Kavitha Nair

പത്തുരൂപ

 

ഒരു ദിവസം കണ്ണടച്ചുറങ്ങിയാല്‍ പിന്നെ ഞാന്‍ ഉണരില്ല. ശ്വസിക്കാത്ത എന്‍റെ ദേഹം തണുത്തുവിറങ്ങലിച്ചങ്ങനെ കിടക്കും. ഏറെ കൌതുകത്തോടെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ അവസാനതാളുകള്‍ ചുളുങ്ങാതെ, വിയര്‍പ്പുപുരളാതെ വൃത്തിയോടെയിരിക്കും. യൂറോപ്യന്‍ പര്യടനത്തിനിടെ വാങ്ങിയ മദ്യക്കുപ്പികള്‍ ചരിത്രവും പേറി മിനിബാറിലെ കണ്ണാടിച്ചില്ലുകള്‍ക്ക് പിന്നില്‍ഞെളിഞ്ഞിരുന്ന് എന്നെ നോക്കുന്നുണ്ടാവും. കുറച്ചകലെയായി.. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ ആറടിപ്പൊക്കത്തില്‍ ഒരെണ്ണച്ഛായച്ചിത്രം. കുറച്ചുനാള്‍ കിടക്കപങ്കിട്ട ദല്‍ഹിക്കാരിയുടെ സ്നേഹോപഹാരം.

ഈ വീടിനുള്ളിലെ ഓരോന്നും , ചിത്രങ്ങളാവട്ടെ, ഫര്‍ണീച്ചറകളാവട്ടെ, പാത്രങ്ങളും ചെടികളും അലങ്കാരവസ്തുക്കളും എന്തിന് ഭിത്തികളിലെ ചായം പോലും എന്റെ തീരുമാനങ്ങളാണ്.

തീരുമാനങ്ങള്‍.

ഇന്നലകളെ മറന്ന് ഒരു മുഖംമൂടിയുമായി ജീവിച്ച കുറെ വര്‍ഷങ്ങളില്‍, എന്നിലെ മകനും സുഹൃത്തും കാമുകനും എത്രയോ തവണ മരിച്ചിരിക്കുന്നു. മൃതസഞ്ജീവനിപോലെ എന്നെ ഉയിര്‍പ്പിച്ചത് മദ്യവും പണവുമാണ്. എല്ലായിടത്തും അഭിനയിച്ച്, ഇപ്പോള്‍ എനിക്ക് തന്നെ സത്യമേതാണ് നാടകമേതാണ് എന്നറിയാതായിരിക്കുന്നു. ഒരുവേള എന്നെ പൂര്‍ണ്ണമായും ഞാനാര്‍ക്കോ കടം കൊടുത്തിരിക്കുകയാണ്. എന്നെക്കാള്‍ മിടുക്കനും സ്വാര്‍ത്ഥനും ജീവിതം കൊണ്ടാടുന്നവനുമാണ് അയാള്‍. ഒട്ടും കൂസലില്ലാതെ നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ച് , താനൊരു പ്രത്യേക ജന്മമാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ അയാള്‍ക്ക്‌ സാധിക്കുന്നു.

അയാളെന്നുവന്നുവോ അന്ന് ഞാന്‍ പിന്‍വാങ്ങി.

എനിക്കിന്നും ഓര്‍മ്മയുണ്ട്. അയാള്‍ വന്ന ദിവസം ഞാന്‍ പട്ടിണിയായിരുന്നു. ചെന്നൈയില്‍ ഒരു തെരുവോരത്ത്, നട്ടുച്ചവെയിലില്‍ കാറ്റാടിപോലെ ഞാന്‍ നിന്നു. വിശന്നപ്പോള്‍ തുന്നലിളകിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈതൊട്ടു.

പത്തുരൂപ.

അച്ഛന്‍ തന്നുവിട്ടതില്‍ ഇത് മാത്രം ഞാന്‍ പേഴ്സില്‍ വെച്ചിരുന്നു. വെള്ളഭാഗത്ത് അച്ഛന്‍റെ പേരുമെഴുതി. അനിയത്തിയുടെ ദീനം മാറ്റാന്‍ ഉള്ളതൊക്കെ വിറ്റുപെറുക്കി ചികിത്സ നടത്തി. അവള്‍ ഒരു ദിവസം തോറ്റുമടങ്ങി. ബാക്കിയുള്ള നാലാളുടെ വയറുനിറയ്ക്കാനും കടങ്ങള്‍ വീട്ടാനും നാട്ടിലെ ജോലി പോരായിരുന്നു. ഇവിടേയ്ക്ക് വന്നിട്ട് എഴുമാസങ്ങള്‍ കഴിഞ്ഞു. രണ്ടിടത്ത് ജോലി നോക്കി. ഒന്നും സ്ഥിരമായില്ല.

പട്ടിണി ശീലമായിത്തുടങ്ങിയിരുന്നു. പകലുകള്‍ ഉറങ്ങിയും രാത്രികളില്‍ അലഞ്ഞുതിരിഞ്ഞും ദിവസങ്ങള്‍ മുന്നോട്ട്. ചിലപ്പോഴൊക്കെ നാട്ടിലേക്ക് വണ്ടികയറിയാലോ എന്നാലോചിച്ചു. ഓരോ തവണയും ചര്‍ദ്ദിച്ചു വഴിയില്‍ വീഴുമ്പോള്‍ പോക്കറ്റിലെ പത്തുരൂപയില്‍ മുറുകെപ്പിടിച്ച് കണ്ണടച്ചു.

മുഴുപ്പട്ടിണിയുടെ പതിനാറാം ദിവസം ബോധോദയം.

സ്വാഭിമാനത്തിന്റെ കള്ളിഷര്‍ട്ടും നരച്ചപാന്ട്സും അവിടെ ഊരിയെറിഞ്ഞു. കൈയ്യില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കട്ടുകളുടെ കെട്ട് അഴുക്കുചാലിലൂടെ ഒഴുകിയകലുന്നത് നോക്കിനിന്നു ചിരിച്ചു. ഉറക്കെ. നിമിഷം പോകെ , അതേ അഴുക്കുചാലില്‍ നിന്നു മറ്റൊരാള്‍ നടന്നുകയറി. സ്വാഭിമാനം ലേശമില്ലാത്ത , പട്ടിണി തീണ്ടുതൊടാത്ത, ശക്തനും ചതിയനുമായ ഒരുത്തന്‍.

പിന്നീടുള്ള വര്‍ഷങ്ങളില്‍.. എനിക്ക് പട്ടിണിയില്ല.. ഞാന്‍ നാട്ടിലേക്ക് പോയില്ല. പകരം പണം, അത് കൃത്യമായി..പതിയെപ്പതിയെ ധാരാളമായി അയച്ചു. നാലു ജീവിതങ്ങള്‍ നിറയെ സന്തോഷിച്ച് , അതിലുമേറെ ആശ്വസിച്ചു ജീവിച്ചുകാണും. അറിയില്ല. പലപ്പോഴും ചിന്തിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്ക് മാത്രമേ വ്യക്തത ഉണ്ടായിരുന്നുള്ളൂ. അനിയത്തിയുടെ വിളറിക്കിടന്ന മുഖത്തിനും.. പിന്നെയാ പത്തുരൂപയുടെ മുകളിലെ നീലമഷിക്കും.

 

 

 

പ്രണയം

Image

മുപ്പതാണ്ടുകള്‍ക്കുമുന്‍പ്.. മഞ്ഞും മണ്ണും മാനവും ഏറെ തെളിഞ്ഞുകാണുന്ന ഒരു നാട്ടില്‍.

ഒരു ദിവസം വൈകുന്നേരം.
കണക്കുപുസ്തകത്തില്‍ കുത്തിക്കുറിച്ചുകൊണ്ട് സലിം. പലചരക്കുകടയില്‍ കുറച്ചുപേര്‍ അതുമിതും പറഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. സലിമിന്‍റെ ശ്രദ്ധ അങ്ങുദൂരെ റോഡിന്‍റെ വളവിലാണ്. വാച്ചിലെ വിറയ്ക്കുന്ന സൂചികളും കണ്ണുകളിലെ തിടുക്കവും ഇടയ്ക്കിടെ കൂട്ടിമുട്ടുന്നുണ്ട്.പത്തുമിനിട്ട് കഴിഞ്ഞ് കാഹളം മുഴക്കിക്കൊണ്ട് ഒരു ബസു പ്രത്യക്ഷപ്പെട്ടു. അയാള്‍ ധൃതിയില്‍ എഴുന്നേറ്റു പുറത്തിറങ്ങി.
ഇമചിമ്മാതെ ഒറ്റനോട്ടത്തില്‍ അയാള്‍ മനസിലാക്കി.. അവളില്ല. പകരം തന്നെ നിസംഗതയോടെ നോക്കിയ ഒന്നുരണ്ടു മുഖങ്ങള്‍ അയാളെ തെല്ലൊന്നു പരിഭ്രമിപ്പിച്ചു.
”മുരളി.. നീയൊന്നു കടയിലിരിക്ക്.. ഞാനിപ്പോ വരാം” അയാള്‍ റോഡുമുറിച്ചുനടന്നു.
അവള്‍ എല്ലാദിവസവും പോകുന്ന വഴിയേ.. കോടമഞ്ഞില്‍ മറഞ്ഞും തെളിഞ്ഞും അയാള്‍ വേഗത്തില്‍ നടന്നു. വാപ്പ ആശുപത്രിയില്‍ കിടന്ന ഒരാഴ്ച അയാള്‍ ഈ വഴി വന്നതേയില്ല. പോസ്റ്റ്‌ ഓഫീസും കുരിശുപള്ളിയും കഴിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ.. കുത്തനെയുള്ള കയറ്റം. ഇരുവശത്തും കാട്ടുപൂക്കള്‍ തണുത്തു വിറങ്ങലിച്ചുനിന്നു. രണ്ടു മൂന്നു വളവുകള്‍ കഴിഞ്ഞതോടെ സലിം കിതച്ചുതുടങ്ങി. അവളുടെ വീടിനു രണ്ടു തൊടികള്‍ക്കിപ്പുറം സലിമിന്‍റെ വാപ്പായ്ക്ക് കുറച്ചു കാപ്പിതോട്ടമുണ്ട്. കയ്യാലയിടുക്കില്‍ ഒരു ചെറിയ പുളിമരത്തോടുചേര്‍ന്ന് രണ്ടു ചെറിയ വെട്ടുകല്ലുകള്‍ മാറ്റിനോക്കി.

  • രാധയുടെ കത്ത്

”ഇലയനക്കങ്ങളില്‍ പേടിച്ച ഒരു കാലമുണ്ടായിരുന്നു സലിം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പക്ഷെ ഇരുട്ടിനും കാപ്പിതോട്ടത്തിലെ തണുപ്പിനും പിന്നെ നിങ്ങള്‍ക്കും ഒരേ തോന്നലാണ്. എനിക്കിന്ന് ഭയമില്ല. ഭയം മാറിയപ്പോള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങി. എട്ടനോടൊപ്പം ഡല്‍ഹിക്ക് പോകണം. അവിടെ നിന്ന് പഠിക്കണം. എന്‍റെ അമ്മ കിടന്ന കട്ടില്‍.. ആ മുറിയില്‍ താമസിക്കണം. ഇവിടെ എന്നെ പിടിച്ചു നിര്‍ത്തുന്നത് നിങ്ങളോടുള്ള ഭ്രാന്തന്‍ സ്നേഹമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളിലൊന്നും എന്നെപ്പോലെ ഒരുവളില്ല. ഇനിയൊരിക്കല്‍ സലിമിനെ കണ്ടാല്‍ വീണ്ടുമതേ അവസ്ഥയിലാവും ഞാന്‍. നിങ്ങള്‍ അകലെനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ ഞാനെന്‍റെ പലായനം നടപ്പിലാക്കട്ടെ..
ഉപേക്ഷിച്ചുപോകുന്നത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ലോകമാണ്. അവിടെ നിങ്ങളുടെ ശാന്തമായ ചിരിയും കണ്ണുകളിലെ പ്രകാശവും ശ്വാസത്തിലെ കിതപ്പും ഒക്കെയുണ്ട്. തമ്മില്‍ പറഞ്ഞതൊക്കെയും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെപ്പോലെ ചിതറിത്തെറിച്ച് പോകട്ടെ. അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം ചേര്‍ത്തുതലോടിയത് നിങ്ങളാണ്. ഇനിവരാന്‍ പോകുന്ന ദുരന്തങ്ങളൊന്നും ഞാനിന്നീ ചെയ്യുന്ന ഹത്യയ്ക്കൊപ്പമാവില്ല.
എനിക്ക് പോയേ തീരൂ..
അമ്മയുടെ താലി ഒരിക്കല്‍ നിങ്ങള്‍ എന്‍റെ കഴുത്തിലിട്ടുതന്നു. അതഴിക്കുന്നില്ല.
സലിം,
തിരികെയെഴുതേണ്ട.. തേടിവരികയും വേണ്ട.

ഇതെന്‍റെ ശരിയാണ്. എന്‍റെ പ്രണയവും.”

