കുറിപ്പുകൾ – പത്ത്

  ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞതുപോലെ എന്റെ എറ്റവും നല്ല കഥയിൽ നീയുണ്ടാവും , കൂടുതൽ ചതിയും കുറച്ചുമാത്രം സ്നേഹവുമായി . അവിടെ ഇത്രനാളും നീയെന്നോട് പറഞ്ഞ നുണക്കഥകൾ ഒരോന്നായി മരച്ചില്ലകളിൽ തൂങ്ങിക്കിടപ്പുണ്ടാകും . ആദ്യമൊക്കെ ഞാൻ വിശ്വസിക്കാതെ മറന്നവ.. പിന്നീട് കള്ളച്ചിരികളുടെ കോടമഞ്ഞിൽ നിന്നും പുറത്തിറങ്ങി ഞാൻ തന്നെ തിരിച്ചറിഞ്ഞവ .. പ്രായം കൂടുമ്പോഴാണ് ചിലർക്കു വ്യക്തമായി കാഴ്ച്ചകിട്ടുന്നത് . ഇന്നു പഴയ അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ പ്രണയത്തിന്റെ പീളക്കെട്ടില്ല . ഒരോ തവണയും ഓടിയടുത്തപ്പോൾ കൂടെക്കൊണ്ടുവന്ന വിശ്വാസത്തിന്റെ ഭാരവുമില്ല . ഇന്നു ഞാൻ മധ്യവയസ്കയാണു . ഉണർന്നിരുന്ന രാത്രികളെ ശപിക്കാതെ , അവയിലെനിക്കു പകുത്തുകിട്ടിയ നൂറായിരം നിശ്വാസങ്ങളെ ഓർത്തുചിരിയ്ക്കുന്ന , വികലയും വിചിത്രയുമായ മധ്യവയസ്ക !

കുറിപ്പുകള്‍-രണ്ട്

ലാഭവും നഷ്ടവും കുറിച്ചുവച്ച് , മനക്കോട്ടകള്‍ പണിതുയര്‍ത്തി എന്തിന്‍റെയോക്കെയോ പിറകേയോടുന്നു. ഉറക്കമില്ലാത്ത രാത്രികള്‍, ഉറങ്ങിവീഴുന്ന പകലുകള്‍.. ഇതിനിടയില്‍ , പലനിറങ്ങളില്‍ എന്‍റെയും നിന്‍റെയും ജീവിതങ്ങള്‍. ചിന്തിക്കടകളിലെ കറുത്ത കുപ്പിവളകള്‍.. ഇളംമഞ്ഞ  കോളജ് വരാന്തകള്‍.. ഉറക്കത്തിലേക്കുവീഴുമ്പോള്‍ കാണുന്ന  തവിട്ടു മച്ച്.. വെളുവെളുത്ത ബ്രാന്‍ഡഡ് ഷോറൂമുകള്‍.. അച്ചാമ്മയുടെ വീടിനുപിന്നിലെ ഇളംപച്ചനിറത്തിലുള്ള വട്ടക്കുളം..  അനന്തനീലാകാശം.. ഇതെല്ലാം കണ്‍നിറയെക്കണ്ട് ഓടിയോടി ആ ദിവസമെത്തുമ്പോള്‍ ഒന്നിനും നിറമില്ലല്ലോ !! അന്നു പെയ്യുന്ന മഴയ്ക്കും.. കണ്ണുനീരിനും.. ദീര്‍ഘനിശ്വാസത്തിനും.

കുറിപ്പുകള്‍ – ഒന്ന്

ഒരു തണുത്ത കാറ്റില്‍ ഒരിതള്‍ സ്നേഹമങ്ങനെ പറന്നു നടന്നു.  മരച്ചില്ലകളില്‍ തട്ടിത്തടഞ്ഞ്.. പിന്നെ കുറച്ചുനേരം ഓടിട്ട ഒരു കെട്ടിടത്തിന്‍റെ മുകളില്‍..  അവള്‍ കാര്‍ പാര്‍ക്ക് ചെയ്തിറങ്ങിയതും   ഇളകിയാടി അതുമെല്ലെ അവള്‍ക്കു മുന്നിലിറങ്ങി വീണു. ടുലിപ്സ്.  അവളുടെ പ്രിയപ്പെട്ട പുഷ്പം. അതെടുത്ത് ഹാന്‍ഡ്‌ബാഗിലിട്ടു.  സ്നേഹമിപ്പോള്‍ ഇരുട്ടിലാണ്. അവള്‍ക്കിത്തിരി ചിരി വരാതെയിരുന്നില്ല.  ആകെ കിട്ടിയ ഒരു ദിവസം നാലഞ്ചു മണിക്കൂര്‍ കാറോടിച്ച് വന്നത് അയാളെ കാണുവാനാണ്.  മുടിയൊതുക്കി വിറയാര്‍ന്ന കൈകൊണ്ട് ബെല്ലമര്‍ത്തി. ബാല്‍ക്കണിയിലെ കൈവരിയില്‍ ചേര്‍ന്നു നിന്ന് സംസാരിക്കവേ, മേശമേല്‍ കിടന്നിരുന്ന ഒരേയൊരു പൂവ് അയാളവള്‍ക്ക് നല്‍കി. പ്രണയം പൂര്‍ണ്ണമല്ല. ബാഗിനുള്ളില്‍ കിടന്നിരുന്ന ഒരിതള്‍ സ്നേഹം കൂടി ചേര്‍ത്തുവച്ചപ്പോള്‍ അവള്‍ നിറഞ്ഞുചിരിച്ചു.