Kavitha Nair

സുന്ദരപതനങ്ങള്‍

 1395394221205

മരവിച്ച കൈവിരലുകളില്‍ തലോടി എന്നെത്തന്നെ നോക്കി അയാളിരുന്നു. ഒരു ചായ കൊടുക്കാന്‍ പോലും ഇവിടെ ഒന്നുമിരുപ്പില്ല. അമ്മ പോയതോടെ വീട് വൃത്തിയാക്കിവയ്ക്കാറുമില്ല. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറ് അയല്‍വക്കത്തെ വീടുകളില്‍ ഇന്നത്തെയ്ക്കുള്ള വക നല്കിയിട്ടുണ്ടാവണം. എന്താണ് ചെയ്യുക! ഇറങ്ങിപ്പോവാന്‍ എങ്ങനെ പറയും.. നാല്‍പ്പത്താറു കഴിഞ്ഞവള്‍ എങ്കിലും ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീ, വീടിനകത്തെ പട്ടിണി പുറത്തറിയില്ല.. അമ്മയുള്ളപ്പോള്‍ പേടി തോന്നിയിട്ടില്ല, പുരുഷനോടും പട്ടിണിയോടും.

പറയാനൊന്നുമില്ലാതെ പങ്കപ്പെട്ടു പരിഭ്രമിച്ച്..

‘’ഇതുവഴി എങ്ങോട്ടെങ്കിലും..’’?

ചിരിച്ചു.. അതേ ചിരി.. ചെറിയ പുച്ഛമുണ്ടോ അതില്‍..

‘’ഈ വഴി പോയിട്ട്.. ഈ സംസ്ഥാനത്തില്‍ എനിക്കാരുമില്ല..’’

പിന്നെ?

‘’അന്വേഷിച്ചു വന്നതാ നിന്നെ’’

എന്തിന്!

‘’എനിക്കറിയില്ല.. ഒരു സുപ്രഭാതത്തില്‍ തോന്നി കാണണം എന്ന്.. പലരോടും ചോദിച്ചു. ഒരാഴ്ച മുന്‍പ് ഇവിടെയാണെന്ന് കേട്ടു.”

എല്ലാവരും എന്നെ സ്നേഹിച്ചിട്ടേയുള്ളൂ. ബാല്യകൌമാരങ്ങള്‍ തുടിച്ചുനില്‍ക്കുന്നു ഓര്‍മകളില്‍. എന്തിനുവേണ്ടി എന്ന് തോന്നുവെന്നോണം ഒരു നിമിഷം മുതല്‍ മാറിത്തുടങ്ങി.. മനസ്സ്. എടുത്ത തീരുമാനങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് മനസിലാവുന്നതിലും അപ്പുറം. പ്രണയമോ രതിയോ കീഴടക്കാത്ത പെണ്ണ്. പട്ടിണികിടക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോള്‍ നിറയുന്ന മനസ്സ്. പ്രണയാഭ്യര്‍ത്ഥനകള്‍ക്ക് മേലെ പ്രസാദകുങ്കുമം ചാര്‍ത്തിയ കുറേ വര്‍ഷങ്ങള്‍.

മാറ്റങ്ങളില്ലേ ഈ മനുഷ്യന്!? മറവിയില്ലേ..

തേടിപ്പിടിച്ചുവരാന്‍ എന്തിരിക്കുന്നു..

ഇവിടുള്ളത്‌ പരാജയമാണ്, നിന്ദകള്‍ ആവര്‍ത്തിച്ചു ജീവിച്ച ഒരഹങ്കാരിയുടെ അവസാനനാളുകളാണ്. കണ്ടുരസിക്കാനോ അതോ ഭിക്ഷതന്ന് പകരം വീട്ടാനോ.. ശ്വാസം മുട്ടുന്നുവല്ലോ ഈശ്വരാ..

“ഇവിടെ തനിച്ച്..”

അതെ..

“അമ്മ..”

മൂന്ന് മാസമായി..

“തിരിച്ചു പോവുന്നില്ലേ”

എങ്ങോട്ട്..

“നാട്ടിലേക്ക്..”

ഇല്ല..

ഒളിച്ചു കഴിയുകയല്ല.. എനിക്ക് ചുറ്റിനും ബന്ധങ്ങളില്ല.. പക്ഷെ കുറേപേര്‍ക്ക് മുന്നില്‍ കഥകള്‍ മെനയാന്‍വേണ്ടി നിന്നുകൊടുക്കാന്‍ വയ്യ. എണ്ണയൊഴിച്ച് പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ പണ്ടുകേട്ടിരുന്ന പ്രാവുകളുടെ കുറുകലിനും ഇന്ന് കേള്‍ക്കേണ്ടി വരുന്ന അടക്കം പറച്ചിലുകള്‍ക്കും അന്തരമുണ്ട്. തേക്കിന്‍കാടിനുള്ളില്‍നിന്നും നൈമിഷികസുഖങ്ങള്‍ വീരാളിപ്പട്ടുപോലെ ചാര്‍ത്തി ഇറങ്ങിവന്നു മാസങ്ങള്‍ക്കുശേഷം പലവഴിയേ പോയ നാട്ടിലെ പ്രമുഖ സ്ത്രീപുരുഷന്മാരൊക്കെ ഇന്നെന്നെ ഒരുനോക്കു കണ്ടാല്‍ മുഖം തിരിക്കും.

ഞാന്‍ ചെയ്തതെന്താണ്!

കളിക്കൂട്ടുകാരെ നേടിയില്ല.. ആ സമയം തനിയേ തുമ്പിക്കും കണ്ണീര്‍ത്തുള്ളിച്ചെടിക്കും അമ്മൂമ്മയുടെ കുരുമുളക് കൃഷിക്കും കൂടെ നിന്നു. സുമുഖനായ ചെറിയതിരുമേനിയെ കാണാനോ പരീക്ഷാദിവസങ്ങളില്‍ അര്‍ച്ചന നടത്താനോ പോയില്ല.. നടയടച്ചു കിടക്കുമ്പോള്‍ ശ്രീകോവിലിന് മുന്നില്‍ പോയിരുന്നു.  അകത്തിരിക്കുന്ന മൂര്‍ത്തിയോ അടിച്ചുവാരുന്ന വാരസ്യാരോ വൃദ്ധനായ വല്യതിരുമേനിയോ ഇറക്കിവിട്ടില്ല.  പകരം എല്ലാദിവസവും ഓരോ ശംഖുപുഷ്പം ചന്ദനത്തോടൊപ്പം എനിക്കുവേണ്ടി മാറ്റിവച്ചു.  പത്താംതരത്തില്‍ പഠിക്കുമ്പോള്‍, സ്കൂള്‍ മാറിവന്ന പുതിയ പാട്ടുകാരന്‍ സഹപാഠിയോട് തോന്നിയ ഇഷ്ടം അവന്‍റെ ഇക്കിളിപ്പെടുത്തിയ ആദ്യ സ്പര്‍ശനത്തില്‍ തീര്‍ന്നു.

എന്നെ തൊടാന്‍ പാടില്ല.. സമ്മതിക്കില്ല. ആദ്യ തെറ്റ്.

കോളേജ്ദിനങ്ങള്‍ ഒരുപടി മുകളിലായിരുന്നു.. സത്യമില്ലാത്ത, ലജ്ജയില്ലാത്ത കുറച്ചധികം നിമിഷങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നു.  ഓടിയൊളിച്ചത് ലൈബ്രറിയില്‍.  പുസ്തകങ്ങള്‍ക്കുള്ളില്‍ മുഖമൊളിപ്പിച്ചു. നാണിപ്പിക്കുംവിധം നോക്കുന്ന, അവസരം കിട്ടിയാല്‍ നഷ്ടപ്പെട്ടതെന്തോ തേടുംവിധം കൈവിരലുകള്‍ പായിക്കുന്ന കാമുകനെ കണ്ടുപിടിച്ചില്ല.  ആ സമയത്ത് നൂറുകഥകള്‍ വായിച്ചു.

രാമനെക്കാള്‍ കൃഷ്ണനാണ് ആരാധികമാര്‍.

എനിക്ക് പക്ഷെ രാമന്‍ മതി.  അടുത്ത തെറ്റ്.

തിളച്ചുമറിയുന്ന ചിന്തകള്‍ക്കും ഖനീഭവിച്ച ഹോര്‍മോണുകള്‍ക്കും ഇടയിലെ കുറെനാളുകള്‍.  മുഷ്ടിയ്ക്കുള്ളില്‍ ചിത്രശലഭങ്ങള്‍ അമര്‍ന്നില്ലാതെയായി. കൂട്ടുകാരികളുടെ പ്രണയസാഫല്യങ്ങള്‍ നിര്‍വികാരതയോടെ കേട്ടുനിന്നു. ധൈര്യമില്ലേ എനിക്ക്?  ഉണ്ടല്ലോ.. പക്ഷെ കത്തുകള്‍ കൈമാറാനും ചുംബനങ്ങളില്‍ മതിമറക്കാനും അടിവയറ്റിലെ പ്രതിഭാസങ്ങള്‍ വിവരിക്കാനും ധൈര്യം മാത്രം പോരാ.  ജിജ്ഞാസ, കുസൃതി, വിശ്വാസം.. തുടങ്ങി എത്രയെത്ര കാര്യങ്ങള്‍.

അടഞ്ഞുകിടന്നാല്‍ അപകടം വരില്ലല്ലോ..!

തെറ്റ്..!!

ആരും തൊട്ടില്ലാ.. രാമനെ കണ്ടില്ലാ.. അടഞ്ഞുകിടന്നു. നാല്പത്തിയാറു വര്‍ഷങ്ങള്‍.

യാത്രകള്‍ മാത്രമായി ജീവിതം.  വീട്ടില്‍ ചോദ്യങ്ങള്‍ കെട്ടടങ്ങി.  ഒന്നുകില്‍ പാഴ്ജന്മം.. അല്ലെങ്കില്‍ പിഴച്ചസ്ത്രീ.  കഥകളില്‍ നിറയെ കൃഷ്ണന്മാര്‍.. ആരോഗ്യമുണ്ടായിരുന്ന സമയത്ത് അമ്മയുടെ വിവരണങ്ങളിലൂടെ പലതും കേട്ടു.  പല കഥകളിലും ഒരു പൊതുവായ കാര്യം കണ്ടുപിടിച്ചു. ഞാനെവിടെയും സന്തോഷവതിയല്ല.  ഓട്ടമാണ്.. ഒന്നില്‍ നിന്നും അടുത്തതിലേക്ക്.  യാത്രകള്‍ അതിനുവേണ്ടിയാണ്.  ആദ്യമൊക്കെ കണ്ണീരൊഴുക്കിയെങ്കിലും കൂടെവന്നു താമസിച്ചപ്പോള്‍ അമ്മയുടെ കലിയടങ്ങി.  മനസിലാക്കിയില്ലെങ്കിലും കുറ്റപ്പെടുത്തലുകള്‍ കുറഞ്ഞു. എല്ലാം കഴിഞ്ഞു പോവും മുന്നേ , ഒരുദിവസം സ്നേഹത്തില്‍ കൈതലോടി പറഞ്ഞു.

“ഒരു ജീവിതം തീരുമ്പോള്‍ കണക്കുകൊടുക്കാന്‍ മുതലാളിമാരില്ല, വേണ്ടെന്നു വെച്ചതൊക്കെയും നിന്‍റെ മാത്രം തീരുമാനങ്ങളായിരുന്നു. നഷ്ടബോധമില്ലെങ്കില്‍ നീ ശരിയാണ് കുട്ടീ.. സങ്കടപ്പെടാതെ ഇരിക്കണം. ധൈര്യത്തോടെ..”

അമ്മ പോയിട്ട് മൂന്നു മാസങ്ങളായി. കുറച്ചുനാള്‍ ജോലി ചെയ്തു സമ്പാദിച്ച പണത്തില്‍ ഈ ജന്മം കഴിഞ്ഞു കൂടാനുള്ളതുണ്ടാവുമോ.  ഒരു ദിനം കുഴഞ്ഞു താഴെ വീണു പിടയുമ്പോള്‍ ചുറ്റിനും ജീവനില്ലാത്ത ഭിത്തികള്‍ മാത്രമേ ഉണ്ടാവൂ.  ഫ്രെയ്മുകളില്‍ നിന്നും അച്ഛനും അമ്മയും ഇറങ്ങി വരില്ല. പലയാത്രകളില്‍ നിന്നും വാങ്ങിവന്ന സുവനീറുകള്‍ എന്നെത്തന്നെ നോക്കിയിരിക്കും.  മരണം സങ്കല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെയെല്ലാം എളുപ്പമാണ്.  എല്ലാത്തിനോടും പരിഹാസം കലര്‍ന്ന നോട്ടം.  ചുറ്റിനും കാണുന്ന ജീവിതങ്ങള്‍ ചോദ്യം ചെയ്യില്ല.. പകരം അവര്‍ കേള്‍ക്കാതെ ഞാന്‍ എപ്പോഴും കളിയാക്കും.. ചെറിയ വാശിയോടെ..  ചിലദിവസങ്ങളില്‍ എന്നെപ്പറ്റി പടര്‍ന്നുപിടിച്ച കഥകള്‍ ഓര്‍ത്തെടുക്കും. അതില്‍ ഏറ്റവും സുന്ദരമായ ദിവസങ്ങളെ.. ആളുകളെ.. അവരില്‍ എനിക്കുണ്ടായ കുഞ്ഞുങ്ങളെ ..  മനസ്സ് കൈവിട്ടുപോയ ദിവസങ്ങളില്‍ അവരില്‍ പലരും എന്നെ സന്ദര്‍ശിച്ചു.. എനിക്കൊപ്പം ചായ കുടിച്ചു.. എന്‍റെകൂടെയുറങ്ങി.

അമ്മയെ സ്വപ്നം കണ്ടു.

“…. സങ്കടപ്പെടാതെയിരിക്കണം.. ധൈര്യത്തോടെ..”

എഴുന്നേറ്റപ്പോള്‍ ആരുമില്ല. അതെ.. കൃഷ്ണനോ കുട്ടികളോ.. ആരുംതന്നെയില്ല.

രാമന്‍? ?

പൊട്ടിച്ചിരിക്കാതെ വയ്യ!!

വല്ലാതെ ദാഹിക്കുന്നുവല്ലോ.. എത്ര മണിയായിക്കാണും.. ജനാലവിരിപ്പ് മാറ്റിനോക്കണം.  അമ്മയുടെ കോടി പുതച്ചാണ് ഇപ്പോള്‍ ഉറങ്ങുന്നത്. കൊടുംതണുപ്പിലും അത് മതി.  ഇരുണ്ട മുറിയില്‍ ആകെയൊരു തടിക്കട്ടിലും മേശയും ഒരു കൊച്ചലമാരയും മാത്രേ ഉള്ളു.  കാലു നിലത്തുകുത്തിയപ്പോള്‍ ശരീരമാസകലം എന്തോ ഒന്ന് .. ഇടിമിന്നല്‍ പോലെ.. മേശമേല്‍ കൈകുത്തി. അടുത്ത നിമിഷം അമ്പലപ്രാവിന്റെ തൂവല്‍കണക്കെ താഴോട്ട്.  ബോധം പോയിട്ടില്ലാ.. എനിക്ക് മച്ചും.. ഫാനും അടുത്ത വാതിലും ഒക്കെ കാണാം. എഴുന്നേല്‍ക്കാന്‍ വയ്യ.  അത്രേ ഉള്ളൂ.  കുറേനേരമായി അതേ കിടപ്പ്. എനിക്കിപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരാഴ്ചമുന്നേ മാറിയുടുത്ത ഈ സാരിയും വെള്ളം തൊടാത്ത തലയോട്ടിക്ക് മേല്‍ ചെളിയും താരനും ചേക്കേറി ഭാരം കൂടിയ എന്‍റെയീ ശരീരവും.. ഒക്കെ കാണാം. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. എപ്പോഴാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.. ഓര്‍മയില്ല. പേടിയും ധൈര്യവും ഒരേപോലെ അടുത്തേക്ക്‌ വന്നു. എഴുന്നേറ്റാല്‍ രണ്ടാണ് വഴി. സര്‍വ്വശക്തിയും സംഭരിച്ച് ഒരുവിധത്തില്‍ എഴുന്നേറ്റുനിന്ന്. അടുക്കളയില്‍ ചെന്നുനിന്നു. ഒന്നുമിരിപ്പില്ല എന്നറിയാം, വിശപ്പുമില്ല. പക്ഷെ ദാഹമുണ്ട്. ഒരു പാത്രം വെള്ളം മടമടാന്ന് കുടിച്ചു.

സ്വയം വെറുപ്പ്‌ തോന്നിയ ആദ്യ നിമിഷമായിരുന്നു അത്.

തെറ്റുകള്‍ എല്ലാം ശരിയെന്നും.. ചെയ്ത ശരികളെല്ലാം തെറ്റെന്നും തോന്നി. മഠയി!! നിനക്കിത്ര അഹങ്കാരമായിരുന്നോ..

എനിക്ക് കുളിക്കണം .. അടഞ്ഞുകിടക്കുന്ന ഏതെങ്കിലും അമ്പലത്തില്‍ പോയിരിക്കണം… കൈവിട്ടുപോയ ശീലങ്ങളും കൊച്ചുസുഖങ്ങളും തിരികെകൊണ്ടുവരണം. ഞാനും ശരിയാണ്. ജീവിച്ചുതീര്‍ക്കണം എന്‍റെ ശരികളെ. തനിയെ.. അമ്മയുടെ അലമാരയില്‍നിന്നും കിട്ടിയ പഴയ ഒരുകെട്ടു ഇഞ്ജയും വെളിച്ചെണ്ണയുമായി കുളിമുറിയില്‍ കയറി. കുളിച്ചുവന്ന്‌ കണ്ണെഴുതി കറുത്ത പൊട്ടും തൊട്ട് ശോഷിച്ച കഴുത്തിലും മാറിടത്തിലും പ്രിയപ്പെട്ട വാസനാലേപമിട്ടു. മുണ്ടും നേര്യതും ചുറ്റി. സുന്ദരിയല്ലേ.. അതേ. ജീവനില്ലെങ്കിലും..

വീടിന്‍റെ  താക്കോല്‍ തപ്പിയിട്ടു കിട്ടുന്നില്ല..  എവിടാണ് വെച്ചുമറന്നത് ആവോ. ഗേറ്റിനുമുന്നില്‍ ഏതോ വണ്ടി വന്നുനിന്നു ഹോണടിക്കുന്നു.. സന്ദര്‍ശകരില്ലാത്ത ആ വീടിന്‍റെ പടിക്കല്‍ ആറടിപ്പൊക്കമുള്ള സുമുഖനായ ഒരാള്‍ വന്നു നിന്നു.  വാതില്‍ തുറന്നതും ഞാന്‍ പത്താം തരത്തിലെത്തി.  ഒരു വൈകുന്നേരം സ്കൂളില്‍ നിന്നും വരുന്ന വഴി പ്രിയപാട്ടുകാരന്‍ പയ്യന്‍ കൂടെനടന്നു.  ഇഷ്ടം പതുക്കെയറിയിച്ചു. നെഞ്ചിടിപ്പ്കൂടി ചിരിച്ചു വേഗം നടന്നപ്പോള്‍ വരെ.. അതുവരെ ഞാന്‍ മറ്റേതു പെണ്ണിനെയും പോലെയായിരുന്നില്ലേ.  ആളൊഴിഞ്ഞ വളവില്‍ വച്ച് ഒരുനാള്‍ അനുവാദം കൂടാതെ വലിച്ചടുപ്പിക്കുന്നത് വരെ..  അതെ മുഖത്തെ എല്ലാ ദിവസവും ഒരുപാട് സ്നേഹത്തോടെ ഓര്‍ത്തിരുന്നിട്ടില്ലേ..

