്ല ..”

“its okay. So you have a great night ahead. Sleep well”

“എത്ര മണിക്കാണ് എല്ലാരും രാവിലെ എത്തുക..”

“Around 9 I guess. ലഗ്ഗേജ് വീണ്ടും ചെക്ക് ചെയ്യണം എങ്കിൽ നേരത്തെ അറിയിക്കണം എന്ന് തോന്നുന്നു . ഇതേ ടെർമിനൽ ആണ്. ഗേറ്റ് നമ്പർ 22”

“Okay .. thanks” എനിക്കിനി ഇൻഫർമേഷനു വേണ്ടി എവിടേം പോവണ്ടല്ലോന്ന് മനസ്സിൽ പറഞ്ഞു.

ഞാൻ എയർപോർട്ടാകെ നടന്ന് കണ്ടു . ഓരോ ഷോപ്പിലും കയറിയിറങ്ങി സമയം കളഞ്ഞു .കാലുകഴയ്ക്കുമ്പോൾ എവിടെങ്കിലും ഇരുന്ന് കാപ്പികുടിക്കും , ചുറ്റിനുമുള്ള നൂറുകണക്കിനാളുകളെ നോക്കും. പലരാജ്യങ്ങളിൽ നിന്നുള്ളവർ . ഇതിനിടയിൽ ശ്രദ്ധയോടെ ബോർഡിങ് പാസ്സെടുത്ത്‍ പാസ്പോർട് ഹോൾഡറിൽ വെച്ചു . വെളുപ്പിനെ മൂന്നുമണിയായപ്പോഴേക്കും ക്ഷീണിച്ചു . ഇനിയിപ്പോൾ ഹോട്ടലിലേക്കില്ല . യാത്രതിരിക്കേണ്ട ഗേറ്റ് പരിസരത്തു പോയിരിക്കാമെന്നു കരുതി . അവിടെയും നിറയെ ആളുകൾ . ചിലർ സിനിമ കാണുന്നു . ചിലർ ഇരുന്നുറങ്ങുന്നു . രണ്ടുബാഗുകളും ചേർത്തുവച്ച് ഞാൻ ഒരിടത്തിരുന്നു. മുന്നിൽ ദൂരെയായി റൺവേ കാണാം . പത്തുമുപ്പത് വിമാനങ്ങൾ വരിവരിയായി കിടക്കുന്നു. നാസിസാമ്രാജ്യത്തിന്റെ പ്രൗഡിയും, വായിച്ചതും പഠിച്ചതുമായ ചരിത്രവും, ഒരിക്കൽ തകർന്നടിഞ്ഞ മണ്ണും പ്രകൃതിയും, ഇപ്പോഴുള്ള പടുകൂറ്റൻ കെട്ടിടങ്ങളും.. എല്ലാമാലോചിച്ചു ഞാൻ കണ്ണടച്ചു..

കണ്ണുതുറന്നപ്പോൾ ഇരുട്ടും വെളിച്ചവും ഒരുമിച്ചു കയറി. ഉദയസൂര്യൻ ഒളിച്ചുകളിക്കുന്നു . കണ്ണടച്ച് പിന്നെ തുറന്നപ്പോൾ ആരോ ഒരാൾ കണ്ണാടിഭിത്തിയിൽ നിന്നും നടന്ന് അടുത്ത് വന്നിരുന്നു . ഞാൻ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചാരിക്കിടന്നിരുന്ന രണ്ടുബാഗുകളും താഴെവീണു . നിങ്ങൾ അതുരണ്ടുമെടുത്ത് മുകളിൽ വച്ചു.

“good morning”

ഞാൻ ചിരിച്ചു.

“രാത്രി റൂമിൽ പോയില്ലേ?”

“ഇല്ല . ഇതിനുള്ളിൽ നടന്ന് സമയം കളഞ്ഞു”

നിങ്ങൾ എവിടൊക്കെ പോയി.. എന്തൊക്കെ കണ്ടു .. ഓപെറ ഹൌസിൽ പോയോ .. അറിയണം എന്നുണ്ടായിരുന്നു എങ്കിലും ഞാനതൊന്നും ചോദിച്ചില്ല . പകരം.. ഫ്രഷ് ആയിവരാം എന്നു പറഞ്ഞു.