***

വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയിലെ അപാര്‍ട്ട്‌മെന്റില്‍, എണ്ണമയം പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതുണ്ട് പത്രക്കടലാസില്‍ പ്രൊഫസര്‍ രാധാലക്ഷ്മിയുടെ സിദ്ധാന്തങ്ങള്‍ വിറകൊണ്ടുവീണു. ജെ എന്‍ യുവിന്‍റെ ക്ലാസ്‌ മുറികളില്‍ നിന്ന് കിട്ടാത്തത്.. ഡോക്ടറേറ്റ്‌ പദവിക്കും നൂറുകണക്കിന് ശിഷ്യസമ്പത്തിനും പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കും നല്‍കാന്‍ കഴിയാത്തത്.. പ്രീഡിഗ്രി പരീക്ഷയെഴുതാതെ വാപ്പയുടെ പലചരക്കുകട നോക്കിനടത്താന്‍ പോയ,താനെഴുതിയ കവിതകളെ അദ്ഭുതത്തോടെ കേട്ടിരുന്ന, നീണ്ടുമെലിഞ്ഞ് ശാന്തനായ സലിമിനു കഴിഞ്ഞു.

ഇടുക്കി: കുട്ടിക്കാനം കല്ലേപ്പുറത്തു കാവനാലില്‍ സലിം മുഹമ്മദ്(52) അന്തരിച്ചു. ഭാര്യ: രാധാലക്ഷ്മി മകന്‍: ആലം
മൂന്നുമാസം പഴകിയ വാര്‍ത്തയ്ക്ക് മുകളിലായി സലിമിന്‍റെ പഴയ ഒരു ഫോട്ടോ..
***

കോടമഞ്ഞ് മൂടിനിന്ന ഒരു വൈകുന്നേരം.
ആലം അവരുടെ മുന്നില്‍ അയാള്‍ക്കറിയാവുന്നതൊക്കെ പറഞ്ഞു വിതുമ്പി.
”പത്തുവയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടുവന്നതാണ്. ഉപ്പാ എന്നോട് രണ്ടു വര്‍ഷം മുന്നേയാണ് എല്ലാം പറഞ്ഞത്. അമ്മയുണ്ട്.. പക്ഷെ അന്വേഷിച്ചു പോവരുത്. ഇവിടെ വന്നാല്‍ മാത്രം തരാന്‍ ഒരു കത്തും ഏല്‍പ്പിച്ചിരുന്നു. ചിലപ്പോള്‍.. ഇതു തരാന്‍ വേണ്ടി മാത്രമാവും എന്നെ…”

  • സലിമിന്‍റെ കത്ത്

”ഞാനിട്ടുതന്ന താലി ഇപ്പോഴും രാധയുടെ കഴുത്തിലുണ്ടെങ്കില്‍.. മറ്റൊരു കുടുംബമില്ലെങ്കില്‍..
ഒരു ദിവസം എന്‍റെ വീട്ടില്‍ കഴിയണം. എന്‍റെ കബറിടത്തില്‍ ഒരുപിടി കാപ്പിപ്പൂക്കള്‍ വിതറണം. എന്നിട്ട് പോകുന്നതിനുമുന്‍പ് എന്തെങ്കിലും എഴുതിവയ്ക്കുക.. അതേയിടത്തില്‍.. പുളിമരത്തിനോട് ചേര്‍ന്ന്.
രാധാ.. ഇതാണ് എന്‍റെ ശരി.. എന്‍റെ പ്രണയവും.”

***

കാപ്പിത്തോട്ടത്തിലെ ഇരുട്ടും..തണുപ്പും..അയാളുടെ കണ്ണുകളിലെ വേദനയും രാധയെ വന്നുമൂടി.

പ്രകൃതി

പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞിറങ്ങുമ്പോള്‍ ട്രെയിന്‍ മെല്ലെ ഓടിത്തുടങ്ങിയിരുന്നു.  രാവിലേമുതല്‍ കാര്യങ്ങള്‍ ഒന്നും കൃത്യമായി നടക്കുന്നില്ല.  ജോലിയില്‍ വലുതായി ശ്രദ്ധിച്ചില്ല.. പ്രാതല്‍ കഴിച്ചില്ല.. ദാ.. ഒരു കണക്കിന് ജീവന്മരണ പോരാട്ടത്തിലൂടെയാണ് തിരിച്ചുള്ള ട്രെയിന്‍ കിട്ടിയത്. ആകെയുള്ള ഒരേയൊരു എ.സി കോച്ചില്‍ ഒരു സീറ്റുപോലും ഒഴിവില്ല. ടി.ടി.ഐ അദ്ദേഹത്തിന്‍റെ സീറ്റുവരെ ദാനം നല്കിനില്‍ക്കുന്നു!

  പട്ടിണിയും ചൂടും വല്യ ചേര്‍ച്ചയാണ്.  തൊട്ടപ്പുറത്ത് വനിതകള്‍ക്കുള്ള കമ്പാര്‍ട്ടുമെന്റില്‍ ഇത്തിരി സ്ഥലം കിട്ടി.  ഉച്ചതിരിഞ്ഞ് വീശുന്ന കാറ്റില്‍ ഉറക്കഗുളിക ചേര്‍ത്തിട്ടുണ്ടാവും… അവനവന്‍റെ ബാഗും സഞ്ചിയും ചേര്‍ത്തുപിടിച്ചു..മനസില്ലാമനസ്സോടെ പലരും മയങ്ങിതുടങ്ങി.

 കണ്ണോടിച്ചു നോക്കിയാല്‍ പലനിറങ്ങളില്‍ ജീവിതം കാണാം.  പ്രസരിപ്പ് നിറഞ്ഞ കവിളുകളില്‍.. കാച്ചെണ്ണ തിളക്കം കൂട്ടുന്ന നെറ്റിയില്‍.. ശോഷിച്ച കൈകളില്‍.. വിണ്ടുകീറിയ പാദങ്ങളില്‍.. ഒരേപേരുകൊണ്ട് കോര്‍ത്തിണക്കിയ പ്രകൃതിയുടെ മറ്റൊരു പതിപ്പ്!

  പ്രകൃതി!

 എന്‍റെ മുന്നിലിരിക്കുന്നു.

 അടുത്ത ഒരു മണിക്കൂറില്‍ ഞാനത് തിരിച്ചറിഞ്ഞു.

 ചുരുണ്ടിരുണ്ട മുടിയാണവള്‍ക്ക്. കണ്‍പീലികള്‍ക്കിടയിലെ വേദന ഞാന്‍ കണ്ടു. ചൂടുകാറ്റ് മുഖത്തേക്ക് വീശിയിട്ട് അവള്‍ക്ക് തെല്ലും ബുദ്ധിമുട്ടില്ല. സൂര്യനെ എത്ര ലാഘവത്തോടെ നോക്കുന്നു!  ഒരു കുഞ്ഞു കരിമണിമാലയില്‍ താലിയുണ്ട്.. സിന്ദൂരമില്ല.. മറന്നതാവും.  നാട്ടിലെ ഏതോ സ്വര്‍ണ്ണക്കടയില്‍നിന്നും കിട്ടിയ ഒരു പേഴ്സും ഒരു സ്കൂള്‍ ബാഗും ഒരുവശത്തുണ്ട്. ബാഗിനവകാശിയെവിടെ??  ചുറ്റിനും നോക്കി..  എവിടെയും കണ്ടില്ല.

  പശ്ചാത്തലസംഗീതം പോലെ എന്‍റെ ഫോണില്‍നിന്നും ”നേനാ നീര്‍ ബഹായെ” ..  അമ്മയാണ് വിളിക്കുന്നത്‌.  ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ സംസാരിക്കാം എന്നുകരുതിയപ്പോള്‍.. അങ്ങേത്തലക്കല്‍ നിന്നും അമ്മയുടെ വെപ്രാളം. 

 ”നീയെന്താ ഇങ്ങനെ.. എന്താ പറ്റിയെ.. എവിടാ..”

 ട്രെയിന്‍ വിവരങ്ങളും എത്തുന്ന സമയവും ഒക്കെ പറഞ്ഞുകൊടുത്ത് അമ്മയോട് തല്ക്കാലം വിടപറഞ്ഞു. കുറേക്കഴിഞ്ഞപ്പോള്‍ വേഗം കുറച്ച് വണ്ടി നിന്നു. ഒരു സ്ത്രീ എഴുന്നേറ്റുപോയപ്പോഴാണ് ഒരാളെ കണ്ടുകിട്ടിയത്..നേരത്തെ അന്വേഷിച്ച ബാഗിന്റെ അവകാശിയെ!കുട്ടിനിക്കറും ഷര്‍ട്ടും സോക്സും. അവന്‍ സീറ്റിന്‍റെ ഓരംപറ്റി ഉറങ്ങുവാണ്. മുന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നത് കൊണ്ട് അവനെക്കണ്ടതെയില്ല!  അമ്മയുടെ ഒരുകൈ കുഞ്ഞുനെറ്റിയില്‍ തൊട്ടിരിപ്പുണ്ട്. തലോടാതെ.

 പ്രകൃതി ഇപ്പോഴും സൂര്യനുമായി യുദ്ധത്തില്‍ത്തന്നെ!!

 എനിക്ക് മടുത്തു.  ഒരുകാറ്റിനൊപ്പം ഞാന്‍ ഉറക്കത്തിലേക്ക് വീണു. 

 

പിന്നെക്കാണുന്നത് വെള്ളമാണ്. പായലും അസഹ്യമായ ദുര്‍ഗന്ധവും. ഓലചീഞ്ഞ മണം.  

അച്ഛന്‍റെ നാട്ടില്‍ പഞ്ചസാരമണലാണ്. കുളത്തില്‍ മുങ്ങിത്താഴുമ്പോള്‍ നേരിയ ശ്വാസംമുട്ടലുണ്ടാവും.. വെള്ളത്തിനടിയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍പറ്റില്ല.. കാലുകള്‍ മണലില്‍ ആഴ്ന്നിറങ്ങുമ്പോള്‍ നെഞ്ചില്‍ ഒരു വിറയല്‍ കയറും. ആരോ പിടിച്ചു താഴേക്ക് വലിക്കുംപോലെ. വൈകുന്നേരങ്ങളില്‍ പേരമ്മ തരുന്ന നീണ്ട തോര്‍ത്തുമുണ്ട് ചുറ്റി ഉത്സാഹത്തോടെയുള്ള ഓട്ടം കുളത്തിന്റെ കരയില്‍ നില്‍ക്കുന്ന മഞ്ചാടിമരച്ചോട്ടില്‍ തീരും. ഒരൊറ്റ ചില്ലപോലും കരയിലേക്കില്ല. കുളത്തിലേക്ക്‌ കുമ്പിട്ടാണ് നില്‍പ്പ്.  ആവുന്നത്ര ശക്തിയെടുത്തു മഞ്ചാടി പിടിച്ചു കുലുക്കും.  ഉണങ്ങിവീഴാറായതൊക്കെ കുളത്തിലേക്ക്‌..  

 നീന്താന്‍ വലിയ കേമിയല്ല ഞാന്‍. കുളത്തിന് ആഴവും ഇല്ല…  പേരമ്മ വരുന്നതിനു മുന്നേ കൈയില്‍കിട്ടുന്ന കമ്പൊക്കെയിട്ട് പായല്‍ വലിച്ചുനീക്കി കുറേ മഞ്ചാടിമണികള്‍ സ്വന്തമാക്കും. അപ്പുമ്മാവനോട് പറഞ്ഞാല്‍ ആ മരത്തിലുള്ളത് മുഴുവന്‍ പറിച്ചു തരും. പക്ഷേ എനിക്കിങ്ങനെ എണ്ണിപ്പെറുക്കി അവധികഴിഞ്ഞു വീട്ടില്‍ പോവുമ്പോള്‍ മേശപ്പുറത്ത്‌ കുപ്പിയില്‍ ഇട്ടുവയ്ക്കണം.  എന്‍റെ ചിന്തകള്‍ അവിടം വരെയുള്ളൂ.  ഇങ്ങനെ കൂട്ടിവയ്ക്കുന്ന മഞ്ചാടിമണികള്‍ ഇഷ്ടമുള്ള ദൈവത്തിനു കൊടുത്തു പ്രാര്‍ഥിച്ചാല്‍ അത് നടക്കുമെന്നാണ്. 

 കുറച്ചുനേരമായി ഞാനൊരു നീളന്‍ മരചില്ലയുമായി പായല്‍ വലിച്ചടുപ്പിക്കുന്നു.  കുഞ്ഞുകൈക്കുതാങ്ങാവുന്നതിലും കൂടുതല്‍ ഭാരമുണ്ട്. ഒരുനിമിഷം എന്റെ കൈയില്‍ നിന്നും അത് വെള്ളത്തില്‍ വീണ്‌ താണുപോയി. 

 ”മോളേ മതി മതി.. ഇനി കയറിപ്പോരെ.. സന്ധ്യയായി”.  പേരമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.

 ”വരുന്നൂ”. എന്റെ കണ്ണുകള്‍ പായലിന് മുകളില്‍ കിടക്കുന്ന ഒരു വലിയ തണ്ടുനിറയെയുള്ള മഞ്ചാടിയിലാണ്.

 ”ഞാനെടുത്ത് തരട്ടേ”.

 ഞെട്ടി.

 തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ചെക്കന്‍ . എന്റെ പ്രായം കാണും. 