മുന്നില്‍ വന്നു നില്‍ക്കുന്നത് അവന്‍ തന്നെയല്ലേ.. പേരു ചോദിച്ചു. അവന്‍ തന്നെ. എന്തിന് വന്നു.. അറിയില്ല.  വാതിലടക്കാന്‍ പിന്നോട്ട് മാറി.  വെറുപ്പും സങ്കടവും കലര്‍ന്നു കണ്ണിലിരുട്ടുകയറി.  വേച്ചുവീഴാന്‍ തുടങ്ങിയ എന്റെ കൈയില്‍ കടന്നു പിടിച്ചു അകത്തേക്ക്പിടിച്ചിരുത്തി.  പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോഴും തന്നെയോര്‍ത്തിരുന്നുവത്രേ !!

തേടിപ്പിടിച്ചു വന്നിരിക്കുന്നു.. എന്തിന് വേണ്ടി എന്നറിയില്ല..

കുറേനേരം കൂടെയിരുന്നു.. എന്‍റെ  വെറുപ്പെല്ലാം എവിടെയോ പോയി.. പുറത്തുനിന്നും ആഹാരം വാങ്ങി വന്നു.  കൂടെയിരുന്നു കഴിച്ചു.  കഥകള്‍ പറഞ്ഞു.  സ്നേഹത്തോടെ എന്നെ തലോടിയുറക്കി.  എഴുന്നേറ്റപ്പോള്‍ ചായ തന്നു,  വീണ്ടും വരാമെന്ന് പറഞ്ഞു എഴുന്നേറ്റു.

ഒന്നും തിരിച്ചുപറയാന്‍ തോന്നിയില്ല.

യാത്രയയപ്പ്..

ഇന്നേരം തൊട്ടടുത്ത വീട്ടിലെ സുന്ദരിയായ കുട്ടി സ്കൂള്‍ വിട്ടുവന്നു വീട്ടിലേക്കു കയറുമ്പോള്‍.. ഈ കാഴ്ച കാണുമാറായി. കാറോ സുമുഖനായ പാട്ടുകാരനോ അവിടില്ലെന്നുമാത്രം..

പ്രണയത്തിന്‍റെ , പലായനത്തിന്‍റെ, പ്രതീക്ഷകളുടെ … സുന്ദരപതനങ്ങള്‍.

നിലയ്ക്കാത്ത നീ..

1420096829250എയര്‍ടിക്കെറ്റിന്‍റെ കോപിയെടുത്ത് ഒരു കവറിലാക്കി മേശയിലിട്ട് ഒരു നിമിഷം അപര്‍ണ്ണ കണ്ണടച്ചു. കഴുത്തുവരെ കൃത്യമായി വെട്ടിനിര്‍ത്തിയിരിക്കുന്ന ചുരുണ്ടമുടിയില്‍ കൈവിരലുകള്‍കൊണ്ട് ചീവി, കൈത്തണ്ടയില്‍ എപ്പോഴും ചുറ്റിയിടുന്ന കറുത്ത ഇലാസ്റ്റിക് തുണിയെടുത്ത് കെട്ടിയിട്ടു. ബ്ലാക്ക്‌ബെറിയില്‍ നിരന്തരമായി ചുവന്ന പൊട്ടുപ്രകാശം മിന്നിക്കൊണ്ടേയിരുന്നു.

ഇന്ന് സമയം എത്രവേഗമാണ് പോവുന്നതെന്ന്‍ അവളാശ്ചര്യപ്പെട്ടു.  ജോലിചെയ്തിരുന്ന ഹോസ്പിറ്റലില്‍ ഒന്ന് ചെന്ന് എല്ലാവരെയും കണ്ട് യാത്രപറയണം. എലിസബത്തിന്‍റെ കുറെ വസ്ത്രങ്ങള്‍ അവിടെക്കിടക്കുന്നത് തിരികെകൊടുക്കണം. ഡോക്ടര്‍ ജോനാതന് കൊടുത്ത അഡ്വാന്‍സ് വാങ്ങണം. നാലുമണിക്ക് കാറുനോക്കാന്‍ ആളുവരും. അപ്പോഴേക്കും എല്ലാ പേപ്പറുകളും റെഡിയാക്കി വയ്ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ബാക്കി.. ആദ്യം ഏതു ചെയ്തു തുടങ്ങണം എന്നു ചിന്തിച്ച് അപര്‍ണ്ണ എഴുന്നേറ്റു. യോഗര്‍ട്ടിന്‍റെ ഒരു ടിന്‍ പൊട്ടിച്ചു കഴിച്ചുകൊണ്ട് അലസയായി കുറച്ചുനേരം അവിടിവിടെയായി ചെന്നുനിന്നു. കഷ്ടിച്ച് ഒരാഴ്ച്ച കൂടി ഇവിടെ..

ശബ്ദകോലാഹലങ്ങളില്‍നിന്നും മൈലുകള്‍ ദൂരെ പട്ടണത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലത്തിനരികിലുള്ള മനോഹരമായ കൊളോണിയല്‍ സൗധം. മൂന്നു വര്‍ഷത്തെ കൃത്യനിഷ്ഠയ്ക്കും സൗഹൃദത്തിനും മേല്‍ ഹോസ്പിറ്റല്‍ ചീഫ് സര്‍ജന് ജൊനാതന്‍ പീറ്റര്‍ ‌‌‌‌‍‍‌തുഛമായ വാടകയ്ക്ക് തന്ന അദ്ദേഹത്തിന്റെ ഫാംഹൌസ്. വര്‍ഷത്തിലൊരിക്കല്‍ അവധിക്കാലത്ത് അദ്ദേഹം കുടുംബസമേതം വരുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന ആരുടെയെങ്കിലും കൂടെ അപര്‍ണ്ണ താമസം മാറിയിരുന്നു. രണ്ടു വര്‍ഷത്തെ എം.ബി.എ പഠനവും അതിനുശേഷം കിട്ടിയ ആദ്യ ജോലിയും ഈ വീടും നല്ല ഓര്‍മ്മകളാണ്.

ദീര്‍ഘനിശ്വാസത്തിനൊടുവില്‍ കാറിന്റെ കീയെടുത്ത് വീടും ലോക്ക് ചെയ്തു അപര്‍ണ്ണയിറങ്ങി. വയലുകള്‍ക്ക് നടുവേ കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മനോഹരമായ പാതയിലൂടെ വണ്ടിയോടിച്ചുപോവുമ്പോള്‍ ഇത്രനാളും കാണാത്ത സൗന്ദര്യം എല്ലാറ്റിനുമുണ്ടെന്നു തോന്നി.

ചെറിയൊരു പട്ടണമാണ്. ഇന്ത്യാക്കാര്‍ വളരെ കുറവ്. രാത്രികാലങ്ങളില്‍ കഫെകളിലും ബാറുകളിലും ഉത്സവപ്രതീതിയാണ്. യൂണിവേഴ്സിറ്റി കാമ്പസ്സില്‍ നിന്നും ഇവിടേക്കുള്ള മാറ്റം ആദ്യമൊക്കെ മടുപ്പിച്ചിരുന്നു. പതിയെ ഹോസ്പിറ്റലും സ്റ്റാഫും വീടുമൊക്കെ പ്രിയപ്പെട്ടതായി.  കഫെ നോയറും, കൌണ്ടി വിക്കെല്ലോയുമൊക്കെ. .

ജനിച്ചത് ദുബായില്‍, പഠിച്ചത് ഊട്ടിയില്‍,ഇപ്പോള്‍ ഇവിടെ .. ഏതു ദേശക്കാരിയെന്നു അവള്‍ തന്നെ പലപ്പോഴും സംശയിക്കാറുണ്ട്. ഒരു സംസ്കാരവും കൂടുതലായി സ്വാധീനിച്ചിട്ടില്ല. ഒന്നിനെയും അമിതമായി സ്നേഹിച്ചിട്ടില്ല. എവിടെയും ചേര്‍ന്ന് പോകുന്ന ജീവിതം. മാതാപിതാക്കള്‍ കൂടെ നിര്‍ത്തി വളര്‍ത്തിയില്ല. ബോര്‍ഡിംഗ്സ്കൂളില്‍നിന്നും അവധിക്കാലത്ത് ലോകം ചുറ്റാനോ അല്ലെങ്കില്‍ ആഢംഭരഫ്ലാറ്റിലെ കോക്ക്‌ടെയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ കണ്ണുംനട്ടിരിക്കാനോ മാത്രം കൂടെകൊണ്ടുപോയി. പടുത്തുയര്‍‍ത്തിയ സാമ്രാജ്യം കാക്കാന്‍ ഇപ്പോള്‍ വളര്‍ത്തുപട്ടിയെ തിരികെവിളിക്കുന്ന കണക്കു ഫോണ്‍ വിളികളും അന്വേഷണങ്ങളും.. അങ്ങോട്ട് സ്നേഹമുണ്ടായിട്ടല്ല, ഇവിടെയിനി ഒറ്റയ്ക്ക് എത്രനാളെന്നുകരുതിയിട്ടാണ്.

ഹോസ്പിറ്റല്‍ എത്തിയതും ഫോണ്‍ വീണ്ടും വൈബ്രേറ്റുചെയ്തു. എടുത്തപ്പോള്‍. ഡോക്ടറിന്റെ മെസ്സേജ്. പണം അവളുടെ മേശമേല്‍ വച്ചിട്ടുണ്ട്. പിന്നെ.. അദ്ദേഹത്തിന്റെ മകന്‍ കെവിന്‍ സന്ധ്യയോടെ വീട്ടിലെത്തുമത്രേ. ഒന്നും മനസിലാവാതെ പകുതികാര്യങ്ങള്‍ നാളേയ്ക്കു മാറ്റിവച്ച് തിരികെ ഡ്രൈവ് ചെയ്തു. ഔട്ട്‌ഹൌസിന്റെയും, വെയര്‍ഹൌസിന്റെയും താക്കോലുകള്‍ വീടിന്‍റെയുള്ളിലാണ്. ആരെങ്കിലും അവിടെക്കായിട്ടു വന്നാല്‍ അപര്‍ണ്ണയാണ് അതെടുത്തു കൊടുക്കുക. ഇതിപ്പോള്‍ മകനാണ്. ഇനി ചിലപ്പോള്‍ അയാള്‍ ആവശ്യപ്പെട്ടാല്‍ ഇന്ന് രാത്രി വൃത്തിയാക്കാത്ത ഔട്ട്‌ഹൌസില്‍ കിടന്നുറങ്ങേണ്ടിവരുമോ. അപര്‍ണ്ണ നെടുവീര്‍പ്പോടെ വേഗത്തില്‍ കാറോടിച്ചു.

ഗാരേജില്‍ വണ്ടി നിര്‍ത്തിയിറങ്ങി നാലുപാടും നോക്കി. ആരും വന്നിട്ടില്ല. അപര്‍ണ്ണ വീട്ടില്‍ കയറി താക്കോലുകള്‍ കൃത്യമായി എടുത്തു മേശമേല്‍ വച്ചു. എന്നിട്ട് റഫ്രിജറേറ്ററില്‍ നിന്നും ഐസ്ടീ എടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്നൊഴിച്ചു. കുടിച്ചു ക്ഷീണം മാറ്റിയിട്ടു വേണം ഔട്ട്‌ഹൌസ്‌ വൃത്തിയാക്കാന്‍. എന്നുവച്ചാല്‍ അവിടെത്തന്നെ ഇന്ന് കിടന്നുറങ്ങാം എന്ന് ഏകദേശധാരണയായി. തന്‍റെ വീടല്ല. ഉടമസ്ഥന്റെ മകന്‍ വരുമ്പോള്‍ നാലഞ്ചു മുറികളുള്ള ഈ വലിയ കെട്ടിടത്തില്‍ മഹാറാണികണക്കെ കിടന്നുറങ്ങാന്‍ ഒരിക്കലും തന്നെക്കൊണ്ട് പറ്റില്ല. അപ്പോള്‍ ചൂലെടുക്കുക തന്നെ!

ചായ കുടിച്ച് പണിയായുധങ്ങളുമായി അപര്‍ണ്ണ ഔട്ട്‌ഹൌസിലേക്ക് നടന്നു.ഗാര്‍ഡനിങ്ങിനായി ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഡോക്ടര്‍. എപ്പോള്‍ വന്ന്‌ പണികള്‍ തീര്‍ത്ത്‌ പോകുന്നുവെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല. അയാളോട് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഈ ജോലി കൂടി ചെയ്തേനേല്ലോ. അകത്തുകാണാന്‍ പോകുന്ന പൊടിയും മാറാലയും ക്ഷുദ്രജീവികളെയും മനസ്സില്‍ വിചാരിച്ച് ഉടുപ്പിന്‍റെ പോക്കെറ്റില്‍ നിന്നും താക്കോലെടുത്തു. വാതിലിന്‍റെ അടുത്തേക്ക്‌ നീങ്ങിയപ്പോള്‍ പൂട്ടില്ല.. വലിയ ഒറ്റപ്പാളി കതക് ലേശം തുറന്നുകിടപ്പുമുണ്ട്. ഫോണെടുത്ത് ഡോക്ടറെ വിളിക്കണോ പോലിസിനെ വിളിക്കണോ.. രണ്ടായാലും ഒരുമണിക്കൂറിനുള്ളില്‍ ആരും വരില്ല. ധൈര്യപൂര്‍വം അകത്തുകയറി നോക്കിയാലോ.. അടുത്തുതന്നെ ചാരിവച്ചിരുന്ന കമ്പിയെടുത്ത് അപര്‍ണ്ണ പതുക്കെ ഉള്ളിലേക്ക് കടന്നു. ചെറിയൊരു ഹാള്‍ , അതിനോട് ചേര്‍ന്ന് രണ്ടു മുറി, പുറകില്‍ ഒരു വരാന്ത. ഒരു ക്രിസ്തുമസ് കാലത്ത് ഇത് തുറന്നു കണ്ടിട്ടുണ്ട്. രണ്ടു മുറികളില്‍ ഒന്ന് തുറന്നു കിടക്കുന്നു, പുറകുവശത്തെ വാതിലും. മുറിയോടടുത്തുചെന്നപ്പോഴേ ഒരാള്‍ അകത്തെ കൊച്ചുകട്ടിലില്‍ പുതച്ചുമൂടി കിടക്കുന്നതായി കണ്ടു. കമ്പി താഴ്ത്തിയെങ്കിലും താഴെ വച്ചില്ല.

അടുത്തുചെന്ന് ഒരൂഹം വച്ചു വിളിച്ചു

“കെവിന്‍..?”

കക്ഷി നല്ല ഉറക്കമാണ്.

അടുത്തവിളിക്ക് മുന്നേ അയാള്‍ കണ്ണുതുറന്നു.

ഇരുനിറം, നീണ്ടമുഖം.. കശ്മീരില്‍ നിന്നുമുള്ള പഴയ കോളേജ് സുഹൃത്തിന്‍റെ കണക്ക് അലസമായി കിടക്കുന്ന മുടിയും കുറ്റിത്താടിയും. കട്ടിയുള്ള കടുംപച്ചകള്ളിഷര്‍ട്ട് ബലിഷ്ടമായ ശരീരത്തില്‍ ഇറുകിക്കിടന്നു.

അപര്‍ണ്ണയെ കണ്ടതും ചുറ്റിനും നോക്കി പുതപ്പുമാറ്റിയിട്ട് അയാള്‍ എഴുന്നേറ്റു.

“ഹേയ്” അയാള്‍ കണ്ണൊന്നുകൂടി ചിമ്മിച്ച് അപര്‍ണ്ണയെ നോക്കി ചിരിച്ചു.

“ഹലോ” എന്നിട്ട് സംശയപൂര്‍വ്വം ചോദിച്ചു.. “കെവിന്‍?”

വലതുകൈ മുന്നോട്ട് നീട്ടി മുഴുവന്‍ പേരും പറഞ്ഞ് സൌമ്യനായ അയാള്‍ മുന്നോട്ടേക്കാഞ്ഞു. ഇപ്പോഴും മുറുകെപ്പിടിച്ചിരിക്കുന്ന കമ്പി താഴെ വച്ച് അപര്‍ണ്ണ കൈകൊടുത്തു. ചൂട് കോഫി കപ്പില്‍ പിടിച്ചതുപോലെ.. അപര്‍ണ്ണ കൈവിടുവിച്ച് പെട്ടെന്ന് ചോദിച്ചു.

“ഓഹ്.. ഓ മൈ ഗോഡ്, യു ഹാവ് ഫിവേര്‍..!”

പനിയുടെ ആലസ്യം പുറത്തുകാട്ടാതെ അയാള്‍ സാരമില്ല,ശരിയാകും എന്ന് പറഞ്ഞു. അവിടം വൃത്തിയാക്കണോ അതോ തിരികെപ്പോണോ എന്നാലോചിച്ച് നിന്നപ്പോള്‍ കെവിന്‍ തന്നെ അങ്ങോട്ട്‌ പറഞ്ഞു..

“ഡോന്‍ വൊറി മിസ്സ്‌ , ഐ ലൈക്‌ ഇറ്റ്‌ ഹിയര്‍, യു പ്ലീസ് ഗോ എഹെഡ്..”

ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു. അയാള്‍ പിന്നാലെ വന്നില്ല. വാതില്‍ ചാരി വീട്ടിലേക്ക് വരുംവഴി ദൂരെനിന്നു ഒരു കാറുവരുന്നത് കണ്ട് അപര്‍ണ്ണ നിന്നു.

രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സാബ് കാബ്രിയൊലെറ്റ്‌, എത്രവില കിട്ടിയാലും ഇത് കൊടുത്തിട്ടേ പോകാന്‍ പറ്റുകയുള്ളൂ. വന്ന രണ്ടുപേര്‍ക്കും വണ്ടി ഇഷ്ടപ്പെട്ടു. പേപ്പറുകള്‍ കാണിച്ചുകൊടുത്തു, മുഴുവന്‍ തുകയും തന്ന് അടുത്ത ആഴ്ച കൊണ്ടുപൊയ്ക്കോളാം എന്ന് പറഞ്ഞ് അവര്‍ പോയി. ഒരുനിമിഷം ഇളംനീലകളറുള്ള പ്രിയസഹചാരിയെ നോക്കി അവള്‍ സങ്കടപ്പെട്ടു.

ചുറ്റിനും തണുത്ത സായന്തനം വന്നുവീഴാന്‍ തുടങ്ങി.