വാഷ്റൂമിൽ ഇത്തവണ സമയമെടുത്തു. ശരീരവും സമയവും തമ്മിൽ തെറ്റി . വസ്ത്രം മാറി ദേഹം വൃത്തിയാക്കി , മുഖം വെടിപ്പാക്കി . ഉറക്കക്ഷീണമെല്ലാം മാറ്റി തിരികെവന്നു. പഞ്ചാബി കുടുംബമടക്കം ഇന്നലെ വിമാനത്തിലുണ്ടായിരുന്ന പലരും ഗേറ്റുപരിസരത്ത് എത്തിത്തുടങ്ങി. നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു .

“Hey you look different. ആളാകെ മാറിയല്ലോ”

“You also ” ഞാനും പറഞ്ഞു.

“അതുപിന്നെ ക്രൂവിലുണ്ടായിരുന്ന എന്റെ ഫ്രെണ്ടില്ലേ. അവളു പറഞ്ഞു ഞാൻ വൃത്തിക്കല്ല നടക്കുന്നതെന്ന് . രാത്രി പുറത്തിറങ്ങി കറക്കത്തിനിടെ മുടി വെട്ടി ..ഷേവ് ചെയ്തു “

“എന്താല്ലേ ! മുടിവെട്ടാൻ വേണ്ടി വിസ..സെക്യൂരിറ്റി ചെക്കിങ് ..ലോങ്ങ് ക്യൂ ..” എനിക്ക് ചിരി വന്നു .

നിങ്ങൾ ചിരിച്ചുകൊണ്ട് ചോദിച്ചു “വിശക്കുന്നുണ്ടോ”

എനിക്ക് വിശപ്പുണ്ടായിരുന്നില്ല . എന്നിട്ടും കഴിക്കാമെന്നു പറഞ്ഞു. ഭക്ഷണത്തിനിടെ എപ്പോഴോ ഞാൻ സംസാരിച്ചു തുടങ്ങി.

“ഞാൻ പലപ്പോഴും മോശമായി പെരുമാറിയതുപോലെ തോന്നുന്നു . അധികമാരോടും അങ്ങനെ പെട്ടെന്ന് സംസാരിക്കാറില്ല .. പ്രത്യേകിച്ച് തനിയെ യാത്ര ചെയ്യുമ്പോൾ . ഒന്നും തോന്നരുത് “

“ഏയ് അതിനെന്താ .. പലരും പല രീതിയല്ലേ . എനിക്ക് മനസിലാവും”

“നിങ്ങൾ എന്തു ചെയ്യുന്നു ?”

“I live in LA. അവിടെ ഒരു ആനിമേഷൻ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു.”

“മുംബൈയിലാണോ ഫാമിലി?”

“അതേ .. അച്ഛനും അനിയനും . ഞാൻ വന്നും പോയുമിരിക്കും ” നിങ്ങൾ മറുപടികളെല്ലാം കണ്ണിൽ നോക്കി പറഞ്ഞുകൊണ്ടേയിരുന്നു.

അടുത്ത ഒരു മണിക്കൂറിൽ അങ്ങോട്ടുമിങ്ങോട്ടും ചെറിയ ചോദ്യങ്ങളും വലിയ ഉത്തരങ്ങളും ശ്രദ്ധയോടെ കേട്ടും പറഞ്ഞുമിരുന്നു . അടുത്ത യാത്രയിൽ സീറ്റുകൾ അടുത്തായിരുന്നില്ല . പക്ഷെ ഇടയ്ക്കിടെ നിങ്ങൾ എന്റെയടുത്ത് വന്നിരുന്നു . സംസാരം തുടർന്നു . എയർപോർട്ടിൽ പുറത്തിറങ്ങുന്നത് വരെ നിങ്ങൾ കൂടെ നടന്നു . ലഗ്ഗേജ് എടുക്കാൻ സഹായിച്ചു.

സന്ധ്യയും വേണുവേട്ടനും അനന്തുവും റിസീവ് ചെയ്യാൻ വന്നിരുന്നു . അഞ്ചുവർഷങ്ങൾക്ക് മുന്നേ അനന്തുവിന്റെ രണ്ടാം പിറന്നാളിന് കണ്ടതാണ് . പൊക്കം വച്ചിരിക്കുന്നു കുട്ടിക്ക് . ഇടയ്ക്കിടെ വീഡിയോ കോളും വർത്തമാനവുമുള്ളതുകൊണ്ട് അവൻ ചിരിച്ചടുത്ത് വന്നു.

യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ നിങ്ങൾ നിറഞ്ഞു ചിരിച്ചിരുന്നു . കോൺടാക്ട് ചെയ്യാൻ രണ്ടുപേരും നമ്പറോ അഡ്രസോ തിരക്കിയില്ല . ഒരു ബാക്പാക്കും ചെറിയ ഒരു ട്രോളിയുമായി നിങ്ങൾ നടന്നു പോകുന്നത് കാറിന്റെ പിന്സീറ്റിലിരുന്ന് ഞാൻ കണ്ടു.