 ”അപ്പുറത്തുള്ളതാ.. നിക്ക് നീന്താനറിയാം”. 

 ”ആ പായല്‍ അടുപ്പിച്ചാ മതീ” . തെല്ല് ഗൌരവത്തോടെ ഞാന്‍ പറഞ്ഞു. 

 അവന്‍ അങ്ങ് മുകളില്‍ നിന്നൊരു ചാട്ടം!!

 മുഖം പൊത്തിപ്പോയി ഞാന്‍. … നോക്കിയപ്പോള്‍.. ആ കൊച്ചുകുളം നന്നായി ഇളകി മറിഞ്ഞിരിക്കുന്നു.  പായല്‍ എന്റെയടുത്തേക്ക് ഒഴുകിവരുന്നുണ്ട്. സൂക്ഷിച്ച് അതിനുമുകളില്‍ കിടന്നതെല്ലാം ഞാന്‍ തോര്‍ത്തില്‍ പൊതിഞ്ഞെടുത്തു. കുറെയൊക്കെ വെള്ളത്തിലും പോയി. 

 ചെക്കനെ കാണാനില്ല. ചുറ്റിനും നോക്കി.  മുങ്ങിത്താണതും ഞാന്‍ കണ്ടതാണ്. പക്ഷെ തിരിച്ചു കയറുന്നത് കണ്ടില്ല. പന്ത്രണ്ടു വയസ്സിന്റെ ബുദ്ധിയില്‍ പെട്ടെന്ന് വന്നത് അപ്പുമ്മാവനെ വിളിക്കാനാണ്. പേടിച്ചുവിറച്ച് ഞാന്‍ വീട്ടിലേക്കോടി. 

 ”അപ്പുമ്മാവാ.. വാ.. ഒരു കുട്ടി കുളത്തില് വീണു.. ” കൈപിടിച്ച് വലിച്ചോണ്ട് വന്നപ്പോള്‍ കുളത്തില്‍ പായലോക്കെ വീണ്ടും ഒട്ടിയടുത്തു നിശ്ചലമായികിടന്നു.

 എന്‍റെ പേടിച്ചുവിറച്ച രൂപം കണ്ടിട്ടാവണം അപ്പുമ്മാവന്‍ കുളത്തിലിറങ്ങി മുങ്ങിത്തപ്പി.

 ചെക്കനില്ല അവിടെങ്ങും..  എന്‍റെ പേടി കൂടി. ഇനി അതെങ്ങാനും മുങ്ങിമരിച്ചുപോയോ..  എനിക്ക് നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റുന്നില്ല.  ഇരുട്ടിത്തുടങ്ങി എന്നുംപറഞ്ഞ് അപ്പുമാവന്‍ എന്നെയുംകൊണ്ട് വീട്ടിലേക്കു പോന്നു. 

 അത്താഴം കഴിക്കാതെ ഞാന്‍ മുറിയിലിരുന്നു. അപ്പുമ്മാവന്‍ എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വാസമില്ല.  എവിടെയോ ഒരു ഭയം. ആ കുളത്തിന്റെ ഇരുട്ടില്‍…ഏതോ ഒരു കോണില്‍.. ഒരു മെലിഞ്ഞ രൂപം.  പായല്‍ വന്നു ചുറ്റി.. വളരെപ്പെട്ടന്ന് എന്റെ കൊച്ചുമനസ്സു കൊലപാതകം കണ്ടു.. അത് ശരിവച്ചു കീഴടങ്ങി. ഉറങ്ങാതെ ഭയന്നും വിഷമിച്ചും ഞാനിരുന്നു. 

 പനിവന്നു ഞാന്‍ കിടപ്പിലായി.  അവധി തീരുന്നതിന് ഒരു ദിവസം മുന്‍പ്, കിട്ടിയ മഞ്ചാടിക്കുരുവെല്ലാം ഒരു വലിയ കുപ്പിയിലാക്കി എന്റെ ബാഗില്‍ വച്ചു.  അച്ഛനൊപ്പം പോകാനിറങ്ങി. വീടിന്‍റെ ഗേറ്റിനു മുന്‍പില്‍ ബസ്‌ നിര്‍ത്തും. അങ്ങ് ദൂരെ പറമ്പിന്‍റെ ഒരു ഭാഗത്ത്‌ കുളം. ഞാന്‍ നോക്കിയില്ല.  

 ”ബസിപ്പോ വരും.. മോള്‍ക്കെന്താ ഒരു സങ്കടം?”  അച്ഛന്‍ തിരക്കി.

 ഞാന്‍ നിന്നു വിയര്‍ത്തു.

 എനിക്കെന്താ ചെയ്യേണ്ടത് എന്നറിയില്ല. ഇപ്പൊ വരാമെന്നും പറഞ്ഞു ബാഗുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചോടി.  പൂജാമുറിയില്‍ കയറി ബാഗ് തുറന്നു. ഇത്രനാളും കൂട്ടിവെച്ച മഞ്ചാടിമണികള്‍ ഭഗവാന്‍റെ മുന്നില്‍ വെച്ച് തൊഴുതു. 

 ”അതിനു ജീവന്‍ കൊടുത്താ മതി”

  പിന്നെയുള്ള ഓരോ രാത്രികളും എനിക്ക് ഭയം തന്നുകൊണ്ടേയിരുന്നു. സ്കൂളില്‍ പോവുമ്പോള്‍ മറക്കുമെങ്കിലും ഇടയ്ക്കിടെ കുളത്തില്‍നിന്നും ആ കുട്ടിയിലേക്ക് ഞാന്‍ പതറിവീഴും.  ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ അമ്മ തലയില്‍ തലോടി ഉറക്കാന്‍ ശ്രമിക്കും. ആരോടും പറയാതെ മഞ്ചാടി മണികളില്‍ ഞാനെന്‍റെ കുറ്റബോധം പൂഴ്ത്തിവച്ചു. 

 പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം പൊടുന്നനെ പട്ടാപ്പകല്‍ രണ്ടുമണിക്ക് ഓടുന്ന ആ ട്രെയിനിലിരുന്ന് ഞാനാ ചെക്കനെ വീണ്ടും കണ്ടു.  പായലില്‍ കുരുങ്ങിയ ദേഹം നിറയെ മഞ്ചാടിമണികള്‍!  കുളത്തിലെ ഇരുട്ടില്‍ നിന്നും ഞാന്‍ ആയാസപ്പെട്ട് പുറത്തേക്കുവന്നു. കണ്ണുതുറന്നത് മഞ്ഞവെളിച്ചത്തിലേക്ക്. 

 മുന്നില്‍ പ്രകൃതിയെ കാണ്മാനില്ല. കുഞ്ഞുമില്ല.

 അലസമായി പുറത്തേക്ക്‌ നോക്കുന്നവഴി സീറ്റിനരികില്‍ അവളുടെ പേഴ്സു കണ്ടു.  ഭയം ചിലപ്പോള്‍ ഭാഗ്യമാണ്.  ഞാന്‍ എഴുന്നേറ്റ്‌ കമ്പാര്‍ട്ട്മെന്റിന്‍റെ പുറത്തു വന്നു.  മരണം നെയ്തുകൂട്ടി ശീലമുള്ളത്കൊണ്ട് ഞാന്‍ പതറിയില്ല.

  പ്രകൃതി സംഹാരത്തിനൊരുങ്ങുന്നു. കൈയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ്.  കണ്ണുനീരും തലോടലുമായി അവള്‍ വാതിലിനോടു ചേര്‍ന്ന് കാത്തുനിന്നു.. കായലടുക്കാനായി.  നന്നായി വീശിയടിച്ചാല്‍, ഒരു കാറ്റ് മതി.  

 പ്രകൃതിക്ക് കൊടുത്തില്ല അവരെ.  പായലും വെള്ളവും കടന്നുപോയി.

 ഒരു സ്വപ്നവും രണ്ടു ജീവനും ഇങ്ങനെയാണ് കണ്ടുമുട്ടിയത്. അവളിപ്പോള്‍ സുഹൃത്താണ്. അവളുടെ മകന്‍ എന്‍റെ ജീവനും.  പിന്നേ.. അച്ഛന്റെ വീട്ടിലെ പൂജാമുറിയില്‍ ഒരു കുപ്പി നിറയെ പ്രാര്‍ത്ഥനകളുണ്ട്.. ഇന്നും.

 

 പ്രകൃതിയില്‍ തുടങ്ങി..പ്രകൃതിയിലൂടെ..പ്രകൃതിയിലേക്ക്.

 

ഭ്രാന്ത്‌

 ഹിസ്റ്ററി പുസ്തകങ്ങളില്‍ കണ്ടിട്ടുള്ള, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഒരു മേല്‍ക്കൂര എടുത്തുവച്ചാലുള്ള പ്രതീതിയാണ് ഭാനുചിറ്റയുടെ തറവാടിന്. എട്ടുകെട്ടിലും പത്തായപ്പുരയിലും ചെറുതും വലുതുമായ പതിനാറു മുറികളിലും ആഢ്യത്തം നിഴലായ്‌ മാത്രം നിന്നു.  മുകളിലേക്കുള്ള ഗോവണിയില്‍ നിന്നും ചെറുതിലെ ഉരുണ്ടുമറിഞ്ഞു വീണിട്ടുണ്ട് ഞാന്‍.

                മുകളിലത്തെ മുറികളില്‍ സന്ധ്യയ്ക്കുശേഷം ഉറങ്ങാന്‍ പാടില്ല.  ചാത്തന്‍മാര്‍ പിടിച്ചു താഴേക്കെറിയും! കുട്ടിക്കാലത്ത് ചാത്തനെത്തപ്പി ഒളിച്ചും മറഞ്ഞും നടക്കുകയായിരുന്നു പ്രധാനപണി. പകല്‍ ഓരോ മുറിക്കും പുറത്തുചെന്നുനിന്ന്, വാതിലിനിടയിലൂടെ അകത്തേക്ക് നോക്കുമായിരുന്നു.  ചാത്തന്‍ മുന്നില്‍ വന്നു പെട്ടാല്‍ ഓടാന്‍ വേണ്ടി ഒരു കാല്‍ ഓങ്ങിനില്‍ക്കും.  നട്ടുച്ച സമയത്തും അവിടെ ഒന്നും കണ്ടുകൂടാ. മുകളിലത്തെ ജനലുകള്‍ ചെറുതാണ്.. തുറന്നിടില്ല. ചാത്തന്മാര്‍ പകല്‍ ചിലപ്പോള്‍ പുറത്തുകറക്കമാവും, അല്ലെങ്കില്‍ വല്ല്യച്ചനും മറ്റമ്മാവന്മാരും മുകളില്‍ കൂര്‍ക്കംവലിച്ചുറങ്ങില്ലല്ലോ!!   

                    തറവാടിനോട് ചേര്‍ന്ന് വലിയ കുളവും..കുഞ്ഞമ്പലവും..പിന്നെ കൊട്ടാരക്കെട്ട് എന്ന് വിളിക്കുന്ന ഒരു കൊച്ചു വീടുമുണ്ട്. വെച്ചാരാധനയും അമ്പലവുമുള്ള തറവാടായതുകൊണ്ട് വിളക്കുകളും ഓട്ടുപാത്രങ്ങളും ശുദ്ധിയോടെ സൂക്ഷിക്കുന്ന സ്ഥലമാണത്.  ഞാന്‍ അവിടെങ്ങും പോവാറില്ല. ചാത്തന്മാരും അങ്ങോട്ടടുക്കാറില്ല എന്നാണു കേള്‍വി..ഹിഹി!!      

                             ഭാനുചിറ്റയുടെ തറവാട്ടില്‍ നിന്നാണ് ഞങ്ങള്‍ക്ക് പാല്.  ആറേഴു കറവപശുക്കളുണ്ട്. ഞാന്‍ വളരെ ചിന്തിച്ചിട്ട പേരുകളൊന്നും ആരും അവറ്റകളെ വിളിക്കില്ലാ. പാലുകറക്കുന്ന ഗോപിയാശാന്‍ ഒന്ന് വിളിക്കും, ഭാനുച്ചിറ്റ വേറൊരു പേര് വിളിക്കും, വല്യമ്മ വേറൊന്ന്, പിന്നെ ഒടുവില്‍ സഹിക്കാന്‍ വയ്യാതെ.. ഉച്ചത്തില്‍.. ഞാനിട്ട പേരും.  പാല് കറന്ന് ആദ്യം അമ്പലത്തിലേക്ക് നേദിക്കാന്‍ എടുത്തുവയ്ക്കും. പിന്നീട് ഞാന്‍ കൊണ്ടുപോകുന്ന കുട്ടിമൊന്തയില്‍ നിറയെ പകര്‍ന്നുതരും.  രണ്ടുമൂന്നു മണിക്കൂര്‍ അധ്വാനം കഴിഞ്ഞു വന്നാല്‍പ്പിന്നെ ഗോപിയാശാന്‍ രാജാവാണ്. കഴിപ്പോട് കഴിപ്പ്.. പശുക്കള്‍ക്ക് കച്ചിയെടുത്തിടാനോ പിണ്ണാക്ക് കൊടുക്കാനോ കുളിപ്പിക്കാനോ ഒന്നിനും പുള്ളിയെ കിട്ടില്ലാ.  പത്തായപ്പുരയുടെ ഒരുവശത്ത് ചെറിയ മുറിയിലാണ് താമസം. റേഡിയോയില്‍ പാട്ടും വാര്‍ത്തകളും കേട്ട് ശാപ്പാടുമടിച്ച് ഗോപിയാശാന്‍ ജീവിച്ചുപോന്നു.