അവിടെ താമസം തുടങ്ങിയത് മുതല്‍ ചില ബാര്‍ബിക്യു പാര്‍ട്ടികളും ക്രിസ്തുമസ് ആഘോഷങ്ങളുമല്ലാതെ ആ വീട്ടില്‍ അധികമാരെയും വിളിച്ചു സല്‍ക്കരിച്ചിട്ടില്ല. ഗോവക്കാരി എലിസബത്തും പഞ്ജാബിക്കാരന്‍ സുഖ്ബിറുമല്ലാതെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വന്നു താമസിച്ചിട്ടുമില്ല. സാധാരണ ദിവസങ്ങളില്‍ ഡിന്നര്‍ എന്നത് പേരിനു മാത്രമേ ഉണ്ടാവൂ. എന്തെങ്കിലും സാലഡും ഇത്തിരി വൈനും. അതല്ലെങ്കില്‍ ബ്രഡും മുട്ടയും. ഇന്നുപക്ഷേ പനിയുള്ള ഒരാള്‍ അപ്പുറത്തുള്ള സ്ഥിതിക്ക് എന്തെങ്കിലും ചൂടായി പാകംചെയ്തുകൊടുത്താലെന്താന്ന്‍ അപര്‍ണ്ണ ചിന്തിച്ചു. താമസംവിനാ അകത്തുചെന്നു സൂപ്പിനായുള്ള ഒരുക്കം തുടങ്ങി.

ഏഴുമണിയോടെ കുളിച്ചു റെഡിയായി ഊണുമേശമേലുള്ള വിരിപ്പും മാറ്റി പാത്രങ്ങള്‍ എല്ലാം തുടച്ചുവച്ചതിനു ശേഷം, കെവിനെ വിളിക്കാനായി പുറത്തേക്കുവന്നു. വെളുത്ത ഫ്രോക്കില്‍ പതിവിലും ഊര്‍ജ്ജസ്വലയായി അവള്‍ നടന്നു. ചെന്ന് നോക്കിയപ്പോള്‍ അയാള്‍ അവിടില്ല. പറഞ്ഞിട്ട് പോകണ്ട കാര്യമില്ലെങ്കിലും അപര്‍ണ്ണയ്ക്ക് അയാളങ്ങനെ അപ്രത്യക്ഷനായത് അത്രയ്ക്കിഷ്ടപ്പെട്ടില്ല. കാത്തുനില്‍ക്കാതെ അപ്പോള്‍ത്തന്നെ വീട്ടിനുള്ളിലേക്ക് കയറി. വലിയ പെട്ടി നിറയെ മടക്കിവച്ച തുണികള്‍ അടച്ചുപൂട്ടിവച്ച് ഒരു കപ്പ് കാപ്പിയുമായി അപര്‍ണ്ണ അടുക്കളവാതില്‍ക്കല്‍ നിന്നു.

ഇടയ്ക്ക് കണ്ണുകള്‍ പുറത്തേക്ക് പായുന്നുണ്ടായിരുന്നു. പതിനൊന്നു മണിവരെ അതുമിതും ചെയ്തുകൊണ്ട് സമയം കളഞ്ഞു. ക്ഷമ നശിച്ചുവെന്ന് തോന്നിയപ്പോള്‍ മേശപ്പുറത്തിരുന്നതൊക്കെയും എടുത്തു ഫ്രിഡ്ജില്‍ വെച്ചിട്ട് മുകളിലുള്ള അവളുടെ മുറിയില്‍ പോയിക്കിടന്നു. കണ്ണടച്ചിട്ടും കാതുകള്‍ ഉറങ്ങിയില്ല. എന്തോവീഴുന്ന ശബ്ദം കേട്ടതും ധൃതിയില്‍ എഴുന്നേറ്റ് ജനാലയിലൂടെ താഴേക്കു നോക്കി. വേച്ചുവേച്ചു മുറിക്കുള്ളിലേക്ക് കെവിന്‍ നടന്നുകയറുന്നു. അടുത്തുള്ള ബാറിലേക്ക് നടക്കണമെങ്കില്‍ തന്നെ അരമണിക്കൂറോളം വേണം. ഈ പനിയും വെച്ച്.. ഇനി മുഴുക്കുടിയന്‍ തന്നെയാണോ ഇയാള്‍. ഡോക്ടറുടെ സംഭാഷണങ്ങളില്‍ ഒന്നും ഇങ്ങനെ ഒരാളെപ്പറ്റി അപര്‍ണ്ണ കേട്ടിട്ടില്ല. അവധിക്കാലത്ത്‌ അവിടെ വന്നുതാമസിക്കാറുള്ളത് ഡോക്ടറുടെ ഭാര്യയും മൂന്ന് കുട്ടികളുമാണ്. ഇയാള്‍ക്കൊരു ഇരുപത്തിഎട്ട്‌ വയസ്സെങ്കിലും കാണും. ദൂരെ പഠിക്കുന്ന ഒരു മകനുണ്ടെന്നു കുറെനാള്‍ മുന്നെ എലിസബത്ത് പറഞ്ഞിരുന്നതായും അപര്‍ണ്ണയ്ക്ക് തോന്നി. ആരായാലെന്താ തനിക്ക്.. വന്നുകയറിയല്ലോ. നാളെയിനി ആഹാരം ഉണ്ടാക്കി വച്ച് കാത്തിരിക്കാന്‍ പദ്ധതിയിടണ്ടന്നു സ്വയം താക്കീത് കൊടുത്തു അപര്‍ണ്ണ ഉറങ്ങി.

മനോഹരമായ കീബോര്‍ഡ് സംഗീതം കേട്ടാണ് പിറ്റേദിവസം അവള്‍ ഉണര്‍ന്നത്. താഴെയെത്തി കതകുതുറന്നു വെളിയില്‍ ഇറങ്ങിയതും കൂടുതല്‍ വ്യക്തമായത് കേള്‍ക്കാന്‍ തുടങ്ങി. ഔട്ട്‌ഹൌസിലേക്ക് നടന്നു. കതക് തുറന്നു തന്നെ കിടക്കുന്നു. ഹാളിന്‍റെ ഒരു കോണിലിരുന്ന്‍ കെവിന്‍ കണ്ണടച്ചു മൃദുവായി ചിരിച്ചുകൊണ്ട് കീബോര്‍ഡ് വായിക്കുന്നു. കൊച്ചുകുട്ടിയുടെ സന്തോഷം.. ഇടയ്ക്ക് ചെറുതായൊന്നു തെറ്റുമ്പോള്‍ വായിച്ചതു തന്നെ വീണ്ടും ആവര്‍ത്തിച്ചു വായിച്ചുകൊണ്ടേയിരുന്നു. കുറെ നേരം കഴിഞ്ഞ്‌ മനോഹരമായിത്തന്നെ കൈവിരലുകള്‍ പതുക്കെ ഓടിക്കളിച്ചുനിന്നു. തിരിഞ്ഞതും അപര്‍ണ്ണയെക്കണ്ട്‌ കെവിന്‍ ആശ്ചര്യപ്പെട്ടു.

“ഓഹ്.. ഗുഡ് മോര്‍ണിംഗ് മിസ്സ്‌!! സോറി.. ഡിഡ് ഐ വെയ്ക് യു അപ്..?”

ചിരിയോടെ അപര്‍ണ്ണ പറഞ്ഞു, “യെസ് കെവിന്‍, യെസ് യു ഡിഡ്, ബട്ട്‌ ഇറ്റ്‌ വാസ് ബ്യൂട്ടിഫുള്‍..”

“ആഹാ !! കാന്‍ ഐ ഗെറ്റ് എ കോഫി ദെന്‍ മിസ്സ്‌ ?”

അപര്‍ണ്ണ ആ ചോദ്യം പ്രതീക്ഷിച്ചില്ലായെങ്കിലും, ഉള്ളിലെ സന്തോഷം പകുതി മാത്രം പുറമേ കാണിച്ച് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇതേവരെ ആ വീടിനുള്‍വശം കാണാത്ത ഒരാളെപ്പോലെ ചുറ്റിനും നോക്കി ചിരിച്ചു കൊണ്ട് കെവിന്‍ അപര്‍ണ്ണയ്ക്കൊപ്പം അകത്തേക്ക് കയറി. അതിഥിയെപ്പോലെ പെരുമാറുകയും പരുങ്ങിനില്‍ക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അപര്‍ണ്ണ തിരക്കി. മടികൂടാതെ കെവിന്‍ പറഞ്ഞു.. ഡോക്ടറുടെ ആദ്യഭാര്യയിലുള്ള ഏകസന്താനമാണ് അയാള്‍. ചെറുതിലെ അച്ഛനും അമ്മയും പിരിഞ്ഞു.. രണ്ടുപേരും വേറെ വിവാഹം കഴിച്ചു രണ്ടുനാടുകളിലായി ജീവിക്കുന്നു. കെവിന്‍ സംഗീതവും ഗവേഷണവും വര്‍ഷങ്ങള്‍ തോറുമുള്ള ചെറുസന്ദര്‍ശനങ്ങളുമായി അവര്‍ക്കിടയില്‍ ഇങ്ങനെ. ഈ വീട്ടില്‍ വരുമ്പോഴെക്കെയും ഔട്ട്‌ഹൌസില്‍ തന്നെയാണ് ഉറങ്ങുക.

അപര്‍ണ്ണ കേട്ടിരുന്നു. ഇതിനിടയില്‍ അയാള്‍ തന്നെയാണ് കോഫി തയ്യാറാക്കിയത് എന്ന കാര്യം രണ്ടുപേരിലും ചിരിയുണര്‍ത്തി. ആവിപറക്കുന്ന കപ്പുകള്‍ക്കിരുവശവുമിരുന്ന് അവര്‍ കുറെ നേരം സംസാരിച്ചു. അടുത്തയാഴ്ച ഇതേ സമയം അവളുടെ പൊടിപോലും അവിടുണ്ടാവില്ല എന്നതടക്കം. ഇറങ്ങുമ്പോള്‍ അന്ന് വൈകുന്നേരം അയാള്‍ അപര്‍ണ്ണയെ ഡിന്നറിന് ക്ഷണിച്ചു. ഒന്ന് മടിച്ചെങ്കിലും അപര്‍ണ്ണ വരാമെന്ന് പറഞ്ഞു. അയാള്‍ പ്രശ്നക്കാരനല്ല . പിന്നെ പോകുന്നത് അവളുടെ കാറില്‍.. അവള്‍ക്കറിയാവുന്ന റെസ്റ്റോറന്റിലേക്ക്.

അന്നുപകല്‍ അയാളെ പുറത്തെങ്ങും കണ്ടില്ല.. അപര്‍ണ്ണ പായ്ക്കിങ്ങും മറ്റു ചെറിയ പരിപാടികളുമായി നേരം കളഞ്ഞു. ആറുമണിയോടെ മുന്‍വശത്തെ വാതിലില്‍ കെവിന്‍ വന്നു തട്ടിവിളിച്ചപ്പോള്‍ അപര്‍ണ്ണ വേഗം ചെന്നു വാതില്‍ തുറന്നു.

“ആഹ്.. ദെയര്‍ യു ആര്‍ !! സോ.. ഷാല്‍ വി..?”  കറുത്ത ഷര്‍ട്ടും ജീന്‍സും , കുളിച്ചു ചീകിവച്ച മുടിയും.. കെവിന്‍റെ മുഖത്ത് പനിയുടെ ലഷണമേയില്ല.

“ലെറ്റ്‌സ് ഗോ കെവിന്‍” അപര്‍ണ്ണ ഉത്സാഹത്തോടെ പറഞ്ഞു.

കെവിനാണ് വണ്ടിയോടിച്ചത്. ഇരുണ്ട് ശാന്തമായ റോഡിലൂടെ അധികമൊന്നും സംസാരിക്കാതെ അവര്‍ റെസ്റ്റോറന്റിലെത്തി. അപര്‍ണ്ണ വിചാരിച്ച സ്ഥലമല്ലെങ്കിലും പരിചിതമായ ഇടം തന്നെ.

തിരക്കൊഴിഞ്ഞ സ്ഥലം നോക്കി അവര്‍ ഇരുന്നു. കഴിഞ്ഞ രാത്രി മദ്യപിച്ചു വന്നയാള്‍ അവള്‍ക്കൊപ്പം ഒരു ഗ്ലാസ് റെഡ് വൈന്‍ മാത്രം കുടിച്ചു. കോപ്പെര്‍ റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങുന്ന വഴിക്ക് രണ്ടു സുഹൃത്തുക്കളെ കണ്ട് കെവിന്‍ നിന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് ശേഷം അവര്‍ ഡ്രിങ്ക്സ് കഴിക്കാന്‍ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു. അപര്‍ണ്ണ വിനയപൂര്‍വ്വം കാത്തുനില്‍ക്കാം പോയിവരൂ എന്ന് പറഞ്ഞ് കെവിനെ അവരോടൊപ്പം അയച്ചു.

തിരികെ ഡ്രൈവ് ചെയ്തത് അവളായിരുന്നു. തണുത്ത കാറ്റുകൊണ്ട് കെവിന്‍ പുറത്തേക്കുനോക്കിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങാന്‍ അയാളെ സഹായിക്കേണ്ടി വന്നു അപര്‍ണ്ണയ്ക്ക്. മുഖം കീഴ്പോട്ടു തൂക്കി ഇരുകൈകളും ജീന്‍സിന്‍റെ പോക്കറ്റുകളില്‍ താഴ്ത്തിയിട്ട് നില്‍ക്കുന്ന അയാളുടെ മുന്നില്‍ ഔട്ട്‌ഹൌസിന്‍റെ വാതില്‍ തുറന്നുകൊടുത്തിട്ട് അവള്‍ തിരിഞ്ഞതും കെവിന്‍ വിളിച്ചു..

“മിസ്സ്‌”

അപര്‍ണ്ണ അയാളെ നോക്കി, ക്ഷമ പറച്ചിലാവും. വൈകിയതിന്.. മദ്യപിച്ചു കൂടെ വന്നതിന്..

“യു ആര്‍ ബ്യൂട്ടിഫുള്‍..”

അപര്‍ണ്ണയുടെ ഉള്ളില്‍ സന്തോഷം തോന്നി. പതിവുപോലെ മുഖത്ത് വന്നില്ലെങ്കിലും അന്ന് വസ്ത്രമഴിക്കുന്നതിന് മുന്നേ കണ്ണാടിക്കുമുന്നില്‍ അധികനേരം നിന്നെന്നുമാത്രം. കഴിഞ്ഞ എട്ടുവര്‍ഷങ്ങളില്‍ രണ്ടു സ്നേഹബന്ധങ്ങള്‍ അവള്‍ക്കുണ്ടായിട്ടുണ്ട്.  യൂണിവേഴ്സിറ്റി കാലഘട്ടത്തില്‍ ഒരു സഹപാഠി. പിന്നീട് ഇപ്പോള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ മുന്‍പേ ജോലിചെയ്തിരുന്ന ഒരാളും. ആരും ഏറെകാലം കൂടെയുണ്ടായില്ലാ. പരാതിയും പരിഭവങ്ങളും കണ്ണീരും ഒന്നും തന്നെയില്ലാതെ മാസങ്ങള്‍ക്കുള്ളില്‍ ഇരുബന്ധങ്ങളും തീര്‍ന്നു.

പതുപതുത്ത കിടക്കമേല്‍ അണ്ണാന്‍കുഞ്ഞിനേപ്പോലെ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ കെവിനെപ്പറ്റി അപര്‍ണ്ണ ചിന്തിച്ചു. അച്ഛന്റെയും അമ്മയുടെയും ഇടയില്‍ അന്യനേപ്പോലെ പെരുമാറുന്ന അയാളില്‍, വേദനയും ഒറ്റപ്പെടലും സംഗീതവും യാത്രകളുമൊക്കെ സമ്മാനിച്ച ഒരു പ്രത്യേകസൗന്ദര്യമുണ്ട്. പൈന്‍മരച്ചുവട്ടിലോ തടാകക്കരയിലോ തിരക്കുള്ള റെസ്റ്റോറന്റിലോ.. എവിടെയാണെങ്കിലും അയാള്‍ക്ക്‌ മുന്നില്‍ ഒന്നും മിണ്ടാതെ മണിക്കൂറുകളോളം തനിക്കിരിക്കാന്‍ പറ്റുമെന്നും തോന്നി. അവിടെയിനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രമേയുള്ളൂ. ഒരു നിമിഷം ദുബായിലെ ഫ്ലാറ്റും എയര്‍കണ്ടീഷന്‍ റൂമും ബഹളങ്ങളും പാര്‍ട്ടിയും പിന്നെ..

അപര്‍ണ്ണ എഴുന്നേറ്റിരുന്നു. ദേഷ്യം കൊണ്ട് മുഖമാകെ കൈവിരലുകള്‍കൊണ്ടമര്‍ത്തി. ഉറങ്ങിയില്ലാ.. നേരം വെളുത്ത്തുടങ്ങിയപ്പോഴേ താഴെ നിന്ന് സംഗീതം.. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ജനാലയ്ക്കരികില്‍ വന്നു നിന്ന്. ഒന്നും കേള്‍ക്കാനില്ല. താഴേക്കു ചെന്ന് കെറ്റില്‍ ഓണ്‍ ചെയ്തു.. മുട്ടറ്റം ഇറക്കമുള്ള വെളുത്ത സാടെന്‍ നൈറ്റ്ഗൌണിനു മുകളില്‍ ഓവര്‍കോട്ടിട്ട് കെറ്റിലില്‍ നിന്നും രണ്ടു കപ്പില്‍ കാപ്പി നിറച്ചു അപര്‍ണ്ണ പുറത്തേക്കിറങ്ങി.

പുറകുവശത്തെ വരാന്തയില്‍ പ്ലാന്‍റെഷനിലേക്ക് കണ്ണും നട്ടിരിക്കുന്ന കെവിനെ കണ്ടു.. കോഫി കൊടുത്ത് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.

“ഹേയ്..”

അയാള്‍ നോക്കിയതും അപര്‍ണ്ണ ചെറുതായൊന്നു പരുങ്ങി.. കണ്ണുകള്‍ ദൂരേയ്ക്ക്.. കെവിന്‍ അടുത്തേക്ക് വന്നു. ശരിയാവില്ല.. അയാളെ നോക്കാതെ മുഖം താഴ്ത്തി അപര്‍ണ്ണ അകത്തേക്ക് കയറി. തിരിച്ചു വീട്ടിലേക്കു പോകണം. ഇപ്പോള്‍ അങ്ങോട്ടേക്ക് ചെന്നതുതന്നെ എന്തോപോലെ തോന്നിയവള്‍ക്ക്‌. കാലുകള്‍ക്ക് വിറയല്‍ വന്നപ്പോലെ.. നടക്കാനുള്ള ധൃതി വേഗതയില്‍ കാണപ്പെട്ടില്ല. കൈയിലിരുന്ന കപ്പില്‍ നിന്നും ചൂടുള്ള കോഫി താഴേക്ക്‌ തുളുമ്പി. കീബോര്‍ഡിനരികില്‍ കിടന്ന മേശമേല്‍ അപര്‍ണ്ണ കോഫികപ്പ് വെച്ചു. പുറകില്‍ അവളെത്തന്നെ നോക്കി അയാള്‍ നില്‍പ്പുണ്ടാവും. അപര്‍ണ്ണ അവിടെ നിന്നു വിയര്‍ത്തു.

