Posted in Notes, Uncategorized

കുറിപ്പുകൾ – ഏഴ്

ചില മരണങ്ങൾ സ്വപ്‌നങ്ങൾ തകരുമ്പോഴാണ്..  ജീവനറ്റ സ്വപ്‌നങ്ങൾ നമ്മുടെ ശരീരത്തിൽ നിന്നും പൊന്തിപ്പറക്കും.  അങ്ങനെ നോക്കിയാൽ നീലാകാശം നിറയെ ഗതാഗതതടസ്സമാണ്. കുരുക്കിൽ കൂട്ടിമുട്ടി ഒന്ന് രണ്ടെണ്ണം കുറച്ചു മുന്നേ എന്റെ തലയ്ക്കു മുകളിൽ വീണു. ചോദിച്ചപ്പോൾ ഒന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.. മറ്റേതു അതിനെക്കാൾ വലിയ ശബ്ദത്തിൽ ചിരിച്ചു. രണ്ടു വര്ഷം മുന്നേ പടച്ചു-കൊന്നു  വിട്ടതാണ്.

ഇന്നാണ് അഭിമാനം തോന്നിയത്. ആകാശത്ത് ഒരു കൊട്ടാരം കെട്ടാനുളള ത്രാണിയുണ്ടേയ് ! ഞാൻ ഇവിടെ ദുഃഖപുത്രിയാണേലും മാനത്ത് സ്വപ്നങ്ങളുടെ രാജകുമാരിയാണ്‌ 🙂 

Posted in Notes, Uncategorized

കുറിപ്പുകള്‍-ആറ്

damsel5

പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ  ഒന്നാണ് എന്‍റെത്.

ആര്‍ക്കും പിടികൊടുക്കാതെ എനിക്ക്തന്നെ ഒരു മിഥ്യയായി അതിങ്ങനെ ജീവിച്ചുമരിക്കും. എനിക്കുമുന്നേ അതു മരിക്കുന്നുവെങ്കില്‍ അതിനു ഞാനൊരു മനോഹരമായ റീത്ത് സമര്‍പ്പിക്കും. പൂക്കളില്ലാത്ത , ഇലകളില്ലാത്ത ഒരു പ്രത്യേകതരം റീത്ത്. അതിലേയ്ക്ക് വേണ്ടതൊക്കെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കും.

എന്‍റെ പ്രണയത്തിന്‍റെ ആദ്യത്തെ കുപ്പായം, വിടര്‍ന്ന കണ്ണുകളോടെ ഞാനതില്‍ പാകിയ മുല്ലപ്പൂ ഗന്ധം, അതിരാവിലെ കിടക്കയില്‍ നിന്നും പെറുക്കിയെടുത്തിരുന്ന എന്‍റെ കൊഴിഞ്ഞ മുടിയിഴകള്‍, എന്‍റെ പ്രണയത്തിന്‍റെ മുന്‍ശുണ്ഠിയില്‍ ചിതറിവീണ കുപ്പിച്ചില്ലുകള്‍, എന്‍റെ ശരീരത്തിലെ കരിഞ്ഞ പാടുകള്‍ മാറ്റുവാന്‍ ഉപയോഗിച്ചുപോന്ന ലേപനത്തിന്‍റെ ഒന്‍പതു കാലിട്യൂബുകള്‍, എന്‍റെ പ്രണയത്തിന്‍റെ അവസാന നാളുകളിലെ നുരയും പതയും പട്ടിണിയും തൂത്തെടുത്ത തൂവാലകള്‍.. അങ്ങനെ ഈ ലോകത്തില്‍ ആരാലും സമര്‍പ്പിക്കപ്പെട്ട ഏറ്റവും മനോഹരമായ റീത്തുമായി ഞാന്‍ നില്‍ക്കും.

പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്.