                     ചിറ്റയ്ക്ക് അഞ്ചു സഹോദരങ്ങളുണ്ട്.  മൂത്ത ചേച്ചി വിവാഹം കഴിഞ്ഞു പോയി.  ഇളയ ആള്‍ കോളേജില്‍ പഠിക്കുന്നു.  തറവാട്ടിലെ മൂന്നാണുങ്ങളും ധൂര്‍ത്തടിച്ച് ഓരോന്നായി വിറ്റുതുലച്ചു കഴിയുന്നു.ഭാനുചിറ്റയുടെ ഇളയ ആളുടെ കല്യാണം പെട്ടെന്നുറച്ചു. കല്യാണത്തിന്‍റെ അന്നാണ് ഒരു കാര്യമറിയുന്നത്..  തറവാട്ടിലെ എല്ലാ ജോലികളുംചെയ്യുന്ന.. ഗോപിയാശാന് കൃത്യമായി ഭക്ഷണം എടുത്തുകൊടുക്കുന്ന..നിറയെ ചിരിക്കുന്ന ഭാനുചിറ്റക്കു ഭ്രാന്താണെന്ന്!!

  അമ്മ പറഞ്ഞു “ഭ്രാന്തൊന്നുമില്ല..  ഭാനുന് പക്ഷേ കല്യാണം നടക്കില്ല..അത്രേ ഉള്ളു.  നീയിനി ഇതൊന്നും അവളോട്‌ ചോദിക്കാന്‍ നില്ക്കണ്ടാ!”

 പിറ്റേദിവസം ഞാന്‍ മറക്കാതെ കൃത്യമായി ചെന്ന് മുഖത്ത് നോക്കി പറഞ്ഞു.

 ” ഭാനുചിറ്റെ..  എനിക്കറിയാം ചിറ്റ എല്ലാരേം കളിപ്പിക്കുവല്ലേ.. ചിറ്റക്കു ഒരു കൊഴപ്പോമില്ല”.

 ചിരി കൂടുതലുമില്ല കുറവുമില്ല..

 അന്ന് സ്കൂളിലേക്ക് പോണവഴി ഇതാലോചിച്ചു നടന്നതുകൊണ്ട് ആമ്പല് പറിക്കാന്‍കൂടി മറന്നുപോയി.

 

  ഞാന്‍ ഹൈസ്കൂളിലെത്തി.  യൂണിഫോം മാറി. വലിയ പാവാടയും ജാക്കറ്റും.  അതിന്‍റെ നീലക്കലര്‍ എനിക്ക് തീരെപ്പിടിച്ചില്ല. ചാക്കുപോലത്തെ തുണിയും തൂക്കിയെടുത്ത് ഒന്നോടാന്‍ കൂടി പറ്റില്ലാ. കശുവണ്ടി മരത്തില്‍ കയറുക..ആമ്പല്‍ പറിക്കുക..സര്‍പ്പക്കാവ് വഴി കറങ്ങുക.. അങ്ങനെ എന്‍റെ പല ദൈനംദിനപരിപാടികളിലും മാറ്റം വന്നു.  വലിയ കുട്ടിയായി എന്നും പറഞ്ഞു രാവിലെയുള്ള പാല്‍ വാങ്ങല്‍ അമ്മ സ്നേഹപൂര്‍വ്വം നിര്‍ത്തലാക്കി. പകരംമുന്‍വശത്തെ മുറ്റം അടിച്ചുവാരാന്‍ ഏല്‍പ്പിച്ചു.  ആദ്യമൊക്കെ മൊന്തയെടുത്തോടിയെങ്കിലും അമ്മയുടെ സ്വഭാവം മാറിയതോടെ ഞാന്‍ കീഴടങ്ങി.

                             സ്കൂളും കോളെജുമൊക്കെയായി പിന്നീട് വല്ലപ്പോഴും മാത്രമേ ചിറ്റയുടെ തറവാട്ടിലേക്ക് പോയിരുന്നുള്ളു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഭാനുചിറ്റയുടെ അമ്മ മരിച്ചു. ദഹിപ്പിക്കാന്‍ എടുക്കുന്നത് വരെ ചിറ്റ അമ്മയുടെ മുഖത്ത്ചിരിയോടെ നോക്കിയിരുന്നു. അവിടെ വന്നവരോടൊക്കെ കാപ്പിയെടുക്കട്ടെ.. വിശക്കുന്നുണ്ടോ..എന്നൊക്കെ അന്വേഷിക്കുന്നതും കണ്ടു.  ആ രാത്രി പക്ഷെ അയല്പക്കം ഞടുക്കി നിലവിളിയോടെ മുറ്റത്തൂടെ ഓടിയിറങ്ങിയ ചിറ്റയെ ഒരുകണക്കിനാണ് പിടിച്ചുവലിച്ച് അകത്തുകയറ്റി കിടത്തിയത്.

 ഭ്രാന്താണത്രേ!!

 കുറെനാള് കഴിഞ്ഞ് തറവാട് ഭാഗം ചെയ്തപ്പോള്‍ ഇളയ അമ്മാവന്‍ നോക്കിക്കോളാം എന്നുപറഞ്ഞ്,ഭാനു ചിറ്റയുടെ ഓഹരികൂടി സ്വന്തമാക്കി.  അടുക്കളയില്‍ പണിയെടുത്തും,ഭക്ഷണം പാകം ചെയ്തും,പശുക്കളെ നോക്കിയും പിന്നെ തോരാതെ ചിരിച്ചും ഭാനുചിറ്റ.

 

          കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മവീട്ടില്‍ പോയപ്പോള്‍ അമ്പലത്തില്‍ പോയി വരുംവഴി ചിറ്റയെ കാണാന്‍ കയറി. ഇന്ന് തറവാടില്ല. അത് പൊളിച്ചു വിറ്റു. ഒരു ഭാഗത്ത്‌ ഒരു ചെറിയ വീടുണ്ട്. അമ്പലം ഉണ്ട് എന്ന് പറയാം. പത്തായപ്പുര വീഴാറായിനില്‍ക്കുന്നു.

 വീടിനുള്ളില്‍ കയറി അവിടുള്ളവരുമായി സംസാരിച്ചിരുന്നു.

 ”ചിറ്റ എവിടേ.. അടുക്കളയിലാ..?”

 എണീറ്റ്‌ അകത്തെക്ക് പോകാന്‍ തുനിഞ്ഞപ്പോഴെക്കും അമ്മായി പറഞ്ഞു.. 

 ”കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടാണ്.  രാത്രി മുഴുവന്‍ കരച്ചിലും ബഹളവും. പകലാണെങ്കില്‍ ഒന്നും മിണ്ടില്ല. പുറത്തുള്ള മുറിയിലാ ഭാനു.”

 എവിടെയാണെന്ന് മനസ്സിലറിയാം. അമ്മായി പുറകെ വന്നു.

 പത്തായപ്പുരയോടു ചേര്‍ന്നുള്ള ഗോപിയാശാന്‍ താമസിച്ചിരുന്ന മുറി. പതുക്കെ വാതില്‍ തുറന്നു.

 ഞാന്‍ പ്രതീക്ഷിക്കുന്നത് ആരെയാണ്!!?  നരവീണ്,ക്ഷീണിച്ച്.. അന്‍പതുകളിലേക്ക് കടന്ന.. ഭ്രാന്തന്‍ മുഖവുമായി എന്നെ തുറിച്ചു നോക്കുന്ന ഒരുവളെയോ?!

 ”നീയിരിക്ക്”     അമ്മായി തിരിഞ്ഞു നടന്നു.

 എന്‍റെ നിഴല്‍ മാറിയപ്പോള്‍ ഭാനുചിറ്റയുടെ മുഖം കണ്ടു.  പലക കട്ടിലിന്‍റെ അറ്റത്ത്,മുണ്ടും നേര്യതും ചുറ്റി ,വെളിച്ചം വീണതിന്‍റെ അസ്വസ്ഥതയില്‍ ചുളുങ്ങിയ മുഖം.  ഞാനകത്തു കയറി ഒരു വശത്തുള്ള ജനാല തുറന്നിട്ടു.

 ”എന്നെ മനസിലായോ”

 ചിറ്റ ഒന്നും പറഞ്ഞില്ല. ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു. ഇത്ര നാളും മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് നടന്നതാണ് ഭാനുചിററയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന്.  പക്ഷെ ഇന്ന് എന്നെ തിരിച്ചറിയുന്നില്ല..മിണ്ടുന്നില്ല..ചിരിക്കുന്നില്ല. കുറെ നേരം കഴിഞ്ഞ് വാതില്‍ ചാരി ഞാന്‍ പുറത്തിറങ്ങി.

ഭ്രാന്താണ് ഭാനുചിറ്റയ്ക്ക്. ഉറപ്പിച്ചു.

 എല്ലാവരോടും യാത്രപറഞ്ഞ്.. പത്തായപ്പുര കടന്നു പടിയിറങ്ങിയപ്പോഴേക്കും.. പൊടുന്നനെ മുറി തുറന്ന് ചിറ്റ പുറത്തു വന്നു. ചെറിയ കൂനോടെ കണ്ണുകള്‍ ചിമ്മിത്തുറന്ന്.. ഞങ്ങളെ നോക്കി വിളിച്ചുപറഞ്ഞു.

 ”എടാ.. അവളോട്‌ പറ കണ്ടത്തിലിറങ്ങരുതെന്ന്.. ഇങ്ങനൊണ്ടോ ഒരാമ്പല്‍ പ്രേമം..” പിന്നെന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി.

 അമ്മാവന്‍ നിസംഗനായി നില്‍ക്കുന്നു.

 തിരികെ വീട്ടിലേക്കു നടന്നപ്പോള്‍ മനസ്സുതിരുത്തി.

 ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആമ്പലും പറിച്ച്..മരംകേറി നടന്ന എന്നെ ഞാന്‍ മറന്നിട്ടും..ഭാനുചിറ്റ മറന്നിട്ടില്ല.

 

അതേ ഇരുട്ടുമുറിയില്‍, പ്രജ്ഞയെ ഭേദിച്ച്, തോരാത്ത ചിരിയുടെ ഭാരവും പേറി, ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സുന്ദരിയായ രൂപം ഇന്നും ജീവിച്ചിരിക്കുന്നു.

 

മാപ്പ്

               ഇതൊരു പഴയ ലോഡ്ജാണ്. ടൌണിലെ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നിരിക്കുന്നതുകൊണ്ട് എപ്പോഴും ആരെങ്കിലുമൊക്കെ വന്നും പോയുമിരിക്കും. രണ്ടു വര്‍ഷമായി ഒരുപാട് തവണ അയാളീ ലോഡ്ജില്‍ താമസിക്കുന്നു. രണ്ടു മാസത്തില്‍ ഒരിക്കല്‍, ഏതെങ്കിലും ശനിയാഴ്ച വൈകുന്നേരം, ഒരു കൊച്ചു ബാഗില്‍ ഒരു ഷര്‍ട്ടും മുണ്ടുമെടുത്തു വീടും പൂട്ടിയിറങ്ങും.
 
വെളുപ്പിനെ തമിഴ്നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വണ്ടിനിര്‍ത്തുമ്പോള്‍ അയാള്‍ കണ്ണുതുറന്നിരിപ്പുണ്ടാവും. അയാള്‍ക്കുറക്കമില്ല.  ഇനി ഉറങ്ങിയാല്‍ ദുസ്വപ്നം കണ്ടുണരും. മുന്നിലുള്ള ബര്‍ത്തുകളില്‍ സുഖമായുറങ്ങുന്നവരെ നോക്കി അയാളങ്ങനെയിരിക്കും. അല്ലെങ്കില്‍ ജനാലയ്ക്കു പുറത്തുകൂടി ഓടിയകലുന്ന രാത്രിയെക്കാണും. ലോഡ്ജിനു മുകളിലത്തെ സ്ഥിരമായി താമസിക്കുന്ന ഒരു മുറിയില്‍ അയാളുടെതായി വീട്ടില്‍നിന്നും കൊണ്ടുവന്നു തൂക്കിയ ഒരു കണ്ണാടിയും  സോപ്പുപെട്ടിയുമുണ്ട്.
 
                                                                           ***
 
മുഖം കഴുകി അയാള്‍ മുറിപൂട്ടിയിറങ്ങി.  ധൃതിയില്‍ താഴെവന്നു ലോഡ്ജിനു പുറത്തുകിടക്കുന്ന ഒരു റിക്ഷ വിളിച്ചു.  ഇരുപതു മിനിട്ടോളം യാത്ര, കുറെ കൊച്ചു കൊച്ചു ക്ഷേത്രങ്ങളും പാടങ്ങളും ചതുപ്പുഭൂമികളും കടന്നു വണ്ടി മുന്നോട്ട്.  വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും അവിടം ഒരേപോലെ നിര്‍ജ്ജീവമാണെന്ന് അയാള്‍ക്കു തോന്നി. മാവും നെല്ലിയും പിന്നെ കുറെ പയറും , അതൊക്കെയാണ് അയാളവിടെയാകെ കണ്ടിട്ടുള്ളത്. ഇടയ്ക്കിടെ ചെറിയ വീടുകള്‍.  വീടുകളെക്കാള്‍ കൂടുതല്‍ അമ്പലങ്ങള്‍. 
 