കെവിന്‍ അടുത്ത് വന്നു. അവളുടെ മുന്നില്‍.. ഒരു നിമിഷം പോലും വേണ്ടിവന്നില്ല. അയാളുടെ കൈകള്‍ അപര്ന്നയുടെ മുടിയിഴകളിലും പിന്കഴുത്തിലും ഓടിക്കളിച്ചു. കീബോര്‍ഡിലെന്നപോലെ.. ഇറുകെപ്പിടിച്ചു ചുംബിച്ചുനില്‍ക്കുമ്പോള്‍ അണ്ണാന്‍കുഞ്ഞ്‌ കണ്ണടച്ചു.. മൂന്നുവര്‍ഷത്തോളം അവളുടെ കണ്ണില്പെടാത്ത മാറാലയും തണുപ്പും നിറഞ്ഞ ഒരു മുറിയില്‍ പകല്‍ മുഴുവന്‍ പ്രണയം പങ്കുവച്ച് അവളും കെവിനും കഴിഞ്ഞു. സംഗീതവും ചെറിയ ചിരികളും നിറയെ ചുംബനങ്ങളുമായി.. സന്ധ്യക്ക് മുന്നേ അയാളുടെ ചൂടുപറ്റി അപര്‍ണ്ണയുറങ്ങി.. രാത്രിയില്‍ എപ്പോഴോ കണ്ണുതുറന്നുനോക്കിയപ്പോള്‍ തൊട്ടടുത്ത്‌ കെവിനില്ല. തലേനാള്‍ രാത്രിയിലിട്ട തിളക്കമുള്ള ഗൌണില്‍ അനിര്‍വച്ചനീയപ്രണയത്തിന്‍റെ ചുളിവുകള്‍ വന്നിരിക്കുന്നു. മഞ്ഞുത്തുള്ളികള്‍ വീണു നനഞ്ഞ പുല്‍ത്തകിടിയിലൂടെ നഗ്നപാദയായ് അപര്‍ണ്ണ നടന്നു.

സങ്കടവും ദേഷ്യവും കുറ്റബോധവുമൊക്കെ പിടികൂടുന്നതിന് മുന്‍പേ ഡ്രോയറില്‍ നിന്ന് ഉറക്കഗുളികയെടുത്തു കഴിച്ച് പുതപ്പിനുള്ളിലേക്ക് അഭയം പ്രാപിച്ചു. രണ്ടു ദിവസം വീടടച്ചു ഉള്ളില്‍തന്നെ കഴിഞ്ഞു.. അയാള്‍ വന്നുവോ.. അറിയില്ല. അവള്‍ക്കറിയണ്ടാ. അടുത്ത ദിവസം കാറു കൊണ്ടുപോകാന്‍ ആളുകള്‍ വന്നു. കീ കൈമാറിയപ്പോള്‍ അപര്‍ണ്ണയുടെ കണ്ണുനിറഞ്ഞു. അവര്‍ തന്ന പണം മേശമേല്‍ വച്ച് പതിവിലും വ്യഗ്രതയോടെ പെട്ടികള്‍ എല്ലാം റെഡിയാക്കി വച്ചു. നാളെ പറന്നകലുമ്പോള്‍ ഒന്നും തിരികെ വിളിക്കരുത്.

വൈകുന്നേരം എലിസബത്തും ചില ഹോസ്പിറ്റല്‍ സ്റ്റാഫും അപര്‍ണ്ണയെ സന്ദര്‍ശിച്ചു. ചെറിയ ഗിഫ്റ്റുകളും ആശംസകളും ഒക്കെയായി. അടുക്കളയില്‍ അവര്‍ക്കായി എന്തൊക്കെയോ പാകംചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചില്ലുഗ്ലാസിലൂടെ ഔട്ട്‌ഹൗസിന് മുന്നില്‍ അവളെത്തന്നെ നോക്കി നില്‍ക്കുന്ന കെവിനെ കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കളുടെ ഒത്തനടുവിലേക്ക് അയാളില്‍ നിന്നും ഓടിയൊളിച്ചു. ഈ രാത്രി കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. പങ്കുവയ്ക്കാന്‍ ആരെയും വേണ്ടാ.

പിറ്റേദിവസം രാവിലെ എയര്‍പോര്‍ട്ടിലേക്കുള്ള ടാക്സി വന്നു. പെട്ടികള്‍ ഓരോന്നായി എടുത്തുവയ്ക്കുമ്പോള്‍ കെവിന്‍ സഹായിക്കാനെത്തി.

“ദാറ്റ്‌സ് ഓക്കേ.. ഐ കാന്‍ മാനേജ് ദിസ്‌”

ഒഴിവാക്കാന്‍ നോക്കിയെങ്കിലും, അത് കേട്ട ഭാവം പോലും നടിക്കാതെ കെവിന്‍ എല്ലാ പെട്ടികളും ഭദ്രമായി ഡിക്കിയില്‍ വച്ചടച്ചു.

“ഷാള്‍ ഐ ഡ്രോപ്പ് യു .. മിസ്സ്‌..?” വിഷാദ മുഖത്തോടെ അയാള്‍ ചോദിച്ചു.

“നോ..!!”

അവള്‍ യാത്ര പറയാതെ വണ്ടിയില്‍ കയറിയിരുന്നു. മുന്നോട്ട് നീങ്ങിയ കാര്‍ റോഡിലേക്ക്‌ കയറും മുന്നേ നിന്നു. അപര്‍ണ്ണ തിരികെ ഓടിവന്നു. കിതച്ചുകൊണ്ട് അയാളുടെ മുഖത്തേക്കുനോക്കി.. ദേഷ്യമില്ല.. അയാളെ ആദ്യം കണ്ടത് പോലെ..

“ഐ ഡോന്നോ വാട്ട് ടു സെയ്.. ഐ ആം.. “ അയാളെ പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കാതെ അപര്‍ണ്ണ ഇറുകെചുംബിച്ചു.

“സെയ് ദിസ്‌..” എന്നിട്ട് അയാളുടെ ഇരുകൈകളും അവളുടെ നിറുകമേല്‍ വച്ചിട്ട് അപര്‍ണ്ണ ചിരിയോടെ പറഞ്ഞു..

“ദീര്‍ഘസുമംഗലീ ഭവ: !!”

മനസിലാവാതെ കെവിന്‍ നിന്നു…

തിരികെ നടക്കുമ്പോള്‍ നിലയ്ക്കാത്ത സംഗീതത്തിന്റെ കുരുന്നുകോര്‍ഡുകള്‍ അവളുടെയുള്ളില്‍.. ഒരേ താളത്തില്‍ മിടിച്ചു.

വെറ്റിലച്ചെല്ലം

il_340x270.650077973_btqf

കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് അവരുടെ മുത്തശ്ശിയുടെ കൈയില്‍നിന്നും കിട്ടിയതാണ് ക്ലാവ് പിടിച്ചതെങ്കിലും, മനോഹരമായ കൊത്തുപണികളും മൂന്നറകളുമുള്ള, താഴ്ത്തിക്കെട്ടിയ ഉമ്മറക്കോലായിലും അകത്തെ ചായ്പ്പിലുമൊക്കെ വര്‍ഷങ്ങളായി ഇടംപിടിച്ചിരിക്കുന്ന വെറ്റിലച്ചെല്ലം. നുറുക്കിയ പാക്കിന്‍ കഷണങ്ങളും കുഞ്ഞു പ്ലാസ്ടിക് ടിന്നിലെ വാസനയുള്ള ഇളം റോസ്നിറത്തിലുള്ള ചുണ്ണാമ്പും ഒരുകെട്ട്‌ വെറ്റിലയും എപ്പോഴും അതിലിടംപിടിച്ചിരുന്നു. അവരുടെ ചെറിയ ദേഷ്യങ്ങളും, പരിഭവങ്ങളും,സങ്കടങ്ങളും ഈശാപോശകളുമൊക്കെ കാലങ്ങളായിങ്ങനെ മുറുക്കിത്തീര്‍ത്തു വന്നു.

അവരുടെ മൂത്ത പുത്രി വസുധ കൊട്ടാരക്കരയില്‍ ഭര്‍ത്താവും കുട്ടികളുമായി ജീവിക്കുന്നു. ഇളയമകന്‍ രാമകൃഷ്ണന്‍ കൂടെയുണ്ട്. അയാള്‍ അവിടുത്തെ പോസ്റ്റുമാനാണ്. അകന്ന ബന്ധത്തിലെ ശ്രീദേവിയെ കെട്ടി അതില്‍ ഒരു കുട്ടിയുമുണ്ട്. തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു രണ്ടുമുറി വീട് കുറേശ്ശെയായി കെട്ടിപ്പൊക്കുന്നുണ്ട് രാമകൃഷ്ണന്‍. അതില്‍ ലവലേശം തൃപ്തിയില്ലായെങ്കിലും എല്ലാ ദിവസവും തനിക്കാവുന്ന രീതിയില്‍ എന്തെങ്കിലും ചെറിയപണികള്‍, അതിനി രണ്ടിഷ്ടിക കൂട്ടിവയ്ക്കുന്നതാണെങ്കില്‍ പോലും, കുഞ്ഞുലക്ഷ്മിയമ്മ ചെയ്തുകൊടുക്കാറുണ്ട്. മിക്കപ്പോഴും ഒരു മേസ്തിരിയും ഒരു തച്ചും മാത്രമേ പണിക്കുണ്ടാവാറുള്ളൂ. പണിക്കൂലി ലാഭിക്കാന്‍ വേണ്ടി ഒക്കുമ്പോഴൊക്കെ രാമകൃഷ്ണന്‍ കൈലിയുമുടുത്തിറങ്ങും. പച്ചപരിഷ്കാരിയും ആഡംബരപ്രിയയുമായ ശ്രീദേവിയെ കുറേക്കാലം പുറകെനടന്നു സ്വന്തമാക്കിയതിന്റെ പേരിലാണ് അമ്മയും മകനും ആദ്യമായി വഴക്കിട്ടത്. കോളേജില്‍ പോയി പഠിച്ചതിന്റെ ഹുങ്കും ആ പ്രദേശത്ത് ചുരിദാറും മിഡിയും ഒക്കെ ആദ്യമായി ഇട്ടു വിലസിയെന്നെ ക്രെഡിറ്റും ശ്രീദേവിയെ കുഞ്ഞുലക്ഷ്മിയമ്മയില്‍ നിന്നും കുറേക്കൂടി അകറ്റി നിര്‍ത്തി.

ആരോടും അഭിപ്രായം ചോദിക്കാതെ മകന് ശ്രീദേവിയിട്ട തരുണ്‍ രാമകൃഷ്ണന്‍ എന്ന പേര് കുഞ്ഞുലക്ഷ്മിയമ്മ ഇതേവരെ ഉച്ചരിക്കുന്നത് ആരും കേട്ടിട്ടില്ല. പകരം കൊച്ചുരാമാ എന്ന് ഉറക്കെ നീട്ടിവിളിച്ചും ആരെങ്കിലും വരുമ്പോള്‍ കുറച്ചുകൂടി സ്നേഹത്തില്‍ അതാവര്‍ത്തിച്ചും അവര്‍ മരുമകളോട് മധുരപ്രതികാരം വീട്ടി. കൊച്ചുരാമന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയ വര്‍ഷമാണ്‌ ഓടിട്ട തറവാടിന്റെ ഒരു വശം ചെറുതായൊന്നുതാഴേക്ക്‌ ഇടിഞ്ഞത്. മുകളിലത്തെ കയ്യാലയോട് ചേര്‍ന്ന് നിന്നിരുന്ന കൂറ്റന്‍പ്ലാവിന്‍റെ ഒരു ശിഖരം തുലാമാസത്തിലെ ഒരു പേമാരിയില്‍ ഒടിഞ്ഞു വീടിനുമേല്‍ വീണു. പഴയ ഓടും വീഴാറായി നിന്ന ഉത്തരവും നനഞ്ഞുകുതിര്‍ന്ന ഭിത്തിയും അപ്പോഴേ താഴോട്ട് താണുപോയി. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി പഴയവീടിനെ നന്നാക്കുന്നതിനു പകരം അടുത്തയാഴ്ച തന്നെ കപ്പയും ചേമ്പും തഴച്ചുനിന്നിരുന്ന മുന്‍വശത്തെ നിരപ്പായ കൊച്ചുപറമ്പില്‍ പുതിയവീടിനു രാമകൃഷ്ണന്‍ തറക്കല്ലിട്ടു. കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളും പണയംവച്ചതും ചിട്ടിപ്പണവും ഒക്കെക്കൂട്ടിയിട്ടും തറകെട്ടലോടെ വീടുപണി മന്ദഗതിയിലായി. മാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നും പകുതിമുക്കാലുമെടുത്ത് സിമന്റും കട്ടകളും വാങ്ങി പണിക്കാരെ കുറച്ച് സ്വന്തം അധ്വാനം കൂട്ടിയ രാമകൃഷ്ണന്‍ മാസങ്ങള്‍ക്കുള്ളില്‍ ക്ഷീണിച്ച് കോലംതിരിഞ്ഞു.

ഒരു ദിവസം മുറുക്കിക്കൊണ്ടിരുന്ന കുഞ്ഞുലക്ഷ്മിയമ്മയുടെ അടുത്തേക്ക് കൊട്ടാരക്കരയില്‍നിന്നും വസുധയും കുട്ടികളും വന്നു. അവരുടെ ചിരികളികള്‍ക്കിടയിലും മകളുടെ മുഖത്തെ ദൈന്യഭാവം കുഞ്ഞുലക്ഷ്മിയമ്മ ശ്രദ്ധിച്ചു. അത്താഴം കഴിഞ്ഞ് അമ്മയുടെ കാലില്‍ കുഴമ്പുതേച്ചുകൊണ്ടിരിക്കെ വസുധ കാര്യം പറഞ്ഞു. ഭര്‍ത്താവ് പ്രഭാകരന്‍റെ അനിയത്തിയുടെ കല്യാണമാണ്. വസുധയ്ക്ക് സ്ത്രീധനമായി പത്തു പവന്‍റെ ഉരുപ്പടി മാത്രമേ കൊടുത്തിരുന്നുള്ളൂ. അന്ന് പറഞ്ഞുവച്ച അമ്പതിനായിരം രൂപ കൊടുക്കാന്‍ കുഞ്ഞുലക്ഷ്മിയമ്മയ്ക്കോ രാമകൃഷ്ണനോ ഇതേവരെ കഴിഞ്ഞിട്ടില്ല.  അമ്പലത്തില്‍ വച്ച് ചെറിയൊരു ചടങ്ങായിരുന്നു അത്. അനിയത്തിയുടെ കല്യാണം നടത്താന്‍ ഓടിനടന്നു കടം വാങ്ങുമ്പോഴും പ്രഭാകരന്‍ വസുധയോട് മുഖം കറുത്ത് പെരുമാറിയില്ല. മനസ്സിലുള്ള വിഷമം മുഴുവന്‍ അമ്മയോട് പറഞ്ഞു വസുധ കരഞ്ഞു. പിറ്റേദിവസം അവര്‍ പോകാനിറങ്ങവേ കുഞ്ഞുലക്ഷ്മിയമ്മ ഒരു തൂവാലയില്‍ രണ്ടു നേര്‍ത്ത സ്വര്‍ണ്ണവളകളും ഗുരുവായൂരപ്പനെ കൊത്തിവച്ച ഒരു ലോക്കറ്റും പൊതിഞ്ഞുകെട്ടി മകളെ ഏല്‍പ്പിച്ചു. തല്‍ക്കാലത്തേക്ക് അത് വിറ്റ് പ്രഭാകരനെ സഹായിക്കാന് കാതില്‍ പറയുകയും ചെയ്തു.

അമ്മയുടെ കൈയിലെ വളകള്‍ അപ്രത്യക്ഷമായത് ശ്രീദേവി കൃത്യമായി രാമകൃഷ്ണന്‍റെ ശ്രദ്ധയില്‍ പെടുത്തി. വീടുപണി പലതവണ നിന്നുപോയിട്ടും ഇങ്ങനെയൊരു സഹായം എന്തേ ചെയ്തില്ല എന്ന ചോദ്യത്തിന് മുന്നില്‍ ചെല്ലവും കുഞ്ഞുലക്ഷ്മിയമ്മയും നിശബ്ദരായിരുന്നു. മകന്‍ മുറുമുറുപ്പോടെ എഴുന്നേറ്റുപോയതും വൃത്തിയുള്ള ഒരു വെറ്റിലയുടെ നാക്ക്നുള്ളി നെറ്റിയുടെ വശത്തുചേര്‍ത്തുവച്ച് കുഞ്ഞുലക്ഷ്മിയമ്മ അപ്പോഴുണ്ടായിരുന്ന ചെറിയ കുറ്റബോധത്തെ ചവച്ചുതുപ്പി.

പിറ്റേദിവസം മുതല്‍ ശ്രീദേവി ഇടയ്ക്കും മുറയ്ക്കും വളകളെയും പക്ഷാഭേദത്തെയും പറ്റി ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. സഹിക്കവയ്യാതെവന്നപ്പോള്‍ ചെല്ലവുമെടുത്ത് കുഞ്ഞുലക്ഷ്മിയമ്മ അയല്‍വക്കത്തെ വീട്ടില്‍ പോയിരുന്നു. രാമകൃഷ്ണന്‍ പോസ്ടാഫീസില്‍ നിന്നും വരുന്ന വഴി ജോര്‍ജിന്റെ വീട്ടുപടിക്കല്‍ കട്ടന്‍കാപ്പിയും കുടിച്ച് ദയനീയഭാവത്തോടെയിരിക്കുന്ന അമ്മയെ കണ്ടു.

തിരിച്ചു വീട്ടില്‍ കയറി വന്നതും തിണ്ണനിരങ്ങി നടക്കാന്‍ നാണമില്ലേ എന്നുചോദിച്ച് രാമകൃഷ്ണന്‍ ഒച്ചപ്പാടുണ്ടാക്കി. ഒന്നുമറിഞ്ഞ മട്ടുഭാവിക്കാതെ ശ്രീദേവി രണ്ടുപേര്‍ക്കുമായി കാപ്പിയെടുത്തു തിണ്ണയില്‍ വെച്ചു. കുഞ്ഞുലക്ഷ്മിയമ്മ അന്ന് അത്താഴം കഴിച്ചില്ല. കോളാമ്പിയില്‍ കടുത്തുചുവന്ന വെറ്റിലനീര് പലതവണ വീണു.

വീടിന്‍റെ തേപ്പുതീരാറായി. ഒരുമാസം കഴിഞ്ഞ് ശ്രീദേവിയുടെ മൂത്ത ആങ്ങള ബോംബെയില്‍ നിന്ന് വന്നതും ഒരു കെട്ടുനോട്ടുകള് രാമകൃഷ്ണന്‍റെ കൈയില്‍ കൊടുത്തു. ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലായെങ്കിലും സഹോദരസ്നേഹം മാനിച്ച് അതുവാങ്ങി ശ്രീദേവിയുടെ കൈയില്‍ ഏല്‍പ്പിച്ചു. അടുത്തയാഴ്ച തന്നെ പെയിന്റടി തുടങ്ങാമെന്ന് അവര്‍ തീരുമാനിച്ചു. അന്ന് പതിവില്ലാതെ ശ്രീദേവി പുതിയവീടിന്റെ മുറ്റത്തും മുറികളിലുമോക്കെയായി കുറേനേരം ചിലവിട്ടു.