Posted in Notes, Uncategorized

കുറിപ്പുകള്‍-അഞ്ച്

parched-gulch-ab0ccc74e803a404967a861160a9d9f15497c50f-s900-c85

കരിഞ്ഞു കിടക്കുന്ന തേക്കിന്‍റെ ഇലകള്‍ക്ക് മുകളില്‍ ചവിട്ടിയപ്പോള്‍ ആ പ്രദേശമാകെ ഞെട്ടിയുണര്‍ന്നപോലെയായി. ഇടയ്ക്ക് വീശിയടിക്കുന്ന ചൂടുകാട്ടില്‍ പഞ്ഞിക്കായകള്‍ തോടില്‍ നിന്നും വിണ്ടുകീറി പുറത്തേക്ക് വന്നു.  ഒരു വേനല്‍മഴയ്ക്കിടെ ജനിച്ചു വീണതുകൊണ്ടോ ഓരോ വേനലിലും ആരെയെങ്കിലുമൊക്കെ വിട്ടുപിരിയുന്നതുകൊണ്ടോ അതുമല്ലെങ്കില്‍ വിണ്ടുകീറിയ മനസ്സുമായി ,വരണ്ട തൊലിപ്പുറത്തെ കറുത്ത പൊണ്ണന്‍ മറുകുകള്‍ക്ക് വല്ലാത്ത സ്നേഹമുള്ളതുകൊണ്ടോ..  വേനല്‍ അയാള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്.

വേനല്‍..

അമ്മ വയറ്റിലെ

ചാണകം മെഴുകിയ ചായ്പ്പിലെ

സ്കൂള്‍ തിണ്ണയിലെ

ആല്‍ത്തറയിലെ- തണുപ്പ് ഇനിയില്ല

ഇനി വേനല്‍ മാത്രം.

Posted in Notes, Scribblings

കുറിപ്പുകള്‍-നാല്

art-paintings_martin-gut_1995_950300

ഒന്‍പതാം നിലയിലെ വീടുകളില്‍ ഒന്നില്‍ നിന്നും മനോഹരവസ്തുക്കളും അതിമനോഹര സ്വപ്നങ്ങളും താഴോട്ടു പതിച്ചുകൊണ്ടേയിരുന്നു. താഴേയ്ക്കുള്ള യാത്രയില്‍ അവയില്‍ പലതും കണ്ണുതുറന്നും അല്ലാതെയും നിലവിളിച്ചുകൊണ്ടേയിരുന്നു.

ഭാരമുള്ളവ ആദ്യം കനംകുറഞ്ഞവ പിന്നീട് .. അങ്ങനെയാണല്ലോ..

കസേരകളെയും അലുമിനിയം പാത്രങ്ങളെയും വെണ്ണക്കല്‍പ്രതിമകളെയും പിന്നിലാക്കി അഞ്ചുനിമിഷങ്ങള്‍ പ്രായമുള്ള രണ്ടുകണ്ണീര്‍തുള്ളികള്‍ താഴേയ്ക്ക് പാഞ്ഞു.

താഴെയെത്തിയിട്ടെന്തിന് !

തല്‍ക്ഷണം മാഞ്ഞു.

Posted in Notes, Uncategorized

കുറിപ്പുകള്‍-മൂന്ന്

download

അയാള്‍ ബുദ്ധനായിരുന്നു. ഓരോ തവണ കാണുമ്പോഴും കണ്ണുകളില്‍ ഒരായിരം ബുദ്ധന്മാര്‍. ഓരോ തവണയും ഞാന്‍ മുന്‍പിലിരുന്ന് ജ്വലിച്ചിലാതെയായി.

“എന്താണ് യാഥാര്‍ഥ്യം” അയാള്‍ ചോദിച്ചു.

“നിങ്ങളില്ലാത്ത അവസ്ഥ” പറയുമ്പോള്‍ ഉള്ളു പിടഞ്ഞു.

നടന്നകലുമ്പോള്‍ അയാള്‍ക്ക് നിഴലിന്‍റെ നിറമാണ്. അടുത്തുള്ളപ്പോള്‍ സൂര്യന്‍റെ ചുവപ്പ്. അത്രയേറെ  ശാന്തമായി ആരും ചിരിച്ചു കണ്ടിട്ടില്ല. അതിലേറെ സ്നേഹപൂര്‍വ്വം എന്നെയാരും നോക്കിയിട്ടുമില്ല.

ചില പ്രഭാതങ്ങളില്‍ ദൂരെയേതോ വയല്‍ വരമ്പുകളിലൂടെയും പിന്നീട് കുന്നിന്‍ചെരിവുകളിലൂടെയും ഏകനായി ബുദ്ധന്‍ നടന്നു. മഴയേറ്റ്‌, വെയിലേറ്റ്, സൂര്യനും നിഴലുമായി ഞാന്‍ പ്രണയിച്ച രൂപം.