ആദ്യമായി അവിടേക്ക് വന്നത് എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, അമ്മയുടെ ദേഹം തെക്കേപ്പുറത്ത് അലിഞ്ഞുചേര്‍ന്നതിന്‍റെ രണ്ടു നാള്‍ കഴിഞ്ഞ്‌.  ഭാസ്ക്കരന്‍ വല്യച്ഛന്റെകൂടെ ഇതേ വഴികള്‍ കടന്നുപോയപ്പോള്‍ കണ്ണില്‍ കത്തിനിന്ന പകയും ചുണ്ടിലമര്‍ത്തിയ തേങ്ങലും ഇപ്പോഴില്ല. പക്ഷേ വരവുകള്‍ ഈയിടെയായി കൂടിയിരിക്കുന്നു. 
 
ഓട്ടോറിക്ഷ നിര്‍ത്താന്‍ പറഞ്ഞു. പൈസ കൊടുത്ത്‌ അയാളിറങ്ങി നടന്നു.  നനഞ്ഞുകുതിര്‍ന്നു നില്‍ക്കുന്ന പാടവരമ്പിലൂടെ. ഇത്തിരി വെയിലുണ്ട്. എല്ലുംതോലുമായൊരു പട്ടി എവിടുന്നോവന്ന് അയാളുടെ മുന്നില്‍ കുടുങ്ങി. വെപ്രാളത്തിലത് വരമ്പത്ത് നിന്ന് പാടത്തേക്ക് ചാടി.  പട്ടിയുടെ ദേഹം പതുപതുത്ത ചെളിയില്‍ ആണ്ടിറങ്ങുന്നത് അയാള്‍ നിസ്സഹായനായി നോക്കിനിന്നു.
 
വരമ്പിലൂടെ കുറെ നടന്നപ്പോള്‍ അങ്ങേത്തലയ്ക്കല്‍ മണ്ണിഷ്ടിക കൊണ്ടുള്ള ഒരു വീട് കണ്ടുതുടങ്ങി.  അയാളുടെ നടപ്പിന് വേഗം കൂടിവന്നു.
 
”ചത്തിട്ടുണ്ടാവല്ലേ..!!”   വേലി കടന്നപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു. 
 അതുകേട്ടെന്നോണം ചങ്കുപൊട്ടുമാറ് വീടിനകത്ത് നിന്നും ഒരു ചുമ. 
അയാളുടെ മുഖത്ത് ആശ്വാസം.
 
പിന്നാമ്പുറത്തുനിന്ന് ഒരു ചെറുക്കന്‍ വള്ളിനിക്കര്‍ ഉയര്‍ത്തിക്കയറ്റി കുതിരയുടെ ശബ്ദമുണ്ടാക്കി വന്നുനിന്നു. 
 
കഴിഞ്ഞതവണ കണ്ടതിലും അവന്‍ ക്ഷീണിച്ചു.. കറുത്തു..  
 
ചെറുക്കന്‍ ചിരിയോടെ അയാളെ നോക്കി.
അപ്പാ എന്നുറക്കെ വിളിച്ചുകൊണ്ട് അവന്‍ തിരികെയോടി.
 
സ്ഥിരം നാടകം. വേദിയൊരുങ്ങുന്നു..
 
അയാള്‍ ഇരുട്ടുനിറഞ്ഞ ആ വീട്ടിലേക്കു കയറി.  തിണ്ണയോട് ചേര്‍ന്ന് ഒരു കൊച്ചുമുറിയില്‍ ഗോവിന്ദന്‍ കിടക്കുന്നു.  പീളകെട്ടിയ കണ്ണുകള്‍, വിയര്‍പ്പുനാരുന്ന ദേഹം,  തൂങ്ങിയ കവിളുകള്‍..
 
ചെറുക്കന്‍ മുറിയിലേക്ക് കടന്ന്, ഗോവിന്ദന്‍റെ കാല്‍ക്കല്‍ കട്ടിലില്‍ പിടിച്ചുനിന്നു.
 
രോഗിയുടെ മുഖത്ത് കണ്ണുകളുറപ്പിച്ച് അയാളങ്ങനെ നിന്നപ്പോള്‍ ദൂരെ നാട്ടില്‍, തറവാടിന്‍റെ തെക്കേപ്പുറത്തെ ഒരു ഭാഗത്ത്‌ ഇലകള്‍ പതുക്കെ പൊങ്ങിമാറി, അതിനുള്ളില്‍ മറയ്ക്കപ്പെട്ട അമ്മയുടെ മുഖം മനസ്സില്‍ പൊന്തിവരും. 
അമ്മയുടെ കണ്ണീര്‍,അമ്മയുടെ മനസ്സുകൈവിട്ട മുഖം, പതുക്കെപ്പതുക്കെ ഉരുകിത്തീര്‍ന്ന അമ്മയുടെ ദേഹം. രണ്ടു വര്‍ഷങ്ങളായി ഇടയ്ക്കിടെയുള്ള ഈ ദിവസങ്ങള്‍ അമ്മയ്ക്കുവേണ്ടിയാണ്. 
 
ഉപേക്ഷിച്ച ദാമ്പത്യവും, നിഷേധിച്ച പിതൃത്വവും ഗോവിന്ദന്‍റെ മുന്നില്‍ ആറടിപ്പോക്കത്തില്‍ ഇമചിമ്മാതെ വന്നുനില്‍ക്കും. രോഗിയാവുന്നതിനു മുന്‍പ് അയാളെ പലതവണ ഗോവിന്ദന്‍ ഇറക്കിവിട്ടിട്ടുണ്ട്, തല്ലിയിട്ടുണ്ട്.. പക്ഷെ കിടപ്പായതില്‍പ്പിന്നെ ഒന്നും മിണ്ടാറില്ല.  പക്ഷെ മകന്‍ കാത്തിരുന്നു. വീണ്ടും വീണ്ടും നാണംകെട്ട് കയറിച്ചെന്നു.  ആ വാതില്‍പ്പടി കടന്ന് അകത്തുകയറാതെ വര്‍ഷങ്ങളായി അയാള്‍ കണക്കുപറഞ്ഞു തീര്‍ക്കുകയാണ്.
 
മനസ്സിന് ഒരല്‍പം സമാധാനം കിട്ടിയെന്നു തോന്നിയപ്പോള്‍ അയാളിറങ്ങി. ഗോവിന്ദന്‍ പതുക്കെ തിരിഞ്ഞുകിടന്നു. ക്ഷീണിച്ച കണ്‍പോളകള്‍ ഇറുകിയടഞ്ഞു.
 
മാപ്പ്.
 
ചെറുക്കന്‍ അയാളുടെ പിന്നാലെയിറങ്ങി മുറ്റത്തുനിന്നും പെറുക്കിയ ഒരു കുട്ടിക്കോലും തട്ടിതട്ടി നടന്നു.  പിറകേവരുന്നത് തന്‍റെ ബാല്യം തന്നെയാണെന്ന് അയാള്‍ക്കു തോന്നി. ഒരിക്കലും അവനോടയാള്‍ സംസാരിച്ചിട്ടില്ല.
 
പക്ഷെ ചെറുക്കനയാളെ വലിയ ഇഷ്ടമാണ്.  എപ്പോഴും പിറുപിറുക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന അവന്‍റെ അപ്പ അയാള്‍ വരുമ്പോള്‍ മിണ്ടാതെ കിടക്കും. അവന്‍റെ അമ്മയെന്തെങ്കിലും പുലമ്പിയാല്‍ അയാള്‍ കുറെ പൈസയെടുത്തു തിണ്ണയില്‍ വച്ചിട്ട് പോകും.  പിറ്റേന്നുമുതല്‍ അവന് പട്ടിണിയില്ല.  കുറെനാള്‍ കഴിഞ്ഞേ ഇനി അയാള്‍ വരികയുള്ളു.
 
വരമ്പിലൂടെ പാകിയ കല്ലുകളിലൂടെ അയാള്‍ നടന്നു. കൃത്യമായ താളത്തില്‍ കല്ലില്‍ തട്ടി ഒച്ചയുണ്ടാക്കി, ഇത്തിരി പിറകേ ചെറുക്കനും.  റോഡില്‍ചെന്നുകയറി തിരിഞ്ഞുനോക്കുമ്പോള്‍ അവന്‍ നില്‍ക്കും. എന്നിട്ട് ഏതെങ്കിലും വണ്ടിയില്‍ അയാള്‍ കയറിപ്പോവുംവരെ അവന്‍ അയാളെയും നോക്കി അവിടെത്തന്നെ നില്‍ക്കും. 
                                                             ***
 
രണ്ടുമാസങ്ങള്‍ കഴിഞ്ഞ്‌ അയാള്‍ വീണ്ടും വന്നു.  ഇരുട്ടുനിറഞ്ഞ ആ മുറി ശൂന്യമായിരുന്നു.  വീടിന്‍റെ തിണ്ണയില്‍ ഒരു വയസ്സിത്തള്ള എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. 
 
ചെറുക്കന്‍ എവിടുന്നോ ഓടിവന്നു.  വള്ളിനിക്കറിന്‍റെ പിടിവിടാതെ ഒരു കൈകൊണ്ട് ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
”അങ്കേയിറ്ക്ക്‌”
 
കുറച്ചങ്ങുമാറി ഒരു മണ്‍കൂനയുടെ ഒരു കോണില്‍ ചെന്ന് അയാളെയും നോക്കിയവന്‍ നില്‍പ്പായി.  അവന്‍റെ കണ്ണില്‍ പഴയ അതേ തിളക്കം.. 
 
അയാള്‍ക്കു ശ്വാസംമുട്ടി.. കണ്ണില്‍ ഇരുട്ടുകയറി.  ഇനിയവിടെ നില്‍ക്കാന്‍ പറ്റില്ല.  തിരിഞ്ഞു ധൃതിയില്‍ നടന്നു.. 
 
ടപ്പ്..ടപ്പ്..
 
ചെറുക്കന്‍ ഒരേതാളത്തില്‍ മരക്കൊലുകൊണ്ട് ശബ്ദമുണ്ടാക്കി പിന്നാലെ.
റോഡില്‍ കയറിയപ്പോള്‍ അയാളന്ന് തിരിഞ്ഞുനോക്കിയില്ല. 
                                                                       ***
അയാളെയും കാത്ത് ലോഡ്ജിലെ നൂറ്റിരണ്ടാം മുറിയും..  പിന്നെയാ കുഞ്ഞുമുഖത്തെ തിളക്കവും.

 

കഥകളിലെ മുത്തശ്ശി

വെഞ്ചാമരം പോലെ മുടി, ചുളുങ്ങിച്ചുരുങ്ങിയ ദേഹം, കനിവുള്ള കണ്ണുകളും ഇടറിയ ശബ്ദവും- പേര് മുത്തശ്ശി.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും , മഴയും മഞ്ഞും കാറ്റും പിന്നെ അമ്മയും.. ഇങ്ങനെ ചോദിക്കാതെതന്നെ നമുക്ക് കിട്ടിയ കുറെ അത്ഭുതങ്ങളുണ്ട്. പക്ഷേ ഇത്തിരികൂടി ഭാഗ്യമുള്ളവര്‍ക്കെ മുത്തശ്ശിയെ കിട്ടൂ. നാലുകെട്ടും പടിപ്പുരയും മണിച്ചിത്രപ്പൂട്ടും ഒക്കെ പുനര്‍ജീവിപ്പിക്കുന്നതുപോലെ ഒരു മുത്തശ്ശിയെ കിട്ട്വോ ഇക്കാലത്ത്?! മുകളിലിരിക്കുന്ന ഏറ്റവും വലിയ ആ ആര്‍ക്കിടെക്റ്റ് വിചാരിച്ചാലും നടക്കില്ല. ഒരു മരണം നടക്കുമ്പോള്‍ രണ്ടു ജനനം നടക്കുന്ന ഈ ഭൂമുഖത്ത്, ഒരു മുത്തശ്ശി പോവുമ്പോള്‍ പകരം ആരുമില്ല. സമുദ്രത്തിലേക്കുള്ള ഒരു നീരൊഴുക്ക് നില്‍ക്കുന്നത് പോലെ.. നന്മയുടെ ആഴക്കടലില്‍ നിന്നും ഒരു കുമ്പിള്‍ കുറയുന്നതുപോലെ.

പ്രായമായ ഇന്നത്തെ സ്ത്രീയും മുത്തശ്ശിയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളില്ലേ.. തൈലവും കുഴമ്പും കാച്ചെണ്ണയും ഒരുഭാഗത്ത്‌ ,ആന്റി എജിംഗ് ക്രീമുകളും വാസെലിനും ഹെയര്‍ ‌‌ൈഡയും മറുഭാഗത്ത്‌. ഇന്നലെയുടെ ബാല്യവും കൌമാരവും ഗാര്‍ഹാസ്ത്യവും മാറിയതിന്റെ കൂടെ വാര്‍ധക്യവും മാറി. അങ്ങനെ മുണ്ടും നേര്യതും ഉടുത്തു രാമായണം വായിച്ചിരുന്ന മുത്തശ്ശി ഓര്‍മ്മകളില്‍ മാത്രമാവുന്നു.