രണ്ടുദിവസം കഴിഞ്ഞതും നാലഞ്ചുപേര്‍ വന്ന്‌ പറമ്പില്‍ നിന്ന രണ്ടു തേക്കും പൂവരശും വെട്ടിയിറക്കി. കുഞ്ഞുലക്ഷ്മിയമ്മ ചോദിച്ചപ്പോള്‍ കട്ടിലും കസേരകളും ഊണുമേശയുമൊക്കെ പണിയാന്‍ വേണ്ടിയാണെന്ന് അവിടെ നിന്ന ആശാരിപ്പയ്യന്‍ പറഞ്ഞു. ഉടനെതന്നെ വഴക്കിനോ ചോദ്യംചെയ്യലിനോ നില്‍ക്കാതെ, ചെല്ലവുമെടുത്ത് ചായ്പ്പിന്റെ ഇരുട്ടിലേക്ക് കുഞ്ഞുലക്ഷ്മിയമ്മ കയറിപ്പോയി. രാമകൃഷ്ണനും ശ്രീദേവിയും തിരക്കിട്ട് വീടിന്‍റെ പണികളില്‍ മുഴുകി. പണിക്കാര്‍ക്ക് കട്ടനിട്ടുകൊടുക്കാനും അവിടമൊക്കെ തൂത്തുവൃത്തിയാക്കാനും അമ്മയെ വിലക്കി ശ്രീദേവി കാര്യങ്ങള്‍ ഏറ്റെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വെള്ളപൂശി വീട് സുന്ദരമായി. ജനാലകളും വാതിലുകളും തിളങ്ങി.. ശ്രീദേവിയുടെ മാതാപിതാക്കള്‍ വീട് കാണാനെത്തി. അവര്‍ക്ക് മുന്നില്‍ ചെല്ലവും മടിയില്‍വച്ച് ഇടയ്ക്കിടെ പാസാക്കുന്ന ചിരിയുമായി കുഞ്ഞുലക്ഷ്മിയമ്മ.

രാമകൃഷ്ണന്‍ കണിയാനെക്കണ്ട് പാലുകാച്ചലിനു തീയതികുറിപ്പിച്ചു. വാര്‍ണ്ണീഷുപൂശിയ കട്ടിലുകളും മേശയും കസേരകളും പുതിയ വീട്ടിനുള്ളില്‍ ഇടംപിടിച്ചു. വസുധയും പിള്ളേരും പ്രഭാകരനും തലേന്ന് തന്നെ വീട്ടിലെത്തി. പുത്തന്‍സാരിക്കുള്ള ബ്ലൌസു തുന്നിയത് വാങ്ങാന്‍ ശ്രീദേവി പോയ നേരത്ത് മകന്‍റെ വീടുകാണാന്‍ കുഞ്ഞുലക്ഷ്മിയമ്മയിറങ്ങി. അടുത്ത വീട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കാന്‍ രാമകൃഷ്ണന്‍ പോയിരിക്കുകയാണ്. പിറ്റേദിവസം രാവിലെ ഒന്‍പതുമണിക്കാണ് മുഹൂര്‍ത്തം. വീടിന്‍റെ മുറ്റത്ത്‌ ചെന്നതും പടുതയിട്ട ഭാഗത്ത്‌ കിടക്കുന്ന കയറിന്‍റെ തുണ്ടുകളും മറ്റും പെറുക്കിയെടുത്ത് ഒന്നുകൂടി മുറ്റമൊക്കെ അടിച്ചുവാരി ചൂലുകൊണ്ടുപോയി പിന്‍വശത്ത് വച്ചിട്ട് കൈയും കാലും മുഖവും കഴുകി മുന്‍വശത്തെ ചെറിയ തിണ്ണയിലേക്ക് കയറി.  മുണ്ടിന്‍റെ ഒരുപാളി മടക്കി കുത്തിയത് വിടുവിച്ച് താഴോട്ടിട്ട് അമ്പലത്തിലേക്കെന്നപോലെ തേക്കില്‍തടിയില്‍ ഭംഗിയായി പണിത വാതില്‍ തുറന്നു. ഈശ്വരനെ വിളിച്ച് കുഞ്ഞുലക്ഷ്മിയമ്മ അകത്തേക്ക് കയറി.

സ്വീകരണമുറിയില്‍ വലിയ സോഫാസെറ്റിയും മേശയും അതിനോട് ചേര്‍ന്ന് ഭിത്തിയില്‍ പിടിപ്പിച്ചിരിക്കുന്ന ഗ്ലാസിട്ട അലമാരയും. അപ്പുറത്ത് വീട്ടില്‍ വച്ചിരുന്ന കുറെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ ഇങ്ങോട്ടെക്ക് കൊണ്ടുവന്നിരുന്നു. രാമകൃഷ്ണന്റെയും ശ്രീദേവിയുടെയും കല്യാണഫോട്ടോയും, അതിനപ്പുറം ശ്രീദേവിയുടെ അച്ഛനമ്മമാരുടെ ഒരു ഫോട്ടോയും. ഇതുവരെ കാണാത്ത ഒന്ന്. അതുകണ്ടതും  കുഞ്ഞുലക്ഷ്മിയമ്മയുടെ കണ്ണുകള്‍ ആ വീട്ടിലെ ചുമരുകളിലാകെ ഓടിനടന്നു. ഇനിയിപ്പോള്‍ മകന്‍ മറന്നതാണോ.. തന്‍റെയും രാമകൃഷ്ണന്‍റെ അച്ഛന്റെയും ചെറുപ്പത്തിലെടുത്ത ഒരു ഫോട്ടോയെ ഉള്ളൂ.. വസുധ ജനിക്കുന്നതിനും മുന്നേയുള്ളത്. പെട്ടിയിലെവിടോ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതെടുത്തുകൊടുക്കണം. വാതിലടച്ചു കുഞ്ഞുലക്ഷ്മിയമ്മ വീട്ടിലേക്കു വന്നു.

രാത്രി ഇത്തിരി വൈകിയാണ് രാമകൃഷ്ണന്‍ വന്നത്. ഉമ്മറത്ത്‌ ഫോട്ടോയും പിടിച്ചു കുഞ്ഞുലക്ഷ്മിയമ്മ ഇരുപ്പുണ്ടായിരുന്നു. ഉടുപ്പുമാറി അത്താഴവും കഴിച്ച്‌ എന്തൊക്കെയോ സാധനങ്ങളുമായി മുറ്റത്തേക്കിറങ്ങിയ മകനെ വിളിച്ച് ഫോട്ടോ കാണിച്ചുകൊടുത്തു ചിരിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചിതലെടുത്ത ഇതൊന്നും അങ്ങോട്ടേക്ക് വേണ്ടായെന്നു പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്നുപോയി. പ്രതീക്ഷിക്കാതെ വന്ന മറുപടി ആരെങ്കിലും കേട്ടോ എന്ന് ചുറ്റിനും നോക്കിയപ്പോള്‍ ചെറിയ ചിരിയോടെ അകത്തേക്ക് തിരിഞ്ഞുപോയ ശ്രീദേവിയെയാണ് കണ്ടത്.

വെറ്റിലചെല്ലം എവിടേ..? കുഞ്ഞിരാമാ.. ഇടറിയ ശബ്ദത്തില്‍ പഴയ ഫോട്ടോയുമായി അവര്‍ ചായ്പ്പിലേക്ക് പോയി.

നേരം വെളുത്തു.. ശ്രീദേവി നേരത്തേ എഴുന്നേറ്റു. മകനെ കുളിപ്പിച്ച് നിര്‍ത്തി.. കാപ്പിയും ചെറിയ തോതില്‍ പ്രാതലുമൊക്കെ അവിടെത്തന്നെ തയ്യാറാക്കുന്നുണ്ട്. അടുക്കി വച്ചിരിക്കുന്ന കസേരകളും മറ്റും മുറ്റത്ത്‌ നിരത്തണം. പ്രഭാകരനും മക്കളും അവര്‍ക്കൊപ്പം രാമകൃഷ്ണനും പുതിയ വീട്ടിലേക്കു ചെന്നു. ഒരുകസേരയെടുത്തു തിണ്ണയില്‍ ഇടാനൊരുങ്ങിയതും എന്തോകണ്ട് ദേഷ്യത്തില്‍ കസേര ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ് രാമകൃഷ്ണന്‍ തറവാട്ടിലേക്ക് പാഞ്ഞു.

വീടിനു മുന്നില്‍ നിന്ന് അമ്മേയെന്ന് ഉച്ചത്തില്‍ വിളിച്ചു. അമ്മയൊഴികെ എല്ലാവരും പുറത്തേക്കിറങ്ങി വന്നു. അയാള്‍ കലിമൂത്ത് അകത്തേക്ക്കയറി. ചായ്പ്പിന്റെയുള്ളില്‍ ചെല്ലവുമെടുത്തു വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുലക്ഷ്മിയമ്മ ഒരു ഭാവവ്യത്യാസവുമില്ലാതെ മകനെ നോക്കി.

രാമകൃഷ്ണന്‍ അടുത്തേക്ക് ചെന്ന് അമ്മയുടെ മടിയില്‍ ഇരിക്കുന്ന ചെല്ലമെടുത്ത് പുറത്തേക്കോടി. നടവാതില്‍ക്കല്‍ ഇറങ്ങി തിരിഞ്ഞുനിന്ന് കല്ലുകൊണ്ട് കെട്ടിയ പടികളിലേക്ക് സര്‍വ്വശക്തിയുമെടുത്ത്‌ കൈയിലുള്ള വെറ്റിലചെല്ലം എറിഞ്ഞു. ശബ്ദം കേട്ട് ശ്രീദേവിയും വസുധയും അന്ധാളിച്ചുനിന്നു. കുഞ്ഞിരാമന്‍ പേടിച്ചു കരയാനും തുടങ്ങി. തന്‍റെ വീടിന്‍റെ പടിചവിട്ടരുതെന്നോ മറ്റോ പുലമ്പിക്കൊണ്ട് അയാള്‍ പോയി. ശ്രീദേവി പിന്നാലെയും.

ഇന്നേരം പഴയ ഫോട്ടോ ഒന്നുകൂടി തുടച്ചു വൃത്തിയാക്കി പെട്ടിയിലടച്ചു കുഞ്ഞുലക്ഷ്മിയമ്മ പുറത്തു വന്നു. മുറ്റത്ത്‌ രണ്ടായി പിളര്‍ന്നു ചളുങ്ങിക്കിടക്കുന്ന ചെല്ലമെടുത്ത്‌ അകത്തേക്കുപോയി.

ആളുകള്‍ വരുന്നതിനു മുന്നേ പുതിയ വീടിന്‍റെ മുന്‍വശത്തെ വെളുവെളുത്ത ഭിത്തിയില്‍ നിന്നും വെറ്റിലക്കറ മാറ്റാന്‍ രാമകൃഷ്ണനും ഭാര്യയ്ക്കും പന്ത്രണ്ടുകുടം വെള്ളം കോരേണ്ടിവന്നു.

a birthday worth celebrating !

I celebrated my first birthday away from my parents n Kerala. I was about to have a normal day at home, not knowing much about the current place Bangalore. But, I cudnt.. because my 28 years questioned my situation.On my birthdays, I used to have a drive in my car with a share from my purse and I used to buy food, good food ! I kept them in my backseat and I never returned with them. A temple ground , bus stand or Kottayam railway station was enough to distribute them. And then I return home with a smile, the smile my parents always love !  I never used to have a great bank account or a filled pocket, even when I was super busy in my career! Especially in December, I will be struggling for anything that is costly 🙂  Thanks to my profession and parents, I have been living like a princess and now to my partner, for keeping me just the same !

filling the balloon with love !

So on my birthday, I bluntly asked him.. ”can you take me to an old age home?”.

Google gave us many ( ahh.. we have created many )!

smiles from the heart :)

smiles from the heart 🙂

When I stepped inside that building, I expected sad ,lonely faces. A small girl was playing in the hall area, in skirt and blouse with a woolen sweater on. Looking at me, she smiled and wished us ‘sai ram’. Founder Shashi mam welcomed us with a warm smile. In her office, I met a teenage girl Shilpa, together they explained about Sri Sai Krupa Charitable Trust.

love !

love !

The day went fast, I met all the inmates, talked to them, all of them blessed me.

I have been visiting the similar kind of places back in Kerala, they all somehow reminded me about the struggles and unfortunate lives around. Here I saw people from different states, who speak different languages. A boy named John who speaks Tamil, was taking care of many things from arranging chairs to cleaning hands of his younger sisters. I was shocked to see his helping mentality and kindness towards others. My eyes were filled when he served me a piece of cake, came back again and again if I would like to have more. When he was having lunch,I asked him to have more, he did, but only after finishing the whole food in his plate. He knows the value.. he has been taught like that.

everyone here looked happier n brighter.. they just need little support n love :)

everyone here looked happier n brighter.. they just need little support n love 🙂

I could meet only the new admission kids, rest of them were having their day at school. I saw them returning home as a group, cleaning their feet and then getting inside with lot of smiles and energy. For them, its a regular day, with routines. They learn arts, they practice yoga everyday.. they go through Bhagavad Gita and yes, they live a disciplined life.

i ddnt miss my achan's regular chocolate cake this time,they kept me happy n content :)

i ddnt miss my achan’s regular chocolate cake this time,they kept me happy n content 🙂

About the old folks there, none of them are perfectly healthy, some are bedridden, some blind, some paralyzed.. but each one of them has a smile.

Founder of the trust, Mrs. Shashi mam , their amma !

Founder of the trust, Mrs. Shashi mam , their amma !

i want to see them , celebrating their bdays n helping their brothers n sisters in future!

i want to see them , celebrating their bdays n helping their brothers n sisters in future!

I only had one thing in my mind, unanswered, I even asked Shashi mam.. that how are they able to keep this house, without having a great bank balance or support.. they dnt get help from NGO’s , they dnt have wealthy sponsors coming in, its just their household money which is not that much ! She smiled.. and in reply ..

”You can see, I have 25 kids and I have so many elders to take care of, sometimes we do get worried, perplexed about the expenses on food ,medicines etc.. but then suddenly one day, a lady or gentleman like you comes in, spends time with us, celebrates and share love, then we get recharged, we just feel fine and we move ahead with our mission.”

smiles stronger than mine.. minds prettier than mine !

smiles stronger than mine.. minds prettier than mine !

She shook me with that moment! She did not ask me donation or help. But, she earned a human being, who will return with more 🙂 even the smiles or the money she gets in future 🙂

Almighty gives us moments where we feel full without having a morsel.. :)

Almighty gives us moments where we feel full without having a morsel.. 🙂

A day worth living.

when u talk to them you will know, not how lucky we are, but how incomplete we are ..

when u talk to them you will know, not how lucky we are, but how incomplete we are ..

happy birthday to a happier me !! 🙂

നിശയിലെ കരിനീലനാമ്പുകള്‍

12400500864_a8609fbec1_z 

വീടിന്‍റെ പടിഞ്ഞാറേ തൊടിയില്‍ ഇളകിയാടുന്ന മുരിങ്ങ കണക്കെ തനിക്ക് മുന്നില്‍നിന്നും നിസംഗതയോടെ ഗേറ്റുകടന്ന്‍ ആടിയാടി നടന്നകലുന്ന അനിയനെ നോക്കിയിട്ട് അഭിലാഷ് അയാളുടെ കിടപ്പുമുറിയിലേക്ക് പോയി. രാധിക മൂന്നുവയസ്സ് മാത്രം പ്രായമുള്ള അവരുടെ മകള്‍ക്ക് ഇംഗ്ലീഷ് നഴ്സറി പദ്യങ്ങള്‍ ചൊല്ലിക്കൊടുക്കുന്നുണ്ടായിരുന്നു. അഭിലാഷ് കതകടച്ചതും കുട്ടി മെത്തയില്‍ എഴുന്നേറ്റ് അച്ഛനെ നോക്കി നിന്നു.

“ഉപദേശിച്ചു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അഭീ..” ഭര്‍ത്താവിന്റെ മുഖത്തെ നിസ്സഹായത മനസിലാക്കി രാധിക പറഞ്ഞു.

“അമ്മയെ ഓര്‍ത്തുമാത്രേ ഞാന്‍ വിഷമിക്കുന്നുള്ളൂ. എല്ലാം സഹിക്കുന്നത് അവരാണ്. അച്ഛനുള്ളപ്പോള്‍ അമ്മയെ കരഞ്ഞു കണ്ടിട്ടില്ല ഞാന്‍.” അഭിലാഷിന്റെ ശബ്ദമിടറി.

“ഇത്തവണയെങ്കിലും മനസമാധാനത്തോടെ തിരിച്ചുപോകാമെന്ന് കരുതിയിരുന്നു. ഇതിപ്പോ എത്രാമത്തെ ജോലിയാ ഇങ്ങനെ നശിപ്പിക്കുന്നത്. ക്ഷമയില്ല.. കൂടെ മദ്യവും മുന്‍കോപവും. അവന്‍ രക്ഷപെടില്ല രാധികാ..”

“ഒന്നുകൂടി റീഹാബിലിറ്റെഷന്‍ നോക്കിയാലോ? ആനന്ദ് കൃത്യമായി മെഡിസിന്‍ കഴിച്ചിരുന്നേല്‍ ശരിയായേനെ.”

“ഇല്ലടോ..രണ്ടു തവണ പോയിട്ട് ഒരാഴ്ച കൂടെ അവനവിടെ നിന്നിട്ടില്ല. പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞ സ്ഥിതിക്ക് ഇനിയത് വേണ്ട. ഇവിടുണ്ടെല്‍ അമ്മയ്ക്ക് സമാധാനമുണ്ടാവും, ഇടയ്ക്ക് വിഷമിച്ചാലും രാത്രി കൂട്ടുണ്ടാവും അമ്മയ്ക്ക്. എല്ലാ ദിവസവും ആധിപിടിച്ച് കഴിയുന്നതിലും ഭേദം അതാണ്‌. അവനു തോന്നുമ്പോള്‍ തോന്നുന്ന ജോലിക്ക് പോട്ടെ. വയ്യെങ്കില്‍ നശിച്ചു തുലയട്ടെ” കൈയിലിരുന്ന പത്രം മേശയിലേക്ക്‌ വച്ച് അയാള്‍ മകളെ വാരിയെടുത്തു.

“അച്ഛന്റെ കുട്ടൂസെവിടെ…” ചുമലില്‍ പറ്റിചേര്‍ന്ന് മീനുക്കുട്ടി ചിരിച്ചു

പിറ്റേ ആഴ്ച ഭാര്യയുടെ വീട്ടില്‍ നിന്നും വന്നു കയറവേ സ്വീകരണ മുറിയില്‍ അനിയനോപ്പം പുതിയൊരു മുഖം കണ്ട് അഭിലാഷ് നിന്നു.  അമ്മ വിളിച്ചു പറഞ്ഞപ്പോഴും വിശ്വസിച്ചിരുന്നില്ല.  ഏട്ടനോട് ഒന്നിവിടം വരെ വരണം, അത്യാവിശ്യമാണ് എന്നൊക്കെ കേട്ടപ്പോള്‍.. പഴയത് പോലെ കുടിച്ചു വന്ന്‌ കരഞ്ഞു കാലുപിടിക്കാനും, മാപ്പ് പറഞ്ഞ് അടുത്ത ജോലി തരപ്പെടുത്തിയെടുക്കാനുമുള്ള പദ്ധതിയെന്നേ തോന്നിയുള്ളൂ.

ഇതിപ്പോള്‍ സംഗതി വേറെയാണ്.

പോര്‍ട്ടിക്കോവില്‍ ഇരുണ്ട മുഖവും കലങ്ങിയ കണ്ണുകളുമായി അമ്മയുണ്ട്. ആനന്ദ് ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു.  തൊട്ടപ്പുറത്ത് ജീന്‍സും ടോപ്പ്‌മണിഞ്ഞു ചെമ്പന്‍ മുടിയും ചുവന്ന ചുണ്ടുകളുമായി ഒരു പെണ്‍കുട്ടിയും.