സന്ധ്യയുടെ പുതിയ വീട്ടിലേക്കാണ് ചെന്നത് . അവളയച്ചുതന്ന ചിത്രങ്ങളേക്കാൾ ഭംഗി നേരിട്ടുണ്ട്. വലിയ പൂന്തോട്ടവും സ്വിമ്മിങ് പൂളുമൊക്കെയായി നിറയെ പച്ചപ്പിൽ ഉയർന്നുനിൽക്കുന്ന ഇരുനിലവീട് . അനന്തു കൂടെ വന്ന് മുകളിലെ എനിക്കായുള്ള മുറി കാട്ടിത്തന്നു . തൂവെള്ള പൂശിയ ചുമരുകളിൽ രവിവർമ്മ ചിത്രങ്ങൾ . സന്ധ്യയിലെ വിദേശമലയാളിയുടെ കാട്ടിക്കൂട്ടലുകൾ നിറയെയുണ്ട് ചുറ്റിനും.

കുളിച്ചുവന്ന് പെട്ടിയിലെ തുണികളും മറ്റുമെടുത്ത് അലമാരയിൽ വയ്ക്കാൻ തുടങ്ങി . അനന്തു ചായയുമായി വന്നു, കൂടെ സന്ധ്യയും . കഴിക്കാനുള്ള എന്തൊക്കെയോ ട്രേയിലുണ്ട്.

“അയ്യോടാ .. ചിറ്റ താഴോട്ട് വരുമാരുന്നല്ലോ പൊന്നേ”

“അവനിങ്ങനെ ഇതാദ്യമാ . ഒരു മാസം ഞാൻ രക്ഷപെട്ടു . നിന്റെ കൂടെ കൂടിക്കോളും”

“സന്തോഷമേയുള്ളൂ ” അവന്റെ കുറ്റിമുടിയിൽ തലോടി ഞാനിരുന്നു.

അവർക്കുവേണ്ടി കൊണ്ടുവന്നതെല്ലാം പ്രത്യേകം എടുത്തു കൈമാറി. മോനുള്ള ഉടുപ്പുകൾ, അവൾക്കുള്ള സാരികൾ, വേണുവേട്ടനുള്ള പലഹാരങ്ങളും ഉപ്പേരികളും മറ്റും.

മേശമേലിരിക്കുന്ന പുസ്തകമെടുത്ത് മറിച്ചുനോക്കി സന്ധ്യ പറഞ്ഞു “യാത്രയിൽ വായിക്കാൻ ഇതൊക്കെയേയുള്ളൂ ഇപ്പോഴും?”

ഞാൻ ചിരിച്ചു.

“വരയും തുടങ്ങിയോ.. നല്ല അസ്സൽ സെല്ഫ് പോർട്രൈറ് !” വിടർന്ന കണ്ണുകളോടെ സന്ധ്യ ചോദിച്ചു.

“ഇല്ല. എന്തേ” എനിക്കൊന്നും മനസിലായില്ല.

ദാ നോക്കെന്നും പറഞ്ഞ് അവളാ പുസ്തകം എന്റെ മടിയിലേക്കിട്ടുതന്നു.

അവസാനത്തെ താളിൽ-

*** ഉടഞ്ഞ വസ്ത്രത്തിൽ,അഴിഞ്ഞ മുടിയിൽ, വിമാനത്തിലെ ജനാലയോടുചേർന്നുറങ്ങുന്ന എന്നെ റീഡിങ്ങ് ലൈറ്റിന്റെ ഇത്തിരിവെട്ടത്തിൽ പെൻസിലുകൊണ്ട് കോറിവരച്ചയാളെ ഓർത്തുപോയി. ***

ആനന്ദ് ..

പറയൂ..

ഇനി കാണുമ്പോൾ ആദ്യത്തെ ചോദ്യം എന്റേത്.

ശരി.

നിങ്ങളുടെ ചിരിക്ക് എന്റെ ഒരായിരം നിദ്രകളേക്കാൾ ഭംഗിയുണ്ട്.

ആനന്ദ് പിന്നെയും ചിരിച്ചു.

Author:

Actor:Author:Blogger:TelevisionHost:Woman. ❤

16 thoughts on “ആനന്ദ്

  1. നല്ല പ്രണയകഥ. ഒരു ലോല ടച്ച്… അഭിനന്ദനം..

Leave a reply to Kavitha Nair Cancel reply