പാടവും പുഴയും കടന്ന്, മലകളും പാലങ്ങളും കടന്ന്..അങ്ങകലെ മുത്തശ്ശിയുടെ വീട്. തിരക്കുകള്‍ മാറ്റിവച്ച് ഓടിവരുന്നതും കാത്ത്, പരാതികളും പരിഭവങ്ങളും പ്രാര്‍ത്ഥനകളുമായി ഒരു മുഖം.

”രണ്ടീസായി എനിക്ക് തോന്നിയിരുന്നു ന്‍റെ കുട്ടീ നീ വരുംന്ന്.”

വാതവും നടുവേദനയും ഒക്കെ മറന്ന്, നമുക്ക് പ്രിയപ്പെട്ടതെല്ലാം പാകം ചെയ്തുതന്ന്‍ മുന്നിലിരുന്നു കഴിപ്പിക്കും. വിശേഷങ്ങളും നാട്ടുവര്‍ത്തമാനങ്ങളും ആവലാതികളും ആശങ്കകളും ഒക്കെപ്പറഞ്ഞു മുത്തശ്ശി അങ്ങനെയിരിക്കും .. സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ കയറ്റവും ഇറക്കവും , ബിസിനെസ്സും ,തകര്‍ന്ന ബന്ധങ്ങളും മറച്ചുപിടിച്ച് മുത്തശ്ശിക്ക്‌മുന്നില്‍ നമ്മളും. ചുക്കിച്ചുളുങ്ങിയ വയറ്റില്‍ മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ കണ്ണിനുള്ളിലേക്ക് തണുപ്പ്കയറും . ചെറിയ മയക്കം കഴിഞ്ഞുണരുമ്പോള്‍ തോന്നും.. ഇത്രനാളും ഉറങ്ങാതെ പോയ രാത്രികള്‍ക്ക് പകരമായി എന്ന്.

തിരിച്ചിറങ്ങുമ്പോള്‍, പറയാത്ത വിഷമങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞതുപോലെ മുത്തശ്ശി പറയും..

”എല്ലാം ശരിയാവും കുട്ട്യേ, നല്ലതേ വരൂ”.

ക്ഷീണിചൊട്ടിയ കവിളുകളും നിറഞ്ഞ കണ്ണുകളും നമ്മെ യാത്രയാക്കും.തിരികെപോകുമ്പോള്‍ മുത്തശ്ശി മാഞ്ഞുതുടങ്ങിയിരിക്കും. പക്ഷെ ആ തലോടലില്‍ നിന്ന് കിട്ടിയ ഉന്മേഷം,അത് പോവില്ല. വിലനിലവാരസൂചികയില്‍ ജീവിതം നിന്നാടുമ്പോള്‍ ഇടയ്ക്കെപ്പഴോ മുത്തശ്ശി വീണ്ടും വരും, നിശബ്ദതയായി..നെടുവീര്‍പ്പായി..സ്വപ്നങ്ങളായി.

വിഷാദരോഗങ്ങളും ആത്മഹത്യകളും ചതിയും കൊലപാതകങ്ങളും കൂടുമ്പോള്‍ അതേ ത്രാസിന്റെ അങ്ങേത്തട്ടില്‍ നോക്കൂ .. അവിടെ മുത്തശ്ശിയില്ല.. അവര്‍ പറഞ്ഞുതന്ന നന്മയുടെ കഥകളില്ല.. വിശ്വാസവും കരുണയും സ്നേഹവുമില്ല. ഇതൊന്നും പറഞ്ഞുകൊടുക്കാന്‍ നമ്മുടെ ഇന്നത്തെ കമ്പ്യൂട്ടര്‍ മുത്തശ്ശിക്ക് സാധിക്കുന്നുമില്ല!!

കണ്ണാടി

ആദ്യമായി കണ്ണാടിയില്‍ അവളുടെ മുഖം കാണിച്ചുകൊടുത്തത് ഒരുപക്ഷെ അമ്മയാവാം. കണ്ണാടിയും അവളും തമ്മില്‍ ഒരുപാട് ചിരിയുടെയും കണ്ണീരിന്‍റെയും ബന്ധമുണ്ട്. കുഞ്ഞുനാളിലെ അമ്മ തൊട്ടുതന്ന വലിയ പൊട്ടും നീട്ടിയെഴുതിയ കണ്ണുകളും അവള്‍ കണ്ടത് അങ്ങനെയാണ്. അതേ അമ്മ വഴക്കുപറഞ്ഞപ്പോഴൊക്കെ ഓടിവന്നു കരഞ്ഞുതീര്‍ത്തതും അതേ കണ്ണാടിക്കു മുന്നിലിരുന്നാണ്. എങ്ങലടിക്കുമ്പോള്‍ കണ്ണാടിയിലെ അവള്‍ കൂടുതല്‍ സുന്ദരിയാവും.. സങ്കടം കുറയും.. പിന്നീട് കുറേനേരം കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിരിക്കും, പതുക്കെപ്പതുക്കെ മുറിക്കു പുറത്ത് അമ്മയും സന്കടപ്പെടുന്നുണ്ടാവും എന്നോര്‍ക്കും.

സ്കൂളില്‍ പോകുമ്പോള്‍ ധൃതിപിടിച്ചു പലദിവസവും കണ്ണാടിയില്‍ നോക്കാതെ ഇറങ്ങി ഓടിയിട്ടുണ്ട്. പിറന്നാള്‍ ദിവസം പക്ഷെ അമ്പലത്തിലേക്ക് പോകുമ്പോള്‍ കണ്ണാടിയില്‍ നോക്കി ചിരിയോടെ ഉറപ്പുവരുത്തിയേ ഇറങ്ങൂ. പുതിയ പട്ടുപാവാടയും ദാവണിയും മുല്ലപ്പൂവും ചന്ദനവും.. ഒക്കെയും കണ്ണാടിയില്‍ കണ്ടു. ആദ്യമായി ഒരാള്‍ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ കണ്ണാടിയില്‍ പതിഞ്ഞു. ഒരുപക്ഷെ അവള്‍ പ്രണയിച്ചത് കണ്ണാടിയിലെ അവളുടെ ചിരിയേയാവം.. അല്ലെങ്കില്‍ അത് പൊയ്പോയപ്പോള്‍ അതേ കണ്ണാടിയില്‍ അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ലായിരുന്നു. ഓരോ ദിവസവും കണ്ണാടിയിലെ തന്നെ സന്തോഷിപ്പിക്കാന്‍ സ്വയം പ്രയത്നിച്ചു. പുതിയ ജോലി..പുത്തന്‍ വസ്ത്രങ്ങള്‍ .. പുതിയ ബന്ധങ്ങള്‍….

ഓരോ ദിവസവും രാത്രി, ഉറങ്ങുന്നതിനു മുന്‍പ് കണ്ണാടിക്കു മുന്നിലുള്ള അവളുടെ നിമിഷങ്ങള്‍ . വേഷങ്ങള്‍ അഴിച്ചുവച്ച , മുഖംമൂടി ഊരിവച്ച, വിവസ്ത്രയും ദുഖിതയുമായ ഒരാത്മാവ്. തെല്ലും ഭയമില്ലാതെ ചിലപ്പോള്‍ .. അങ്ങേയറ്റം സന്തോഷത്തോടെയും അഹങ്കാരത്തോടെയും ചിലപ്പോള്‍ .. ഒരുപാട് നോവിക്കപ്പെട്ട് മറ്റുചിലപ്പോള്‍ ..

വിവാഹദിവസം ഒരുങ്ങിയിറങ്ങുംമുന്‍പേ അവളുടെ മുഖത്തെ സ്വപ്നങ്ങളും, പിന്നീടൊരു ദിവസം, അവളുടെ ഉള്ളില്‍ വളരുന്ന ജീവന്‍റെ തുടിപ്പും കണ്ണാടി വായിച്ചെടുത്തു.. മാസങ്ങള്‍ക്കുശേഷം കൈയില്‍ അതേ ജീവനെ എടുത്തു കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍……… ..

അമ്മയെ കണ്ടു. അവളുടെ അമ്മയെ.. അവളിലെ അമ്മയെ.

പിന്നീട് പലപ്പോഴും കണ്ണാടിയില്‍ നോക്കാതെ.. ചിരിയും കരച്ചിലും മാറ്റിനിര്‍ത്തി ജീവിച്ചു. ഇടയ്ക്കെപ്പോഴെങ്കിലും ഒന്നോടിവന്നു നോക്കുമ്പോള്‍,  കാണാനോ അറിയാനോ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല. നെറ്റിയില്‍ ചുളിവുകള്‍ വീണപ്പോള്‍ …  ആദ്യനര കണ്ടപ്പോള്‍ .. സിന്ദൂരം മാഞ്ഞപ്പോള്‍ .. കണ്ണാടിയിലെ അവള്‍ കൂടുതല്‍ അപരിചിതയായി.

ഒടുവില്‍ ഒരുദിവസം അതേ കണ്ണാടിയില്‍ ഒരുപാട് നേരം നോക്കിയിരുന്നു. ചുളിവുകള്‍ മാഞ്ഞ.. നരയില്ലാത്ത..സുന്ദരിയായ തന്നെ ഓര്‍ത്തെടുത്തു. ഒട്ടിയ കവിളുകളെ തള്ളിനീക്കി ചുണ്ടുകള്‍ ചലിച്ചപ്പോള്‍ കണ്ണാടിയാവും ഒരുപക്ഷെ കൂടുതല്‍ സന്തോഷിച്ചത്.

അതിനുശേഷം അവളെ കണ്ടില്ല. പക്ഷേ, കണ്ണാടിയ്ക്കഭിമുഖമായി അതേ ചിരി ഇന്നുമുണ്ട്. ഒരു പഴയ ഫോട്ടോയില്‍ .. അതില്‍ മാറാലകള്‍ വന്നു മറയ്ക്കരുതേ എന്നുമാത്രം കണ്ണാടിയുടെ പ്രാര്‍ത്ഥന!

കറുത്ത പ്രതിരൂപങ്ങള്‍

പലതവണ ആ വലിയ ഇരുമ്പുകവാടത്തിന്‍റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ . കറുത്ത ഗേറ്റില്‍ വലിയ വെളുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയ ഒരിടുങ്ങിയ ലോകം. ചുറ്റിനും നഗരത്തിന്റെ കോലാഹലങ്ങള്‍ .. കെട്ടിട സമുച്ചയങ്ങള്‍ .. വാഹനങ്ങള്‍.. തിരക്കുകള്‍ .. വലിയ ഒരു മതിലും കറുത്ത കവാടവും വേര്‍തിരിച്ചുനിര്‍ത്തിയിരിക്കുന്നത് എണ്‍പതോളം സ്ത്രീജന്മങ്ങളെ… വനിതാതടവുകാരെ..

രാവിലെ ഏഴു മണിയോടെ ”നമ്മള്‍ തമ്മില്‍” എന്ന ചാറ്റ്ഷോയ്ക്കു വേണ്ടി.. അറിയാത്ത ലോകത്തിന്‍റെ പടി കടന്ന് അകത്തേക്ക്!
വനിതാ പോലീസുകാരുടെയും ജയില്‍ അധികാരികളുടെയും ചിരിച്ച മുഖങ്ങള്‍ .. സൗഹൃദസംഭാഷണങ്ങള്‍ .. മുന്നോട്ടേക്കു നോക്കുമ്പോള്‍ അരയേക്കറോളം വരുന്ന ഒരു മുറ്റത്തിനുചുറ്റിനും കെട്ടിയ, നീളന്‍ വരാന്തയോടുചേര്‍ന്ന ജയില്‍ മുറികള്‍. .  ചാനലില്‍ നിന്നെത്തിയവര്‍ വലിയ ലൈറ്റുകളും ബോര്‍ഡുകളും അവിടിവിടെയായി സ്ഥാപിക്കുന്നുണ്ട്. അടുപ്പമുള്ള ഒരു മുഖം കണ്ടു.. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി മാഡം. എപ്പോഴുമുള്ള ചിരി.. സൗമ്യമായ നോട്ടവും വര്‍ത്തമാനവും. വേറെയും അതിഥികളുണ്ട്.
കാക്കിസാരിയണിഞ്ഞ കുറേ വനിതകള്‍ അങ്ങിങ്ങായി നില്‍ക്കെ, വരാന്തയുടെ ഒരുഭാഗം നിറയെ കുറേപേര്‍.,  റിമാന്‍ഡിലുള്ളവര്‍ സാധാരണ വേഷങ്ങളിലും ശിക്ഷയനുഭവിക്കുന്നവര്‍ വെള്ള മുണ്ടും ബ്ലൗസിലും. . ചിലര്‍ക്ക് വെള്ള സാരി.