ആനന്ദ് ഏട്ടനെക്കണ്ടതും എഴുന്നേറ്റു.  അമ്മ ദയനീയമായി മൂത്ത മകനെ നോക്കി.

“ഏട്ടാ.. ഇത്.. ജെനി.” സൌമ്യമായ ചിരിയോടെ നില്‍ക്കുന്ന പെണ്‍കുട്ടിയെ ആനന്ദ് പരിചയപ്പെടുത്തി.

എല്ലാവരും ഇരുന്നു.. അമ്മയൊഴികെ.

“മനസിലായില്ല..” അഭിലാഷ് പെണ്‍കുട്ടിയോട് ചോദിച്ചു

“അവള്‍ക്കു മലയാളം അറിയില്ല..”

“പിന്നെ..?” അഭിലാഷ് അനിയനെ രൂക്ഷമായി നോക്കി

“ഗോവക്കാരിയാണ്..  എന്റെ കൂടെ അവിടെ ഹോട്ടലില്‍ ജോലിചെയ്തിരുന്നു. ഏട്ടനേയും അമ്മയെയും പരിചയപ്പെടാന്‍ വന്നതാണ്.”

“എന്തിന്..” അഭിലാഷിന്‍റെ ശബ്ദത്തിനു ദേഷ്യമില്ല..

“ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു” ഏട്ടന്‍റെ മുഖത്ത് നോക്കാതെ ആനന്ദ് പറഞ്ഞു

അഭിലാഷ് അമ്മയെ നോക്കി..  വിങ്ങലോടെ മുണ്ടിന്‍റെ ഒരറ്റം കൊണ്ട് മൂക്ക് തുടച്ച്, തുളുമ്പുന്ന കണ്ണുകളുമായി അവര്‍ നിന്നു.

“ഒരു കുടുംബം നോക്കാനുള്ള പ്രായമൊക്കെയായി നിനക്ക്, നീ വിവാഹം കഴിക്കുന്നതിലും ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല.  പക്ഷെ എല്ലാദിവസവും മദ്യപിച്ച്, എവിടെയും സ്ഥിരതയില്ലാതെ അലഞ്ഞു നടക്കുന്ന ഒരാള്‍ക്ക്‌ നല്ല രീതിയില്‍ ജീവിക്കാന്‍ പറ്റില്ല.  ആദ്യം അടുത്ത ജോലി കണ്ടുപിടിക്ക്, എന്നിട്ട് കുറഞ്ഞത്‌ ഒരുവര്‍ഷമെങ്കിലും അവിടെ പിടിച്ചുനില്‍ക്ക്.  നമുക്കിത് പിന്നീടാലോചിക്കാം”  അഭിലാഷ് പറഞ്ഞു നിര്‍ത്തി.

“ആരുടേയും അനുവാദം ചോദിക്കാന്‍ വന്നതല്ല.. എനിക്കാരുടെയും സഹായവും അനുഗ്രഹവും വേണ്ട. ഇവളെ ഇങ്ങോടു കൊണ്ടുവന്നതാണ് തെറ്റ്.  എനിക്ക് തോന്നുമ്പോള്‍ ഞാന്‍ കെട്ടും.  ആരേ എന്ന് കരുതി അപ്പൊ ഞെട്ടണ്ട, അത്രേ ഉദ്ദേശിച്ചുള്ളൂ”

പെണ്‍കുട്ടിയുടെ കൈപിടിച്ച് ആനന്ദ് എഴുന്നേറ്റു.. പടിയിറങ്ങി പുറത്തേക്കു നടന്നു.

അമ്മയുടെ വിതുമ്പലുകള്‍ക്കിടയില്‍ മറ്റൊരു കൂടെ അറിവായി. ഇതാദ്യമായല്ല.  മറ്റൊരു പെണ്‍കുട്ടിയെ ഇതേപോലെ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം.

“അമ്മയെന്നോട് പറഞ്ഞില്ല.  കൂട്ട് നില്‍ക്കുമ്പോള്‍ ആലോചിക്കണം, വഷളാവും എന്ന്”

“ഞാന്‍ കൂട്ടുനിന്നില്ല മോനേ, നിന്നോട് പറയാനിരുന്നതാ ഞാന്‍, പക്ഷെ അതിനു മുന്നേ അവന്‍ തന്നെ അവസാനിപ്പിച്ചു ആ ബന്ധം.  ഒരിക്കല്‍ കുടിച്ചു കയറിവന്ന് കുറെ കരഞ്ഞു.  കുറെ ദിവസം ഒരേ കിടപ്പായിരുന്നു. അതില്‍പ്പിന്നെ ഞാന്‍ അതിനേക്കുറിച്ച് ചോദിച്ചിട്ടില്ല”

“ഇതും അങ്ങനെ പോയാല്‍ നന്ന്.  അല്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതം നമ്മളായി തകര്‍ത്തു എന്ന് വരും.  ഞാന്‍ കൂട്ട് നില്‍ക്കില്ല.”

അന്ന് രാത്രി അനിയനെ പ്രതീക്ഷിച്ചിരുന്നു അഭിലാഷ്. വീടിനു പുറത്തെ ചെറിയ തിണ്ണയില്‍ സിഗരറ്റും വലിച്ച് പന്ത്രണ്ടു മണി വരെ.. ഇടയ്ക്ക് ഗേറ്റ് വരെ നടന്നു ചെന്ന് നില്‍ക്കും.

അവര്‍ രണ്ടു പേരും ജനിച്ചുവളര്‍ന്ന വളര്‍ന്ന വീടാണ് അത്.  നാലു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും കോളേജുവരെ പരസ്പരം കൂട്ടുകൂടി നടന്നവര്‍.  അഭിലാഷ് കുവൈത്തില്‍ ജോലിക്ക് പോയി നാലാം വര്‍ഷമായിരുന്നു അച്ഛന്റെ മരണം.  അന്ന് മുതലാണ് ആനന്ദ് വഴിമാറി നടക്കാന്‍ തുടങ്ങിയതെന്ന്‍ അമ്മ പറയാറുണ്ട്‌.  പഠനത്തിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധകുറഞ്ഞുതുടങ്ങി.  പിന്നീടെപ്പോഴോ ഒരു ദിവസം കുടിച്ചു ബോധമില്ലാതെ വീട്ടിലേക്കുകയറിവന്ന മകനെയാണ് അമ്മ കണ്ടത്. അതിനുശേഷം അങ്ങിനെയേ കണ്ടിട്ടുള്ളൂ.

അഭിലാഷ് ചിന്തയിലാഴ്ന്നു.. എന്തോ ഓര്‍ത്തു.  പിന്നെയും ഗേറ്റ് വരെ പോയി നിന്നു.

അവനൊന്നു വന്നിരുന്നെങ്കില്‍.. ഭാരിച്ച മനസ്സ് പലതവണ പറഞ്ഞു.

അനിയന്‍ അന്ന് വന്നില്ല. വളരെ വൈകി കിടന്നിട്ടും അഭിലാഷ് ഉറങ്ങിയതുമില്ല.

രാവിലെ എഴുന്നേറ്റു ഫോണില്‍ കോണ്‍ടാക്ട് ലിസ്റ്റ് എടുത്തു നോക്കുമ്പോള്‍ രാധികയും മീനുക്കുട്ടിയും ഗേറ്റുകടന്നു വരുന്നത് കണ്ടു.  അഭിലാഷ് ആരെയോ വിളിക്കാന്‍ തുടങ്ങിയിരുന്നു.

“രാവിലെതന്നെ ആരെയാ അഭീ വിളിക്കുന്നെ..”  വന്നതും രാധിക ചോദിച്ചു

“ഒരു ഫ്രെണ്ടിനെ”

മീനുക്കുട്ടിയ്ക്ക് ഒരുമ്മയും കൊടുത്ത് അഭിലാഷ് അവരെ ഉള്ളിലേയ്ക്ക് പറഞ്ഞുവിട്ടു.  എന്നിട്ട് കുളിച്ചു വന്നു പ്രാതല്‍ കഴിക്കാന്‍ കൂട്ടാക്കാതെ, ഒരാളെ കാണണം എന്ന് പറഞ്ഞു ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങി.

വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അനിയന്‍ വീട്ടിലുണ്ട്. ഉറക്കമാണ്.  അത്തവണ അവധിക്ക് വീട്ടില്‍ എത്തിയിട്ട് ആദ്യമായാണ്‌ അവന്‍റെ മുറിയില്‍ കയറുന്നത്.

ഒരുകാലത്ത് തന്നെക്കാള്‍ വൃത്തിയായി മുറി സൂക്ഷിക്കുമായിരുന്നു ആനന്ദ്. അച്ഛന്‍ പണികഴിപ്പിച്ചു കൊടുത്ത ചില്ലലമാരകളില്‍ വായിച്ച പുസ്തകങ്ങള്‍ അടുക്കി വെച്ചിരുന്നു.  മേശമേലുള്ള വിരിപ്പും അതിന്റെ ഒരു കോണില്‍ ഒരു കൊച്ചു ഗ്ലോബും.  അതവനു എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്നും സമ്മാനം കിട്ടിയതാണ്.  പല മത്സരങ്ങളില്‍നിന്ന് അവന്‍ നേടിയ കൊച്ചു ട്രോഫികളും ഷീല്‍ഡുകളും അച്ഛന്റെ മുറിയില്‍.

അഭിലാഷ് വാതില്‍ തുറന്നകത്തു കയറി

ജനാലകള്‍ എല്ലാമടച്ചതുകൊണ്ട് നല്ലയിരുട്ടാണ് ഉള്ളില്‍.  പുറത്തുനിന്നും തുറക്കാവുന്ന മുറിയായത് കൊണ്ട് അമ്മ പലപ്പോഴും അവന്‍ കയറിവരുന്നത് അറിയാറില്ല.  അഭിലാഷ് മുന്നോട്ട് നടന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടു.

അനിയന്‍ ചുരുണ്ടുകൂടിക്കിടക്കുന്നു.

അയാള്‍ കട്ടിലില്‍ ചെന്നിരുന്നു.  അനിയനെ തൊട്ടു വിളിച്ചു.

“അനുക്കുട്ടാ..”

ആനന്ദ് ഉണര്‍ന്നു.. തിരിഞ്ഞു കിടന്നു.  ഏട്ടനെ കണ്ടതും എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു.  കൈകുത്തി എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന അയാളെ അഭിലാഷ് ഇരുകൈകളുംകൊണ്ട് പിടിച്ചിരുത്തി.

“എഴുന്നേറ്റു വാ.. കവല വരെ പോയിവരാം.”

“ഞാനില്ല, എനിക്കുറങ്ങണം”

“പറ്റില്ല.. എഴുന്നേല്‍ക്ക്.” അഭിലാഷ് ശഠിച്ചു

ഏട്ടന്‍റെ മുഖത്ത് നോക്കി, താല്പര്യമില്ലെങ്കിലും ആനന്ദ് വരാമെന്ന് പറഞ്ഞു.

ഇരുവരും ആനന്ദിന്‍റെ പഴയ സൈക്കിളുമായി വഴിവക്കിലൂടെ നടന്നു.. കാവിമുണ്ടും പഴയ ഷര്‍ട്ടുമിട്ടു അനുക്കുട്ടനെയും പുറകിലിരുത്തി വൈകുന്നേരങ്ങളില്‍ കവല വരെ പോകുന്ന പതിവുണ്ടായിരുന്നു ഒരിക്കല്‍. വായനശാലയില്‍ അവനെയിരുത്തി കൂട്ടുകാര്‍ക്കൊപ്പം  ഭാവിപരിപാടികള്‍ പറഞ്ഞു വീമ്പടിച്ചിരുന്ന നാളുകള്‍.  തിരികെ വരുമ്പോള്‍ വായിച്ച നോവലുകളെപ്പറ്റിയോ സ്ഥലങ്ങളെപ്പറ്റിയോ അനുക്കുട്ടന്‍ ഉച്ചത്തില്‍ വിവരിക്കും.  തീര്‍ന്നില്ലെങ്കില്‍ അന്നത്തെ ദിവസം അത്താഴം കഴിക്കുമ്പോള്‍ വരെ വിവരണം തുടരും.  ഇന്ന് സംസാരിക്കാന്‍ ഒന്നുമില്ല അവര്‍ക്കിടയില്‍. അഭിലാഷ് അനിയനെ ഇടയ്ക്കിടെ നോക്കി കൂടെ നടന്നു.

അഭിലാഷ് കൂടെയുണ്ടായിരുന്നത് കൊണ്ട് ആനന്ദ് അന്ന് മദ്യപിച്ചില്ല. അത്താഴം കഴിക്കാന്‍ എല്ലാവരും ഒരുമിച്ചിരുന്നു.  ആദ്യമൊക്കെ ഒന്നും മിണ്ടാതെയിരുന്നെങ്കിലും ആനന്ദ് മീനുക്കുട്ടിയോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞും അത്താഴം കഴിച്ചു.  കൈകഴുകി മുറിയിലേക്ക് പോവാന്‍ തുടങ്ങുന്ന അവന്‍റെ മുന്നില്‍ രണ്ടുകുഞ്ഞികൈകളും നീട്ടി മീനു നിന്നു.  മുന്‍വശത്തെ മുറ്റത്ത് മീനുവിനെയും ചുമലില്‍ കിടത്തി ആനന്ദ്‌ നടന്നു..അവളുറങ്ങുന്നത് വരെ.

അവധി തീര്‍ന്നു തിരികെപോകണ്ട ദിവസമായി അഭിലാഷിന്.

അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അനിയനുണ്ടായിരുന്നില്ല വീട്ടില്‍. കാത്തുനിന്നിട്ട് കാര്യമില്ല എന്ന് അമ്മ പറഞ്ഞിട്ടും കുറേനേരം അവന്‍ വരുന്നതും നോക്കിനിന്നു.

“ഇങ്ങനെ ഇവിടെ നിന്നാല്‍ ഫ്ലൈറ്റ് പോവും അഭി.. രണ്ടു മണിക്കൂര്‍ യാത്രയുണ്ടേ, പിന്നെ ട്രാഫിക്കും” രാധികയുടെ മുഖം മാറിത്തുടങ്ങി.

***

ആനന്ദ് മുറിയുടെ വാതില്‍ തള്ളിത്തുറന്നു.  വിയര്‍പ്പിലൊട്ടിയ കൈയിലെ രോമങ്ങള്‍ക്കിടയില്‍ മണല്‍തരികള്‍.  പടിയില്‍ തട്ടി ഒന്നുകൂടെ വീഴാന്‍ തുടങ്ങി.  നേരേനിന്ന് ഇരുട്ടില്‍ സ്വിച്ച്ബോര്‍ഡ് തപ്പിത്തടഞ്ഞു.. കിട്ടാതെവന്നപ്പോള്‍ പിറുപിറുത്തുകൊണ്ട് മുന്നോട്ടുനടന്നു. ഇടതുവശത്തുകിടന്ന കട്ടിലിന്‍റെ വക്ക് അയാളുടെ മുട്ടില്‍ തട്ടി.

പിറ്റേദിവസം കണ്ണു തുറന്നപ്പോള്‍ മാറാല നീക്കിയ മച്ചും ഫാനും, പുതിയ ബെഡ്ഷീറ്റും.  മുറി തുടച്ചു വൃത്തിയാക്കിയിരിക്കുന്നു. അലമാരയില്‍ പുസ്തകങ്ങള്‍.  മേശപ്പുറത്ത് പുതിയ വിരിപ്പും അതിനു മുകളില്‍ ആ പഴയ കൊച്ചു ഗ്ലോബും.  അടുത്തേക്ക് ചെന്നപ്പോള്‍ അതിനുകീഴെ ഒരു കവര്‍.

ആനന്ദ് കവര്‍ തുറന്നു.

പുതിയ ജോലിക്കായുള്ള റെക്കമന്‍റെഷന്‍ ലെറ്റര്‍..

മറ്റൊരു കടലാസില്‍..

അനുക്കുട്ടന്,

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ഞാന്‍ കുവൈത്തില്‍ നിന്നും വന്നപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു രാത്രി നിന്നെയും കൂടെയിരുത്തി മദ്യപിച്ചു.  അന്ന് ഞാന്‍ തന്നെയാണ് നിനക്കതൊഴിച്ചു തന്നത്.  രണ്ടുവര്‍ഷം കഴിഞ്ഞ് അച്ഛന്‍ വിട്ടുപോയപ്പോള്‍ ഞാനുണ്ടായിരുന്നില്ല, അടുത്ത തവണ വന്നപ്പോള്‍ നീ ഒരുപാട് മാറിയിരുന്നു.  ശകാരിച്ചു, അച്ഛന്റെ സ്ഥാനത്തു നിന്ന്. വഴക്കുണ്ടാക്കി.. പരിഹസിച്ചു.  അതിനിടയില്‍ ഏട്ടന്‍ ചിലത് മറന്നു. നിന്‍റെ കൂടെയിരുന്ന് നിനക്ക് പറയാനുള്ളത് കേള്‍ക്കാന്‍.  നിന്നെ മനസിലാക്കി വേണ്ടത് ചെയ്തു തരാന്‍.  ഓരോ ജോലിയും ഇട്ടെറിഞ്ഞു നീയോടുമ്പോള്‍ മദ്യത്തെ പഴിച്ച്.. നിന്നെ കുറ്റപ്പെടുത്തി.. ഞാന്‍ രക്ഷപെട്ടുകൊണ്ടിരുന്നു. ഓരോ തവണ നിന്‍റെ മുന്നില്‍ നിന്ന് ഒച്ചയിടുമ്പോഴും ഒരക്ഷരം മിണ്ടാതെ നീ നിന്നു.  ഇനി വയ്യ.  ഒരുപക്ഷെ നിനക്ക് പകരം ആ വീട്ടില്‍ മദ്യത്തില്‍ മുങ്ങിക്കഴിയേണ്ടത് ഞാനാണ്.  ഒരിക്കല്‍ക്കൂടി ശ്രമിക്കുക, എന്നെ രക്ഷപെടുത്താന്‍.

ഏട്ടന്‍

***

അനുക്കുട്ടന്‍ നിറഞ്ഞുനിന്ന കണ്ണുകള്‍ തുടച്ചു.

സ്വപ്നങ്ങളുടെ സന്ദര്‍ശനം

mist
ഡയറിയില്‍ 2010 ഏപ്രില്‍ 24 തീയതിയിലെ പേജ് എടുക്കുമ്പോള്‍ എന്തെഴുതണം എന്ന് തെല്ലും അറിയില്ലായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചെറു
കവിതകളല്ലാതെ മലയാളത്തില്‍ എന്തെങ്കിലും ഡയറിയില്‍ കുത്തിക്കുറിക്കാന്‍ഇന്നേവരെ ധൈര്യപ്പെട്ടിട്ടില്ല.ചെറുതിലെ, തലേനാള്‍ കണ്ട സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുത്തു നോട്ട്ബുക്കുകളുടെ കോണില്‍ കുറിച്ചിട്ടിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ കടലാസുകളില്‍ വിശ്വസിക്കുന്നില്ല. പക്ഷെ ചില സ്വപ്‌നങ്ങള്‍ തിരികെ വിളിക്കും. ചിലത് ആട്ടിയകറ്റും ചിലപ്പോള്‍ കൂടെയിരുന്ന് സല്ലപിക്കും.