സത്യമറിഞ്ഞ അയാളോ അതോ അയാളെയറിഞ്ഞ ഞാനോ ബുദ്ധന്‍ ! ?

Posted in Notes, Scribblings

കുറിപ്പുകള്‍-രണ്ട്

grave-770x472

ലാഭവും നഷ്ടവും കുറിച്ചുവച്ച് , മനക്കോട്ടകള്‍ പണിതുയര്‍ത്തി എന്തിന്‍റെയോക്കെയോ പിറകേയോടുന്നു. ഉറക്കമില്ലാത്ത രാത്രികള്‍, ഉറങ്ങിവീഴുന്ന പകലുകള്‍.. ഇതിനിടയില്‍ , പലനിറങ്ങളില്‍ എന്‍റെയും നിന്‍റെയും ജീവിതങ്ങള്‍. ചിന്തിക്കടകളിലെ കറുത്ത കുപ്പിവളകള്‍.. ഇളംമഞ്ഞ  കോളജ് വരാന്തകള്‍.. ഉറക്കത്തിലേക്കുവീഴുമ്പോള്‍ കാണുന്ന  തവിട്ടു മച്ച്.. വെളുവെളുത്ത ബ്രാന്‍ഡഡ് ഷോറൂമുകള്‍.. അച്ചാമ്മയുടെ വീടിനുപിന്നിലെ ഇളംപച്ചനിറത്തിലുള്ള വട്ടക്കുളം..  അനന്തനീലാകാശം..

ഇതെല്ലാം കണ്‍നിറയെക്കണ്ട് ഓടിയോടി ആ ദിവസമെത്തുമ്പോള്‍ ഒന്നിനും നിറമില്ലല്ലോ !!

അന്നു പെയ്യുന്ന മഴയ്ക്കും.. കണ്ണുനീരിനും.. ദീര്‍ഘനിശ്വാസത്തിനും.

Posted in Notes, Scribblings

കുറിപ്പുകള്‍ – ഒന്ന്

img_7292

ഒരു തണുത്ത കാറ്റില്‍ ഒരിതള്‍ സ്നേഹമങ്ങനെ പറന്നു നടന്നു.  മരച്ചില്ലകളില്‍ തട്ടിത്തടഞ്ഞ്.. പിന്നെ കുറച്ചുനേരം ഓടിട്ട ഒരു കെട്ടിടത്തിന്‍റെ മുകളില്‍..  അവള്‍ കാര്‍ പാര്‍ക്ക് ചെയ്തിറങ്ങിയതും   ഇളകിയാടി അതുമെല്ലെ അവള്‍ക്കു മുന്നിലിറങ്ങി വീണു.

ടുലിപ്സ്.  അവളുടെ പ്രിയപ്പെട്ട പുഷ്പം.

അതെടുത്ത് ഹാന്‍ഡ്‌ബാഗിലിട്ടു.  സ്നേഹമിപ്പോള്‍ ഇരുട്ടിലാണ്. അവള്‍ക്കിത്തിരി ചിരി വരാതെയിരുന്നില്ല.  ആകെ കിട്ടിയ ഒരു ദിവസം നാലഞ്ചു മണിക്കൂര്‍ കാറോടിച്ച് വന്നത് അയാളെ കാണുവാനാണ്.  മുടിയൊതുക്കി വിറയാര്‍ന്ന കൈകൊണ്ട് ബെല്ലമര്‍ത്തി.

ബാല്‍ക്കണിയിലെ കൈവരിയില്‍ ചേര്‍ന്നു നിന്ന് സംസാരിക്കവേ, മേശമേല്‍ കിടന്നിരുന്ന ഒരേയൊരു പൂവ് അയാളവള്‍ക്ക് നല്‍കി.

പ്രണയം പൂര്‍ണ്ണമല്ല.

ബാഗിനുള്ളില്‍ കിടന്നിരുന്ന ഒരിതള്‍ സ്നേഹം കൂടി ചേര്‍ത്തുവച്ചപ്പോള്‍ അവള്‍ നിറഞ്ഞുചിരിച്ചു.