പിന്നീടുള്ള കുറേ മണി

ബിനിതയുടെ കവിത

ക്കൂറുകള്‍ അവരെ മുന്നിലിരുത്തി ചര്‍ച്ച. കുറേ പേര്‍ അവരുടെ ജയില്‍ മുറികളില്‍തന്നെയിരുന്നു. ക്യാമറകളെയല്ല, അതിനപ്പുറമുള്ള ഒരു വലിയ ലോകത്തെ, അവിടെ ജീവിക്കുന്ന.. അവരെ വെറുക്കുന്ന.. ശപിക്കുന്ന..ചിലപ്പോള്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കുറേപേരെ ഓര്‍ത്തുകൊണ്ടാവും ചിലരൊക്കെ മാറിനിന്നത്.

തന്ത്രിക്കേസില്‍ കുപ്രസിദ്ധിനേടിയ ശോഭാജോണ്‍ മുതല്‍ ആരുമറിയാത്ത, അനാഥയായ, മാനസികനിലതെറ്റിയ ഒരു വൃദ്ധ വരെയടങ്ങുന്ന.. സ്ത്രീയുടെ കറുത്ത പ്രതിരൂപങ്ങള്‍. കൊലപാതകം ചെയ്തിട്ടുള്ളവരില്‍ പലരും മറ്റുള്ളവര്‍ക്കുവേണ്ടി ശിക്ഷ സ്വയമേറ്റുവാങ്ങിയവര്‍ .. സ്വന്തം കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ ജീവന്‍ ബാക്കിനിന്ന് ജയിലറയില്‍ എത്തിയവര്‍ .. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ , ഒരു വയര്‍ നിറയ്ക്കാന്‍ ശരീരം വിറ്റവര്‍ .. രണ്ടു കുപ്പി മദ്യം വെള്ളംചെര്‍ത്തു മറിച്ചുവിറ്റതിനു പിടിക്കപ്പെട്ടവര്‍.!.. !

കുറ്റവാളികളില്‍ പലര്‍ക്കും നിയമസഹായം ലഭിക്കാറില്ല.. അതിന് അവരുടെ കൈയില്‍ എന്തെങ്കിലും വേണ്ടേ.. സാമ്പത്തിക ഭദ്രതയുള്ള ഒരാളെയും അവിടെ കണ്ടുമില്ല!!

ആട് ആന്‍റ്ണി എന്ന കള്ളന്റെയും കൊലപാതകിയുടെയും നിയമപരമായി വിവാഹം ചെയ്യാത്ത രണ്ടു സ്ത്രീകള്‍ അവിടെയുണ്ട്. കുറ്റം- അയാള്‍ ഒളിവിലാണ്. ഇവരെയെ പോലീസിനു കിട്ടിയുള്ളൂ. ഈ രണ്ടു സ്ത്രീകളെ ചതിച്ചു കൂടെ താമസിപ്പിച്ച അയാള്‍ സിനിമാസ്റ്റൈലില്‍ വന്നുകീഴടങ്ങും എന്നാണ് ധാരണ! അതില്‍ ഒരു പെണ്‍കുട്ടി ജയിലില്‍ വന്നിട്ടാണ് പ്രസവിച്ചത്. ഒരുമാസം പ്രായമായ കുഞ്ഞിനേയും മടിയില്‍വച്ച് അലമുറയിട്ട്‌ കരഞ്ഞും.. തന്നെ അയാള്‍ക്ക്‌ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞുകൊടുത്ത സ്വന്തം അമ്മയെ ശപിച്ചും അവളിരുന്നു.

ഒരു നിമിഷം. ഒരുപക്ഷെ ഒരു നിമിഷത്തെ തെറ്റുകൊണ്ട്..അല്ലെങ്കില്‍ തെറ്റായ സാഹചര്യം കൊണ്ട് ജീവിതം കൈവിട്ടുപോയവര്‍.. അവരുടെ ഇന്നത്തെ ജീവിതം നരകതുല്യമാണോ?? ചിലര്‍ക്കുമാത്രം.
ചിലര്‍ക്ക് ജയില്‍ സുരക്ഷിതമായ ഒരു താവളമാണ്. അവിടെ ആരും അവരെ ഉപദ്രവിക്കാനെത്തില്ല..അവരുടെ ശരീരത്തിന് കണക്കുപറയില്ല.. പട്ടിണിയില്ല. പക്ഷെ, മറ്റുചിലര്‍ക്ക് ഓരോ ദിവസവും ഭീതിയാണ്.. പുറത്തു ജീവിക്കുന്ന പെണ്മക്കളെ ഓര്‍ത്ത്.. അവരുടെ ഭാവിയോര്‍ത്ത്. ചെയ്ത പാപത്തിന്‍റെ ആഴമറിഞ്ഞാല്‍പ്പിന്നെ ജീവിതം മരണതുല്യമാണ്.അവിടെ ജീവപര്യന്തവും തൂക്കുകയറും ഒന്നും മതിയാവില്ല.
അന്ന് ഞാന്‍ കണ്ട ഓരോ സ്ത്രീയും നിര്‍ജീവമായ.. ചേതനയറ്റ..മനുഷ്യമനസ്സായിരുന്നു. ജയിലറയില്‍ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്നവള്‍ക്ക് സ്വപ്‌നങ്ങള്‍ കാണുമോ? ജീവപര്യന്തം കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ.. ആരോരുമില്ലാത്ത, മാനസികനില തെറ്റിയ ആ വൃദ്ധയ്ക്ക് സന്തോഷം കാണുമോ? അറിയില്ല.

പരിപാടി കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ അവരെല്ലാം അടുത്തുവന്നു സംസാരിച്ചു.. ചിലര്‍ ടിവിയില്‍ കണ്ട പരിചയത്തില്‍.. മറ്റുള്ളവര്‍ വെറുതെ നോക്കിനിന്നു. ബിനിത എന്ന തടവുകാരി കവിതകള്‍ എഴുതാറുണ്ട്.. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം എടുത്ത ആ സ്ത്രീ ഒരു ചെറിയ കടലാസുകഷണം കൈയില്‍ തന്നു. തിരികെ കാറില്‍ വീട്ടിലേക്കു വരുമ്പോള്‍ അവരുടെ ഇടറിയ ശബ്ദവും കരച്ചിലും, കൂടെ കുറേ കറുത്ത പ്രതിരൂപങ്ങളും…

ഒരുപക്ഷെ അവരുടെ സ്ഥാനത്ത്‌ സ്വയം സങ്കല്‍പ്പിച്ചാല്‍ എനിക്ക് ചുറ്റുമുള്ള ഈ വലിയലോകം പതിയെ കറുത്തിരുണ്ട്‌ വരും.. എന്നിട്ട് ആ വലിയ ലോകത്തിന്‍റെ ചുറ്റിനും വലിയ ഒരു മതിലും ഒരു കറുത്ത കവാടവും പൊങ്ങിവരും.. വലിയ അക്ഷരങ്ങളില്‍ അവിടെയും എഴുതണ്ടേ..ഇങ്ങനെ.. “വനിതാ ജയില്‍:”””

ഇലഞ്ഞിപ്പൂക്കള്‍

അച്ഛന്‍റെ ജോലിയില്‍ ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റങ്ങളില്‍ ഒന്ന്. അമ്മയും ഞാനും അനിയനും പിന്നെ കുറെ കാര്‍ഡുബോര്‍ഡ്‌ പെട്ടികളും. ഒരാഴ്ച മുന്നേ അമ്മ പരാതിയും പരിഭവങ്ങളും തുടങ്ങി. അച്ഛന്‍ നിസ്സഹായനായി നോക്കിനില്‍ക്കും. അമ്മ മടുക്കുമ്പോള്‍ എല്ലാം നിര്‍ത്തി പാക്കിംഗ് തുടര്‍ന്നോളും. എനിക്ക് പക്ഷെ സങ്കടമാണ്. എനിക്കെവിടെയും കൂട്ടുകാരില്ല. അനിയന്‍ നാല് വയസ്സിനിളയതാണ്. എപ്പോഴും അമ്മയോട് വഴക്കിട്ടു കരഞ്ഞ് നിലവിളിക്കും.

ഒരു കാറും പുറകെയൊരു മിനി ലോറിയും. ഞങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയുള്ള യാത്രകള്‍ പതിവാണ്. ഇത്തവണയും ഒരു വീടിന്‍റെ മുന്നില്‍ ചെന്നിറങ്ങിയിട്ട് അച്ഛന്‍ എന്നോട് ചോദിച്ചു.

“എങ്ങനെയുണ്ട് മോളേ നമ്മളുടെ പുതിയ വീട്?”

അമ്മയുടെ കളിയാക്കല്‍ പുറകെ വരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു..

“എനിക്കിഷ്ടായി അച്ഛാ.. പഴയ വീടിനേക്കാള്‍ നല്ലതാ”

എപ്പോഴും അച്ഛനെയും അമ്മയെയും ഇങ്ങനെ ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്നതില്‍ ഞാന്‍ സ്വയമേ അഭിമാനിക്കാറുണ്ട്.

അടുത്ത ദിവസം. പുതിയ സ്കൂള്‍. ..

ഇത്തവണ ഒരു വലിയ ആശ്വാസം അമ്മയ്ക്കാണ്. സ്കൂള്‍ അടുത്താണ്. എങ്കിലും ഓട്ടോറിക്ഷ ഏര്‍പ്പാടാക്കണം എന്നാണ് വാശി. അച്ഛന് ഒരു ബജാജ് ചേതക് സ്കൂട്ടര്‍ ഉണ്ട്. അതിലായിരുന്നു പഴയ സ്കൂളിലേക്ക് പോയിരുന്നത്. എന്തു രസമാണെന്നോ.. പുറകിലിരുന്ന് അച്ഛന്‍റെ ഷര്‍ട്ടില്‍ ഇറുകെപ്പിടിചിരിക്കും. സ്പീട്‌കൂടുമ്പോള്‍ കണ്ണടച്ച് ചിരിക്കും. അനിയന്‍ മുന്‍പില്‍ നില്‍ക്കുന്നുണ്ടാവും. ഭാവം കണ്ടാല്‍ തോന്നും അവനാണ് സ്കൂട്ടര്‍ ഓടിക്കുന്നതെന്ന്. വല്യമ്മ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ മഞ്ഞ ഫ്രെയിമുള്ള ഒരു കുട്ടി കൂളിംഗ്‌ഗ്ലാസ്‌ അവനു കൊടുത്തു. അത് കിട്ടിയതില്പിന്നെ ആശാന് സ്കൂളില്‍ പോവാന്‍ വല്യ ആത്മാര്‍ത്ഥതയാണ്.

ഇത്തവണ ഞങ്ങള്‍ക്ക് ഓട്ടോറിക്ഷ!

ഹും.. സാരമില്ല. മഞ്ഞ കൂളിംഗ് ഗ്ലാസ് ഓട്ടോയിലും വയ്ക്കാല്ലോ. അവനു വലിയ നിരാശയൊന്നും കണ്ടില്ല. എനിക്ക് പക്ഷെ പുതിയ സ്കൂള്‍ എന്നും ഒരു പേടിസ്വപ്നമാണ്.ഒപ്പം പഠിക്കുന്നവരുടെ.. ”എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ” എന്നമട്ടിലുള്ള മുഖഭാവം. പോരാത്തതിന് ഇടയ്ക്ക് ചെന്നു ചേരുന്നതുകൊണ്ട് ക്ലാസ്സില്‍ ആര്‍ക്കും വേണ്ടാത്ത സ്ഥലമാവും എനിക്ക് കിട്ടുക.

അങ്ങനെ ഇത്തവണയും ഞങ്ങള്‍ എത്തി.

അച്ഛന്‍റെ കൂടെ ആദ്യദിവസം ചെന്നിറങ്ങുക ഹിന്ദി സിനിമയിലെ നായകന്മാരെ പോലെയാണ്. കാലെടുത്തു വയ്ക്കുന്നത് മുതല്‍ സംഭവബഹുലമാണ് ദിവസങ്ങള്‍.

ഇനി എന്‍ട്രി.

ആദ്യം വണ്ടിയില്‍ ഇരുന്നുതന്നെ പുറത്തേക്കു നോക്കും.

”ആഹാ.. വലിയ സ്കൂള്‍ ആണല്ലോ!”.. മനസ്സില്‍ പറയും.

പിന്നെ അടുത്തിരിക്കുന്ന അനിയനെ നോക്കും. അവന്‍ മിക്കവാറും വാ തുറന്ന്, ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കിയിരിപ്പുണ്ടാവും. അവന്റെ കുഞ്ഞുവായടപ്പിച്ച് ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങും.

slow motion:)!

ആദ്യം എന്‍റെ നീലക്കളര്‍ കാലന്‍കുട നിലത്ത് കുത്തിനിര്‍ത്തും. പിന്നെ എന്‍റെ പുതിയ പച്ചക്കളര്‍ ഷൂസിട്ട കാല്‍. അങ്ങനെ ഞാന്‍ പുറത്തു വരും. അനിയന്‍ അവിടെത്തന്നെ ഇരിക്കും. അച്ഛന്‍ അവന്‍റെ മഞ്ഞ കൂളിംഗ്‌ഗ്ലാസൂരി കൈയില്‍ കൊടുത്തു അവനെ പുറത്തിറക്കും.

കുഴപ്പമില്ല.