ഇന്നലെ അമ്മയോടൊപ്പം കോട്ടയം നഗരം ചുറ്റിയപ്പോള്‍ വാങ്ങിയ ‘വനിത’ യിലെ മൂന്നു പേജുകള്‍ . അമ്മ വായന കഴിഞ്ഞ് എന്‍റെ കിടക്കമേല്‍ ഇട്ടു പോയി. അസൈന്മെന്റ്സ് കിടക്കമേല്‍ ഇരുന്നും കിടന്നും പിന്നീട് നിലത്തിരുന്നും ഒക്കെയാണ് എഴുതാറ്. ബോറടിച്ചപ്പോള്‍ വനിത വായിച്ചു. മൂന്നാമത്തെ ലേഖനം വായിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി .

ജി.എ ലാല്‍
ഞാന്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ വര്‍ഷം മരണം കൊണ്ടുപോയ തിരക്കഥാകൃത്ത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത , സംസാരിച്ചിട്ടില്ലാത്ത , പക്ഷെ എന്റെ എത്രയോ കണ്നീര്‍ത്തുള്ളികളുടെ അവകാശി. അദ്ദേഹത്തിന്റെ വിധവ അജിതചേച്ചിയെപറ്റിയുള്ള ഒരു ലേഖനമായിരുന്നു അത്. എനിക്കവരെയും പരിചയമില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ ആകസ്മിതയ്ക്കും വിങ്ങലിനും ഒപ്പം മൂന്ന് പേജുകളില്‍ അങ്ങിങ്ങായി കണ്ട ഒരു മുഖം.. ആദ്യമായി അതേ പേര് കാണുന്നതിനു മുന്‍പ് നെഞ്ചിലുണ്ടായ ഞെട്ടല്‍ ഇന്നുമോര്‍ക്കുന്നു.

പ്ലസ്‌ ടുവിനു പഠിക്കുന്ന കാലം. ഒരു ഡിസംബര്‍.. എന്റെ പ്രിയപ്പെട്ട മാസം..

തണുത്ത ഒരു വൈകുന്നേരം മുറ്റമടിച്ചുകൊണ്ടിരുന്ന ഞാന്‍ ടീവിയില്‍ നിന്ന് കേട്ട കവിതയിലെ വരികള്‍ കേട്ട് നിന്നു. എനിക്ക് മാത്രം പ്രിയപ്പെട്ടതെന്നു കരുതിയ അതേ നാല് വരികള്‍ .. ഇത്ര കൃത്യമായെങ്ങനെ ഒരാള്‍..? അകത്തേക്കോടി ടിവിക്ക് മുന്നിലിരുന്നു. അതൊരു ടെലിഫിലിമായിരുന്നു. പേര് ‘ഡിസംബര്‍ മിസ്റ്റ്’.

നായകന്‍ കവിതയിലെ നാല് വരികള്‍ ഉരുവിട്ടു ആര്‍ട്സ് കോളേജിലെ ക്ലാസ് റൂമില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്നു. തുടക്കം കാണാനായില്ലെങ്കിലും പിന്നീടു കണ്ട ഓരോ രംഗങ്ങളും ഞാനങ്ങേയറ്റം ഇഷ്ടപ്പെട്ടു. വിളക്ക് വയ്ക്കാന്‍ അമ്മ വിളിച്ചുപറഞ്ഞിട്ടും എഴുന്നേല്‍ക്കാതെ ഞാന്‍ ടൈറ്റിലുകള്‍ക്കായി കാത്തിരുന്നു. കഥ,സംഭാഷണം : ജി.എ ലാല്‍
സംവിധാനം: സജി സുരേന്ദ്രന്‍.
എന്റെ പ്രിയവരികള്‍ പാടിയ നായകന്‍റെ പേരും ശ്രദ്ധിച്ചു.. അനൂപ്‌ മേനോന്‍.
എന്തുകൊണ്ടതേ വരകള്‍ എന്ന് ചോദിക്കുവാന്‍ അദ്ദേഹമിന്നില്ല.

പിന്നീടു പലരില്‍ നിന്നായി അദ്ദേഹത്തെകുറിച്ചു കേട്ടു. ഒരുപാട് സ്നേഹത്തോടെ, അദ്ദേഹത്തിന്റെ സൃഷ്ടികളോടുള്ള അകമഴിഞ്ഞ ബഹുമാനത്തോടെ ചിലര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നല്ല സുഹൃത്തിനേക്കൂടി അദ്ദേഹം തന്നു. സജി സുരേന്ദ്രന്‍. ഞങ്ങള്‍ പരിചയപ്പെടാനുള്ള ആകെയൊരു കാരണം ആ നാല് വരികളായിരുന്നു.. പിന്നീടു പലപ്പോഴായി സംസാരങ്ങളില്‍ കടന്നു വന്ന ആ പേരും.

ഡിസംബര്‍ മിസ്റ്റിന്‍റെ ഒരു കോപ്പി എന്റെ കൈയിലുണ്ട് ഇപ്പോള്‍. ജീവിതത്തില്‍ ഇനിയും വരാനുള്ള ആകസ്മികതകളുടെ തുടക്കത്തിന്റെ ഓര്‍മയ്ക്ക്.

ഓരോ ഡിസംബര്‍ വരുമ്പോഴും .. നനുത്ത സായാഹ്നങ്ങളില്‍ മുറ്റത്തു നില്‍ക്കുമ്പോഴും മനസിലേക്കോടിയെത്തുന്ന ആ നാല് വരികള്‍.

”കനകമൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്‍റെ ചില്ലകള്‍ പൂത്തതും..” (ബാലചന്ദ്രന്‍ ചുള്ളിക്കാട് / സന്ദര്‍ശനം)

അമല

diaryമാസങ്ങളുടെ നിശബ്ദതയില്‍ ഇനി ചിലപ്പോള്‍ ഒരിക്കലും ഉയര്‍ന്നുകേള്‍ക്കില്ലാ എന്ന് ഞാന്‍ കരുതിയ ഒരു ശബ്ദമുണ്ട്‌. എന്‍റെതു തന്നെ.

ഈ ഭൂമുഖത്ത് കോടിക്കണക്കിന് ജീവികള്‍ ജനിച്ചുമരിച്ചു പോകുന്നു..

ചിലര്‍ സന്തോഷിച്ചു കഴിയുന്നു, ചിലര്‍ അല്ലാതെയും. സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കൃത്യമായ സന്തുലനം ആഘോഷിക്കുന്ന ഒരാളാണ് ഞാന്‍. ചിലപ്പോഴൊക്കെ അതോര്‍ത്ത് അത്ഭുതപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. ഇനിമേല്‍ എനിക്ക് വിധിച്ചിട്ടുള്ള ദിവസങ്ങളില്‍ ഞാന്‍ എന്തൊക്കെയാവും ചെയ്യുക എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പറ്റുമോ?

അനിശ്ചിതത്വം. അതല്ലേ ഈ ജീവിതത്തിന്‍റെ ഏറ്റവും വലിയ മനോഹാരിത..!

സ്വപ്നങ്ങളില്‍ ജീവിക്കുന്ന ചിലര്‍.. സത്യങ്ങളില്‍ തലചായ്ച്ചുറങ്ങുന്ന മറ്റുചിലര്‍. അവര്‍ക്കിടയില്‍ ചിരിച്ചുതള്ളാവുന്ന അന്തരമേയുള്ളൂ. ആത്യന്തികമായ സത്യം.. അങ്ങനെയൊന്നുണ്ടോ? ബുദ്ധനു തോന്നിയത്. അങ്ങനെയെങ്കില്‍ ലോകത്തില്‍ രണ്ടു ഗണങ്ങളല്ലേ ഉണ്ടാവൂ.. ആസക്തിയും വിരക്തിയും. ഒന്നിന്‍റെ പാരമ്യതയില്‍ അടുത്തതിനെ കാണാം. മറിച്ചും.

ജീവിതം, നീര്‍ക്കുമിള പോലെ.. അപ്പൂപ്പന്‍താടി പോലെ.. പനിനീര്‍പ്പൂവുപോലെ..  മെഴുകുതിരി പോലെ .. അങ്ങനെയെന്തിന്!!?

ഇരുട്ടോ വെളിച്ചമോ എന്തുകൊണ്ടല്ല!!?

അജ്ഞാതം,അനിര്‍വചനീയം.

ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത പേജിലേക്ക്..

അപ്രതീക്ഷിതം എന്നുകൂടെ എഴുതേണ്ടിയിരുന്നു. ഡയറി തീര്‍ന്നു. പുറത്തു മഴ പെയ്യുന്നതിന്‍റെ ശബ്ദം പതിയെ കേള്‍ക്കാന്‍ തുടങ്ങി. പേനയെടുക്കുമ്പോള്‍ ചെവിയടയും. പണ്ടുമുതലേ അങ്ങിനെയാണ് കേട്ടോ. മഴക്കാലത്തും മഞ്ഞുകാലത്തും പിടിപെടുന്ന പ്രത്യേകതരം ഒരു രോഗവും പേറി നമ്മുടെ ഈ കഥാനായകന്‍ ഇങ്ങനെ ജീവിച്ചുപോകുന്നു. ഇപ്പോള്‍ തീര്‍ന്നത് 2003ല്‍ പിറന്നാള്‍ സമ്മാനമായി കിട്ടിയ ചുവന്ന പുറംചട്ടയുള്ള ഡയറിയാണ്. നാലുവര്‍ഷത്തെ മഴയും മഞ്ഞും ഭദ്രമായടച്ചു. ഇനിയിത്..വില്‍പത്രങ്ങള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍ക്കും മീതെ അയാള്‍ മാത്രം തുറക്കുന്ന വലിയ ലോക്കറില്‍

ഇളംനീല പജാമയും കുര്‍ത്തയും അതിനുള്ളിലെ കഥാനായകനും അരണ്ട വെളിച്ചത്തിലൂടെ നീങ്ങി. ലോക്കര്‍ മുറിയില്‍ തെല്ലൊന്നു ശ്വാസംമുട്ടിനിന്നു. പഴയ ലോക്കര്‍ തുറന്നു. പഴയ മണം. പഴയത്..

ചെറുതും വലുതുമായ കുറെ ഫയലുകള്‍.. അവയ്ക്കൊപ്പം ഡയറികള്‍..

ഏറ്റവും മുകളിലായി ചുവന്ന 2003നെ വച്ചു. ലോക്കര്‍ അടച്ചുപൂട്ടി തിരികെ നടന്നു. കിടപ്പുമുറിയില്‍ എത്തുന്നത്‌ വരെ മനസ്സില്‍ മുഴുവന്‍ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ എന്തോ ഒന്ന്. ലോക്കറിന്റെ ഒരു മൂലയില്‍ ഫയലുകള്‍ക്കിടയില്‍ കണ്ടത്. ആദ്യമോര്‍ത്തു ഭാര്യയുടെ എന്തെങ്കിലും സ്വര്‍ണ്ണാഭരണം.. പക്ഷെ അതൊന്നും അവിടെ സൂക്ഷിക്കാറില്ലല്ലോ. താന്‍ തന്നെ പൊതിഞ്ഞു വച്ചതല്ലേ.. നാല്പത്തേഴുകഴിഞ്ഞ ഓര്‍മ്മക്കൂമ്പാരം പതിയെ നിന്നു. തിരികെ വേഗം നടന്നു ലോക്കര്‍ തുറന്നു. ഇപ്പോഴും ഓര്‍മ്മകളുമായി തമ്മില്‍തല്ലുകയാണ്. ഇല്ല.. തോറ്റു. ഓര്‍മ്മയില്ല. ലേശം നാണമില്ലല്ലോ തനിക്ക് ഹേ!! സ്വന്തം ലോക്കറില്‍ ഇരിക്കുന്ന ഏറ്റവും വിലപ്പെട്ട, അതും പൊതിഞ്ഞു സൂക്ഷിച്ചു വയ്ക്കപ്പെട്ട ഈ അമൂല്യ വസ്തു, അതെന്തുതന്നെയായാലും, താങ്കളുടെ സ്വബോധത്തിനും ഇത്ര നാളത്തെ അസൂയാവഹമായ ഉദ്യോഗജീവിതത്തിനും ഒരു ചോദ്യച്ചിഹ്നമാവാന്‍ സാധ്യതയുണ്ട്.

വെള്ളത്തുണി രണ്ടുകൈകൊണ്ട് പതുക്കെ വലിച്ചെടുത്തു. ക്ഷമയില്ല.. ഒരുനിമിഷം കൊണ്ട് തുറന്നു. ഒരു കൊച്ചു ബൈബിള്‍ പോലെ തോന്നിക്കുന്ന ഡയറി. തവിട്ടു നിറം.. മുകളിലായി സ്വര്‍ണ്ണനിറംകൊണ്ട് 1991.

ഇമകള്‍ കൂട്ടിമുട്ടിയകലുന്ന വേഗത്തില്‍ ഡയറി തുറക്കപ്പെട്ടു. ഇപ്പോള്‍ അയാള്‍ക്കറിയാം. ഒരു പേജില്‍ മാത്രേ എഴുതപ്പെട്ടിട്ടുള്ളൂ. ഏതെന്നറിയില്ല. കണ്ണട ഒന്നുകൂടി ശരിയാക്കിവച്ചു. ഇടതുചെവിയോടു ചേര്‍ന്ന് നരകയറിയ മുടികള്‍ക്കടുത്തുനിന്ന് പതുക്കെയാരോ പറഞ്ഞു.

“ ഇതിന്‍റെയൊരുതാളില്‍ എന്നെ എഴുതിപ്പൂട്ടി വയ്ക്കണം. പിന്നെ ഇയാള് പോലും തുറക്കരുത്. എനിക്ക് അവിടിരുന്നാല്‍ മതി.”

മെലിഞ്ഞു നീണ്ട ശരീരവും കള്ളിഷര്‍ട്ടും പാന്‍റ്സും നീണ്ട മുടിയും പിന്നെ അതിനുള്ളിലെ നിയമ വിദ്യാര്‍ത്ഥിയെയും കാണാന്‍ പറ്റുന്നുണ്ട്. തണുത്ത യൂണിവേര്‍‌സിറ്റി വരാന്തകളും അതിനേക്കാള്‍ തണുത്ത രാത്രികാലങ്ങളും നിശ്വാസത്തില്‍ വമിക്കുന്ന സിഗരറ്റിന്റെ മണവും..

അവരെവിടെ?!

ഡയറിയുടെ ഏതോ ഒരു താളില്‍!

കാണാന്‍ എങ്ങനെയിരുന്നു?

ഓര്‍മ്മയില്ല..

എന്നാലും..?

അത്ര സങ്കടം നിറച്ചുള്ള ചിരി ഞാന്‍ കണ്ടിട്ടില്ല.

ഇതുമാത്രേ ഓര്‍ക്കുന്നുള്ളൂ?

അതെ.

പിന്നെന്തിനാ ഇത് പൊതിഞ്ഞുകെട്ടി ലോക്കറില്‍ വച്ചിരിക്കുന്നെ?

അറിയില്ല.

ഓഹോ.. അപ്പോള്‍ ശരിക്കും നിങ്ങള്‍ക്ക് ഭാര്യ പറയുന്നത് പോലെ എന്തോ കുഴപ്പമുണ്ട്.

കഥാനായകന്‍ ശേഷം ഒന്നും മിണ്ടിയില്ല. ജനാലയോട് ചേര്‍ന്നുള്ള കസേരയില്‍ പോയിരുന്നു. പുറത്തു വരാന്തയില്‍ വെളുവെളുത്ത മാര്‍ബിളിന്‍ മുകളില്‍ മഴത്തുള്ളികള്‍ വീണുകൊണ്ടേയിരുന്നു. ഡയറി ഇരിപ്പുണ്ട്.. തൊട്ടടുത്തു മേശമേല്‍. കാറ്റത്തു താളുകള്‍ പലതാളങ്ങളില്‍ മറിഞ്ഞും തിരിഞ്ഞും കളിച്ചു.

ആലോചന.. കണ്ണുനീരിന്‍റെ തണുപ്പില്‍ അയാളുറങ്ങി..ചിന്തകളെയും പ്രണയത്തിനെയും വെറുപ്പിനെയും നിസ്സഹായതയേയും.. എന്തിന് അയാളെത്തന്നെ കുറെ കടലാസ്സുമുറികളില്‍ പൂട്ടിയിട്ട്..

ഞാന്‍ നോക്കിയിരുന്നു. താളുകള്‍ മറിയാന്‍..

അടുത്ത മഴയ്ക്ക്‌ മുന്നേയുള്ള കാറ്റില്‍ മൂന്നു തവണ കണ്ടു.. കഥയല്ല.. ഒരാളെ. വെടിപ്പുള്ള ഉരുളന്‍ അക്ഷരങ്ങളില്‍ വലുതായി..

“അമല”

ഭ്രാന്തിന്‍റെ ഒരു വര്‍ഷം

ഭ്രാന്തിന്‍റെ ഒരു വര്‍ഷം.
രണ്ടായിരത്തിപ്പതിമ്മൂന്നാം ആണ്ട്. ഉച്ചരിക്കുന്ന ഓരോ വാക്കിലും പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവും, അര്‍ത്ഥങ്ങള്‍ മാറുമ്പോള്‍ കൂടെ ഞാനും മാറുന്നുവെന്ന സത്യവും, നഗരത്തിന്‍റെ ഒത്ത നടുവില്‍,പടുകൂറ്റന്‍ കെട്ടിടത്തിന്‍റെ ഒരു കോണില്‍ ഇരുപത്തിയാറ് വര്‍ഷങ്ങളുടെ അറിവില്ലായ്മയും നന്മയും പ്രണയവും, തെല്ലും മാറാതെ, മനസ്സും ബുദ്ധിയുമായി നിരന്തരം മല്ലിട്ട പന്ത്രണ്ട്‌ മാസങ്ങള്‍.
ഒരു വര്‍ഷം മുന്‍പ് കൊച്ചിയിലേക്ക് താമസം മാറുമ്പോള്‍ മനസ്സില്‍ ഭയം പ്രതീക്ഷയേക്കാള്‍ ഒരു പടി മുന്നിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ വിവാഹിതരായി പുതിയ ജീവിതം തുടങ്ങുന്ന നേരത്ത്,മാതാപിതാക്കള്‍ക്ക് മുന്നില്‍ സമയമാവശ്യപ്പെട്ടു നിന്ന എന്നെ കൊച്ചിയില്‍ എത്തിച്ച ഏതോ ഒരു ശക്തി.. പിതാവിനൊപ്പം ഞാന്‍ കാണുന്ന ശിവശക്തിയാവാം.. ഓരോ നിമിഷവും, ദാ, ഇതെഴുതുമ്പോള്‍ പോലും എന്നെ എനിക്ക് സമീപം എവിടെയോ ഉണ്ട്. രണ്ടു മുറികളും നീണ്ട ഒരു ഹാളും അടുക്കളയും .. പിന്നെ എന്നെ ഏറ്റവും മനോഹരിയാക്കിയ, മടുപ്പിക്കാത്ത, ബാല്‍ക്കണിയും. ഫ്ലാറ്റിലെ ജീവിതം അസ്വസ്ഥമായിരുന്നു ആദ്യമൊക്കെ. കോട്ടയത്തെ റബ്ബര്‍തോട്ടത്തിനു നടുവിലിരിക്കുന്ന വീടും.. പിന്നിലെ കാടുപിടിച്ചു കിടക്കുന്ന പഴയ കുളവും, അമ്പലവും, ഒരു കോണിലെ എന്റെ മുറിയും കുറച്ചു പുസ്തകങ്ങളും!! തിരികെ വിളിച്ചു.. പല തവണ.

ഉറക്കം വരാതെ ഫര്‍ണീച്ചറുകളില്ലാത്ത ഫ്ലാറ്റില്‍ , അരണ്ട വെളിച്ചവും പുറത്തെ ശാന്തതയും കണ്ടിരുന്നു. പകലുകളില്‍ ഉറങ്ങി രാത്രികളില്‍ സിനിമകള്‍ കണ്ടും വായിച്ചും കുത്തിക്കുറിച്ചും ദിവസങ്ങള്‍ കടന്നുപോയി. പതിയെപ്പതിയെ ഞാന്‍ താളം കണ്ടെത്തി. നഗരത്തിന്‍റെ നടുവില്‍ എനിക്കുമാത്രമായൊരു ലോകം. പുതിയ ജീവിതങ്ങള്‍ കണ്ടു, ചിലത് ഞെട്ടിച്ചു, ചിലത് മറന്നു. പക്ഷെ പ്രണയം എന്ന വാക്ക് മാത്രം മാറി നിന്നു. ടെലിവിഷനിലുള്ള ജോലി ഒഴിച്ചു നിര്‍ത്തിയാല്‍, പുറത്തേക്ക് പോക്ക് സിനിമ കാണാന്‍ മാത്രമായിരുന്നു. സുഹൃത്തുക്കള്‍ കുറവ്, കാരണങ്ങള്‍ കുറവ്. പുറം ലോകം ഞാന്‍ ബാല്‍ക്കണിയില്‍ നിന്നു കണ്ടു.

എനിക്കറിയാത്ത ഒരു പെണ്‍കുട്ടി എന്നിലുണ്ടെന്നു തോന്നിത്തുടങ്ങി. എഴുതിയത് കീറിക്കളഞ്ഞു ശീലമുള്ള ഞാന്‍ , ഇവിടെ വന്നു ആദ്യമെഴുതിയ കഥ പല കഷണങ്ങളായി താഴേക്ക്‌ പറത്തിയിട്ടുണ്ട്. പിറ്റേദിവസം അതിരാവിലെ അവ പെറുക്കിയെടുത്ത് അതെ കടലാസ്സു കഷണങ്ങളില്‍ തല ചായ്ച്ച് ഉറങ്ങിയിട്ടുമുണ്ട്. ഭാഷ നല്ലതല്ല, കഥകള്‍ വികലമാണ്, എനിക്ക് പറ്റിയ പണിയല്ല.. പക്ഷെ എനിക്ക് എഴുതിയേ തീരൂ. കാരണം എനിക്ക് പറയാനുണ്ട്. കാരണം ഞാന്‍ നിറയെ സ്വപ്‌നങ്ങള്‍ കാണുന്നു. കാരണം ഞാന്‍ ചിരികളെക്കാള്‍ കണ്ണീരില്‍ ജീവിതം കാണുന്നു.

ഈ ബ്ലോഗും ഒരു വര്‍ഷവും ഇവിടെ തീരുന്നില്ല. എന്റെ ഭ്രാന്ത് എന്‍റെ ജീവിതം തന്നെയാണ്‌. ഈ വര്‍ഷം, കവിതയെന്നു അച്ഛന്‍ പേരിട്ടു വിളിച്ച പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന നാളുകളാണ്.. അവ തന്ന മയക്കം മാറാതെയിരിക്കട്ടെ.. കടലാസ്സുകളില്‍ ജീവിതത്തിന്‍റെ പ്രണയം നിറയ്ക്കാന്‍ എനിക്ക് കഴിയുന്ന ആ ദിവസ്സം, അന്ന് മാത്രം ഞാന്‍ പറയും, 2013 അവസാനിച്ചു.. ഇനി പുതിയ സ്വപ്‌നങ്ങള്‍ എന്ന്! അതുവരെ.. ഭ്രാന്ത് തുടരും.. പ്രണയത്തിന് പിന്നാലെ..

കവിത നായര്‍.

ഇമ്മിണി ബല്യ പ്രാണന്‍

 

നേരം പരപരാന്ന് വെളുത്തുവരുന്നു.. ചാണകം മെഴുകിയ ചായ്പ്പിന്റെ ഒരു മൂലയില്‍, കീറിപ്പറിഞ്ഞ ഒരു കരിമ്പടത്തിനടിയിയില്‍ നിന്നും ഒരു കുഞ്ഞു പാദം പുറത്തേക്ക് വന്നു. ചെറിയ ഞരങ്ങലോടെ,അതിനേക്കാള്‍ പതുക്കെ അതേ കുഞ്ഞു വിരലുകള്‍ അകത്തേക്ക് വലിഞ്ഞു. കുറേക്കഴിഞ്ഞ് അടുത്തുള്ള ഏതോ അമ്പലത്തില്‍ പാട്ടുണര്‍ന്നു. സുപ്രഭാതം.കറുത്ത കരിമ്പടത്തിന്‍റെ ചൂടുപറ്റിക്കിടന്നിരുന്ന കുഞ്ഞു മിഴികള്‍ മെല്ലെ തുറന്നു. ഓട്ടകള്‍ക്കിടയിലൂടെ മുന്നില്‍ കാണുന്ന പാടത്തിനു മുകളില്‍ മഞ്ഞുകെട്ടിക്കിടന്നു.
കുളിര്കോരിയിട്ടു.. കണ്ണടച്ചു ദേഹം ചുരുട്ടിയൊതുക്കി.. മിന്നല് പോലെ ഒരു വേദന.

”അമ്മേ…!!!”

തണുപ്പ് കുറഞ്ഞു.. അമ്മ വന്നില്ലെങ്കിലും മുടങ്ങാതെ വരുന്ന ചൂര്യന്‍ വന്നു.. കരിമ്പടം പതിയെ കൈകൊണ്ടുമാറ്റിയിടണം, പക്ഷെ പറ്റില്ല. കുഞ്ഞിക്കണ്ണുകള്‍ ആരെയോ നോക്കി കരിമ്പടത്തിനുള്ളില്‍ കിടന്നു. എന്നും ഇതേ സമയത്ത് മുറ്റത്തൂടെ ക്ടാവിനെയും കൊണ്ട് പോകുന്ന അപ്പൂപ്പന്‍.. വെള്ളക്കൊക്കുകള്‍ അത്രയും വന്നു പോയിട്ടും ഇതേ വരെ വന്നിട്ടില്ല. കണ്ണുകള്‍ രണ്ടും അതേ കോണിലേക്ക് ഉറപ്പിച്ചുനിര്‍ത്തി.

അകത്ത് എന്തോ താഴെ വീണു. കുഞ്ഞിക്കണ്ണുകള്‍ക്ക് സര്‍വ്വപ്രതീക്ഷയും നഷ്ടപ്പെട്ടപോലെ. ഓലകൊണ്ടുള്ള വാതില്‍ മാറ്റി ഒരു രൂപം പുറത്തിറങ്ങി. ബീഡിയും വലിച്ചു കാര്‍ക്കിച്ചുതുപ്പി അയാള്‍ കൊച്ചുതൂണില്‍ ചാരി നിന്നു.

ഒന്ന് പോയിരുന്നെങ്കില്‍..
ഇല്ല.. പകരം അതേ കാലുകള്‍ നടന്നടുത്തു വന്നു.
ശ്വാസം അടക്കിപ്പിടിച്ച്..
”ബ്ഫൂ.. നാശം.. നാറീട്ട് വയ്യ.!!”
പിന്നെയൊരു നിമിഷം.. കരിമ്പടം പറിച്ചെടുത്തുമാറ്റി ഒരേറ് കൊടുത്തു അയാള്‍. തിരിഞ്ഞുകൂടെ നോക്കാതെ ലുങ്കി മടക്കിക്കുത്തി ഇറങ്ങി.

കുഞ്ഞിക്കണ്ണുകള്‍.

ഞാന്‍ പെണ്‍കുട്ടിയാണ്.. ദേഹം നിറയെ കരപ്പന്‍. അങ്ങിങ്ങായി എല്ലായിടവും പൊട്ടിയൊലിക്കുന്നു. ഓര്‍മ്മയുള്ളപ്പോള്‍ മുതല്‍ ഞാനീ ചായ്പ്പിന്റെ മൂലയിലാണ്. അസുഖം മാറി കുറെ നാള്‍ മുന്‍പ് മുറ്റത്തു കളിച്ചിട്ടുണ്ട്. പിന്നേം കിടപ്പിലായി. ആദ്യമൊക്കെ അമ്മ കഷായം കൊണ്ട്ക്കൊടുത്തിരുന്നു. ഇപ്പൊ ആരെയും കാണാറില്ല. ഒരീസം അപ്പൂപ്പന്‍ പറഞ്ഞിരുന്നു.. അമ്മ ഒരു കുഞ്ഞനിയനേം കൊണ്ട് വരുംന്ന്. ചിലപ്പോ എന്‍റെ ദീനം കാരണം ഇങ്ങു വരാത്തതാവോ.. അറിയില്ലാ..

ഇപ്പൊ സംസാരിക്കാനോ കരയാനോ പറ്റില്ല.. വേദന. വിശപ്പുണ്ടാരുന്നു.. അപ്പൊ കരയുവാരുന്നു.. പിന്നെ പിന്നെ.. വേദന കൂടി. കരച്ചില്‍ കുറഞ്ഞു. കുഞ്ഞിക്കണ്ണുകള്‍ മാത്രം നടക്കും.. മുന്നിലുള്ള പാടത്തും.. ആകാശത്തും.. രാത്രി വരെ. മൂന്നു ദിവസം മുന്നേ ക്ടാവിനെ കെട്ടാന്‍ കൊണ്ടോന്നപ്പോ ചൂടുവെള്ളത്തില്‍ തുണിമുക്കി അപ്പൂപ്പന്‍ ദേഹം തുടച്ചുതന്നു. ശബ്ദമില്ലാതെ കരഞ്ഞു..

ഏറ്റവും പേടി എന്നെത്തിന്നാന്‍ വരുന്ന ഉറുമ്പുകളെയാ. ആദ്യമൊക്കെ നീക്കിനീക്കി വിടുമാരുന്നു. ഇപ്പൊ തോന്നാറില്ല. ഉറുമ്പുകള്‍ക്ക് എന്നെ വേണം.. തേടി വരും.. മുടങ്ങാതെ. എന്റെ ദേഹത്തെ പൊറ്റനൊക്കെ പറുക്കിയെടുത്ത് വരിവരിയായി പോയ്ക്കോളും . ഒരിക്കല്‍ കണ്‍പോളകളിലൂടെ ഉറുമ്പുകള്‍ കയറി.. എന്തോ പോലെ. തലകുലുക്കിയിട്ടും താഴെ പോണില്ല. കടിച്ചു.. ശ്വാസംമുട്ടി അലറി. അവറ്റകള്‍ പോയില്ല. പിടിച്ചുതൂങ്ങിക്കിടന്നു. അന്നുമുതല്‍ എനിക്ക് വേദനയില്ല. ഉറുമ്പുകള്‍ക്കും പ്രാണന്‍ ഉണ്ടെന്നാ അപ്പൂപ്പന്‍ പറയുന്നേ. എന്നെപ്പോലെ അവറ്റകള്‍ക്കും വേദനയുണ്ട്. വിശപ്പുണ്ട്.Image

രണ്ടു ദിവസമായി കണ്ണുതുറക്കാന്‍ വയ്യ. പേടിയുണ്ട്.. കാരണം നാളെ മുതല്‍ എനിക്കൊന്നും കാണാന്‍ പറ്റില്ല. ഉറുമ്പുകളെയും. എന്റെത് ഇമ്മിണി ബല്യ പ്രാണന്‍ ആയകൊണ്ടാണ് ഇത്ര നാളും ഞാന്‍ കണ്ണുതുറന്നിരുന്നത്.

കുഞ്ഞിക്കണ്ണുകള്‍ മെല്ലെയടഞ്ഞു.

നീലസാരിയും കണ്മഷിയും സിന്ദൂരവും

 

മുട്ടറ്റംവരെ നില്‍ക്കുന്ന പുല്ലിനിടയിലൂടെ ഇളംനീല സാരിയില്‍ അവള്‍ പതിയെ നടന്നു നീങ്ങി. കാടിന്‍റെ ഒത്തനടുക്കാണെന്ന് തോന്നും.. ചുറ്റിനും.. ചീവിടിന്റെ കരച്ചിലും.. കിളികളും.. പിന്നെ ദൂരെയെവിടെയോ വന്യജീവികളുടെ അലര്‍ച്ചയും. അതിരാവിലെ.. താമസിക്കുന്ന റിസോര്‍ട്ടിന്റെ കോട്ടേജില്‍ നിന്നും കാട്ടരുവികള്‍ താണ്ടി മൂന്നു കിലോമീറ്ററോളം നടന്നാല്‍ ഇതേ സ്ഥലത്തെത്തും. ഇവിടെ പാറക്കെട്ടുകളില്‍ നിന്നും ഉറവയിറ്റു വീഴുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് രണ്ടു തവണ ഇവിടെ വന്നു താമസിച്ചതിന്റെ പരിചയം.. ചതുപ്പ് കുറഞ്ഞ വഴികളും തണുപ്പ് കൂടിയ പാറക്കെട്ടുകളും.. ആഴം കുറഞ്ഞ അരുവികളും അവള്‍ക്ക് നന്നായറിയാം.
കുറെയേറെ നടന്നപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.. ചെറിയ പുഞ്ചിരി കാണാനായി. അനുരാഗവും അതിന്‍റെ തിരിച്ചറിവും കാട്ടുമരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി.. മൈലുകള്‍ താണ്ടി വര്‍ഷത്തിലൊരിക്കല്‍ ഇങ്ങോടിയെത്തിയത് ഇതേ തിരിച്ചറിവിന് വേണ്ടിയാണ്. ആദ്യയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന അനുരാഗത്തിന്റെ ആള്‍രൂപം ഇന്നില്ല.. പകരം പലതവണകളായി കൂട്ടിച്ചേര്‍ത്ത കാരണങ്ങളുണ്ട്. തനിയേ.. വളരെ പതുക്കെ..

ആദ്യമായി സാരിയുടുത്തത് ഇന്നലെയുറങ്ങിയ കോട്ടേജില്‍ വച്ചാണ്.. ഒരാള്‍ക്ക്‌ വേണ്ടി സ്വയം മാറി.. വര്‍ഷങ്ങളുടെ കനംകൊണ്ട ശീലങ്ങള്‍ മാറ്റി.. ആത്മഹത്യ ചെയ്തു വീണ്ടും ജീവിച്ചു.. എന്തിനു വേണ്ടിയെന്നറിയില്ല. കാരണങ്ങള്‍ മുന്നില്‍ തെളിയുന്നതിന് മുന്നേ അവളെ ചേര്‍ത്തുനിര്‍ത്തി ഒരുമിച്ചു സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. ഇതേ പാറക്കെട്ടുകള്‍ക്കിടയില്‍.. നനഞ്ഞ പാദങ്ങളില്‍.. വിയര്‍പ്പുതുള്ളികള്‍ താഴോട്ടോടിയിറങ്ങിയ കഴുത്തില്‍.. കണ്മഷി പടര്‍ന്ന കണ്ണുകളില്‍.. തലേ ദിവസം പ്രണയം പകര്‍ന്ന ചുവന്ന കുങ്കുമത്തരികളില്‍.. ഓരോന്നിലും..ഓരോ തവണയും സ്വപ്‌നങ്ങള്‍!

കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അവളില്ല.. പകരം സ്വപ്നങ്ങളുടെ ഒരു കൂമ്പാരമാണ് കാണുക. ദേഹത്തെ മുറിവുകളല്ല.. പിന്നിലുള്ള ആളുടെ ചിരിയാണ് കാണുക. ചിരികള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍ അവളെപ്പോഴോ മാഞ്ഞു. പിന്നീട് നീലസാരിയില്‍ വീണ ചുവപ്പ് പൊട്ടുകളില്‍ തന്നെ കുഴിച്ചുമൂടി.. എത്രയോ നാളുകളിലേക്ക്!

” i dont think this will work out dear.. lets separate our ways..our dreams”

ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടും.. ഒരു നിമിഷം ഒന്നും മനസിലാവാതെ നില്‍ക്കേണ്ടി വന്നു. അതേ വാക്കുകള്‍ ഇന്നും മനസിന്റെ ഒരു കോണില്‍ വിറകൊണ്ട് കിടപ്പുണ്ട്. തിരിഞ്ഞോടി മുറിയുടെ കോണില്‍ മുഖമമര്‍ത്തി കരഞ്ഞില്ല. അടുത്ത നിമിഷം കണ്ണാടിക്കു മുന്നിലാണ് അന്വേഷിച്ചത്.. ഞാനെവിടെ!!!

നീലസാരിയില്‍.. ഇരുട്ടുനിറഞ്ഞ ആ മുറിയില്‍.. ഉടഞ്ഞ മെത്തയില്‍.. 
എവിടെയുമില്ല.

അന്നുമുതല്‍ തുടങ്ങിയ ഒരു യാത്രയാണിത്. നഷ്ടപ്പെട്ട തന്നെ തേടിയുള്ള യാത്ര. തിരിച്ചുപോക്കല്ല.. തിരുത്തലാണ് ലക്ഷ്യം. അങ്ങനെയൊരിക്കല്‍, ഇതേ സ്ഥലത്ത്.. കാട്ടുമരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും നടുവില്‍, പ്രഭാതകിരണങ്ങള്‍ അരിച്ചിറങ്ങുന്ന ഈ നേരത്ത്.. ഒരു നിമിഷം. സ്വയം മറന്നു മറ്റൊരാളിലേക്ക് ഓടിയൊളിച്ച ആദ്യനിമിഷം. പലപ്പോഴും ആളുകലെയല്ല.. ഒപ്പമുള്ള നിമിഷങ്ങളെയും..സ്ഥലങ്ങളെയുമാണ് നമ്മള്‍ പ്രണയിക്കുക. അവിടെനിന്നും തിരികെപ്പോകുമ്പോള്‍ ഉടുത്ത വസ്ത്രങ്ങള്‍ക്കൊപ്പം.. കണ്ണാടിയില്‍ ഒട്ടിച്ചുവച്ച പൊട്ടുകള്‍ക്കൊപ്പം.. നമ്മെക്കൂടി തിരികെ കൊണ്ടുവരാന്‍ മറക്കും.

അവള്‍ അവിടിരുന്നു പ്രഭാതത്തെ കണ്ടു.. ചുറ്റിനുമുള്ള പ്രകൃതിയെ കണ്ടു. കണ്ണാടിയില്‍ മറഞ്ഞ തന്നെ.. മുന്നിലൂടെ ഒഴുകിയകലുന്ന പൊയ്കയില്‍ കണ്ടു. തിരുത്തി,തിരികെയെത്തി.Image
നീലസാരിയില്‍ ഇന്നവള്‍ക്ക് ജീവസ്സുണ്ട്. കണ്ണുകളില്‍ ജീവനുണ്ട്. സിന്ദൂരമോ താലിയോ അല്ല.. കണ്മുന്നില്‍ ജീവിതമുണ്ട്.