അല്ല!! കുഴപ്പമുണ്ട്..  ഞാന്‍ യുണിഫോം അല്ല ഇട്ടിരിക്കുന്നത്. അമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ, നല്ല തിളങ്ങുന്ന ചുവപ്പ് ഫ്രോക്ക്. ഷൂസിന്‍റെ നിറത്തിനു ചേര്‍ന്ന മുത്തുമാലയും കമ്മലും.

ശ്ശൊ.. ഈ അമ്മേടെ ഒരു കാര്യം!!

മുഖത്തേക്കുറിച്ച് എനിക്കോര്‍ക്കാന്‍ വയ്യ. വാലിട്ടു കണ്ണെഴുതി വട്ടപ്പോട്ടും തൊടീച്ചെ വിടൂ.

ശ്ശൊ അമ്മേനെക്കൊണ്ട് തോറ്റു!!

ഹെട്മിസ്ട്രെസ്സിന്‍റെ റൂമില്‍ രണ്ടു ടീച്ചേഴ്സ് വന്നു, ഞങ്ങളെ കൊണ്ടുപോകാന്‍. ജയില്‍പ്പുള്ളികളെപ്പോലെയാണ് ഞങ്ങള്‍ ക്ലാസ്സിലേക്ക് പോവുക. ടീച്ചര്‍ ആദ്യം കൊണ്ടുപോയി ഫസ്റ്റ്‌ബെഞ്ചില്‍ ഇരുത്തും. അപ്പൊത്തന്നെ അവിടിരിക്കുന്ന കുട്ടി യുദ്ധം പ്രഖ്യാപിക്കും. ടീച്ചര്‍ പോയ ഉടനേ പറയും..

”ഇതെന്‍റെ സീറ്റാ”.

                    ഹും.. ഞാന്‍ പതിയെ അവിടെ എഴുന്നേറ്റു നില്‍ക്കും. എന്നിട്ട് ക്ലാസ്റൂം മൊത്തത്തില്‍ ഒന്ന് സ്കാന്‍ ചെയ്യും. ബെഞ്ചുകളിലേക്കല്ല നോക്കുന്നത്. അതിന്‍റെ മേലിരിക്കുന്ന രാജാക്കന്മാരുടെയും റാണിമാരുടെയും മുഖങ്ങളിലേക്ക്. ഏതെങ്കിലും ഒരാള്‍ ഇത്തിരി കനിവോടെ നോക്കിയാല്‍ ഒന്ന് വട്ടം കറങ്ങി അവസാനം അവിടെ പോയിരിക്കും.അതാണ്‌ എന്‍റെയൊരു സ്ഥിരം രീതി.ഇത്തവണ പക്ഷെ അങ്ങനെയൊരു മുഖവും കണ്ടില്ല.

അല്ലെങ്കില്‍ത്തന്നെ ഈ ചുവന്ന ഉടുപ്പിട്ട് വന്നാലേ ഇങ്ങനെയാ!! ഒന്നും ശരിയാവത്തില്ല..!!

പക്ഷേ ലാസ്റ്റ്‌ബെഞ്ച്‌ അങ്ങേയറ്റം ഒഴിഞ്ഞു കിടക്കുന്നു.

ഹോ!! രക്ഷപെട്ടു!

അങ്ങനെ ഫസ്റ്റ് പിരീഡ് തുടങ്ങി. ടീച്ചര്‍ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

”എന്‍റെ പേര് കവിത.എസ്,നായര്‍”.. എന്ന് തുടങ്ങി..ഞാനൊരു കിടിലന്‍ രണ്ടു മിനിറ്റ് പ്രസംഗം നടത്തി. എന്നിട്ട് നേരെ പോയി എന്‍റെ സീറ്റിലിരുന്നു. ഇടയ്ക്കിടെ ഞാന്‍ അനിയനെപ്പറ്റി ആലോചിച്ചു. ഈശ്വരാ അവന്‍റെ കൂളിംഗ് ഗ്ലാസ്‌ ആരേലും തൊട്ടാല്‍ ആ കുട്ടീടെ കാര്യം എന്താവുമോ എന്തോ..!!

കുറേനേരം കഴിഞ്ഞു .. പുറത്തുനിന്ന് പെട്ടെന്നൊരു വിളി ..

”ടീച്ചര്‍..”

കറുത്തിരുണ്ട് മെലിഞ്ഞ ഒരു പെണ്‍കുട്ടി.. നെറ്റിയിലും കഴുത്തിലും വിയര്‍പ്പുതുള്ളികള്‍..

”ആഹാ ഇന്നെന്താ ഇത്ര നേരത്തേ..?” ടീച്ചര്‍ ചോദിച്ചു.

അവള്‍ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. .ബെല്ലടിക്കുന്നത് വരെ.
ടീച്ചര്‍ പോയതിനു ശേഷം ധൃതിയില്‍ അകത്തുകയറി.. നേരെ എന്‍റെ അടുത്തുവന്നു നിന്നു.

”സീറ്റ്‌ പോയി..”!! ഞാന്‍ മനസ്സിലോര്‍ത്തു.

ഞാന്‍ മുന്‍പിലിരിക്കുന്ന പുസ്തകങ്ങള്‍ പെറുക്കിയെടുക്കുന്നതിന് മുന്‍പേ അവള്‍ ബെഞ്ചിന്‍റെ ഒരു വശം കൈകൊണ്ടു തൂത്തുവൃത്തിയാക്കി അവിടെ ഇരുന്നു. എന്നിട്ട് എന്നെ നോക്കി മൃദുവായി ചിരിച്ചു. അതുവരെ ആരും ചിരിക്കാത്തതുകൊണ്ടാവും എനിക്കു വലിയ സന്തോഷം തോന്നി.. ചിരിയുടെ കൂടെ കുട്ടീടെ പേരെന്താ എന്നുകൂടെ ഞാനങ്ങു ചോദിച്ചു.

”മണിക്കുട്ടി..”

എന്‍റെ പേരിപ്പം ചോദിക്കുമായിരിക്കും എന്ന മട്ടില്‍ ഞാന്‍ അവളെത്തന്നെ നോക്കിയിരിക്കുകയാണ്. മണിക്കുട്ടി ബാഗ് തുറന്നു. ആഹാ എന്താ നല്ല മണം.. ബാഗിനു പുറത്തെ കള്ളിയില്‍ നിന്നും നാലഞ്ചു കുഞ്ഞുപൂക്കളെടുത്തു ഡസ്കിന്‍റെ പുറത്തുവച്ചു.
ഈ പൂ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ… ചോദിച്ചുകളയാം..

”ഇതേതാ ഈ പൂവ്?”

”ഇലഞ്ഞി… സ്കൂളിന്‍റെ മുന്‍പില് നില്‍ക്കുന്ന വല്യ മരമില്ലേ.. അതിന്‍റെ ചോട്ടീന്നാ..”. അവള്‍ പറഞ്ഞു.

                  ഇനിയുള്ള കഥയില്‍ മണിക്കുട്ടിയും അവള്‍ അന്നുനീക്കിവച്ച ഇലഞ്ഞിപ്പൂക്കളും മാത്രേ ഉള്ളൂ. രണ്ടു വര്‍ഷം നീണ്ട സൗഹൃദം. അവളുടെ അമ്മ ഇടയ്ക്കിടെ വയ്യാതെ ആശുപത്രിയിലാവും. അച്ഛന്‍ ദൂരെയെവിടെയോ ജോലിക്ക് പോയിരിക്കുവാണ്. അമ്മയുടെ വീട്ടില്‍ നിന്നാണ് മണിക്കുട്ടി സ്കൂളില്‍ വരുന്നത്. ഒത്തിരി സങ്കടങ്ങള്‍ ഉണ്ടായിട്ടും മണിക്കുട്ടി നിറയെ ചിരിക്കുമായിരുന്നു. പതിയെപ്പതിയെ അവളുടെ ചിരി മാഞ്ഞു. പിന്നീട് കുറെ നാള്‍ സ്കൂളില്‍ വന്നില്ല. പിന്നെ ഞാനവളെ കണ്ടത് പരീക്ഷയെഴുതാന്‍ വന്നപ്പോഴാണ്. ഞാനൊന്നും ചോദിച്ചില്ല. ക്ലാസ്സില്‍ എല്ലാവരും പറഞ്ഞു അവളുടെ അമ്മ മരിച്ചു പോയെന്ന്.

വലിയ അവധിക്ക് സ്കൂള്‍ അടച്ച ദിവസം അച്ഛന്‍റെ വീട്ടിലേക്കു പോകുവാണെന്നു മണിക്കുട്ടി എന്നോട് പറഞ്ഞു. സ്കൂള്‍ തുറന്ന ദിവസം ഞാന്‍ അവളെ നോക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കൂടെ ഉണ്ടായിരുന്ന കുറെ കൂട്ടുകാരോക്കെ ഈ വര്‍ഷവും ഒരേ ക്ലാസ്സിലുണ്ട്. ഇന്റര്‍വെല്‍ സമയത്ത് എല്ലാ ഡിവിഷനിലും പോയി നോക്കി. മണിക്കുട്ടിയില്ല. ഉച്ചയ്ക്ക് സ്റ്റാഫ് റൂമിന്‍റെ മുന്നില്‍ വട്ടം തിരിഞ്ഞുനില്‍ക്കുന്ന എന്നെക്കണ്ട് ഗ്രേസി ടീച്ചര്‍ അകത്തേക്ക് വിളിപ്പിച്ചു.

”എന്താ കവിതക്കുട്ടി..” ടീച്ചര്‍ സ്നേഹത്തോടെ ചോദിച്ചു.

”ടീച്ചര്‍.. മണിക്കുട്ടി ഏതു ക്ലാസ്സിലാ..”

എന്നെ ചേര്‍ത്തുപിടിച്ച് ഗ്രേസി ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു.. മണിക്കുട്ടി വേറെ സ്കൂളിലേക്ക് പോയത്രേ. അച്ഛന്‍റെ നാട്ടില്‍.

ഞാന്‍ തിരികെ ക്ലാസ്സില്‍ വന്നിരുന്നു. എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്.. കളിയും ചിരിയുമാണ്. എനിക്കു വിശക്കുന്നില്ല. ഇത്തവണ ഞാന്‍ ഫസ്റ്റ് ബെഞ്ചിലാണ്. അന്നുരാവിലെ നേരത്തെതന്നെ വന്ന്‌ എനിക്കും മണിക്കുട്ടിക്കും സീറ്റുപിടിചിട്ടിരുന്നു ഞാന്‍. എന്‍റെ കണ്ണുകള്‍ പതിയെ നിറഞ്ഞു വന്നു. സങ്കടവും ദേഷ്യവും നിറഞ്ഞൊഴുകി.

പിറ്റേ ദിവസം രാവിലെ സ്കൂള്‍ ഗേറ്റ് കടന്നപ്പോള്‍ ഒരു നിമിഷം നിന്നിട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ കുഞ്ഞുമനസ്സില്‍ വലിയ ആശ്വാസം!

ബെല്ലടിച്ചു. ക്ലാസ്സുതുടങ്ങിയപ്പോള്‍ ഞാനെന്‍റെ ബാഗ് തുറന്നു. ഒരുപിടി ഇലഞ്ഞിപ്പൂക്കള്‍ എന്നെ നോക്കി ചിരിച്ചു.ImageImage

ഒളിത്താവളങ്ങള്‍

 ഓടിയൊളിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന കുറേ സ്ഥലങ്ങളുണ്ട്. പലപ്പോഴും അവഗണിക്കപ്പെടുന്ന, ഓര്‍മ്മിക്കാതെ ഉപേക്ഷിക്കപ്പെടുന്ന ചിലയിടങ്ങള്‍. അമ്മയുടെ മടിത്തട്ടുമുതല്‍ കിടപ്പറ, കുളിമുറി, സ്വന്തം വണ്ടി, സ്ഥിരം പോകാറുള്ള ദേവാലയങ്ങള്‍, സുഹൃത്തുക്കളുടെ ചുമലുകള്‍  അങ്ങനെയങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള്‍ ഉപയോഗിച്ച് മറക്കുന്ന.. തിരിച്ചു പരാതി പറയാതെ നമ്മള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ചില മനസ്സുകള്‍.

കുട്ടിക്കാലത്ത് എല്ലാവരോടും പിണങ്ങിമാറി ഓടിമറഞ്ഞത് എവിടേക്കായിരുന്നു..?! തട്ടിന്‍പുറത്തെ പഴയ പത്രക്കെട്ടുകള്‍ക്കിടയില്‍.. വിതുമ്പലോടെ കാല്‍മുട്ടോടുചേര്‍ത്തു മുഖമമര്‍ത്തി കരഞ്ഞപ്പോള്‍ ആരും അടുത്തുണ്ടായിരുന്നില്ല. ഓരോ കണ്ണീര്‍ത്തുള്ളിയും പരാതികളായി താഴോട്ടുപതിച്ചു. പതിയെപ്പതിയെ എങ്ങലടി മാറുമ്പോള്‍ ചുറ്റും നോക്കി ദീര്‍ഘനിശ്വാസത്തോടെ എഴുന്നേല്‍ക്കും. താഴെ തന്നെക്കാത്തിരിക്കുന്ന വെളിച്ചം നിറഞ്ഞ ലോകത്തേക്ക് പടികളിറങ്ങും.

അടുത്ത പിണക്കം വരെ വിട !!

കുറേക്കൂടി വളര്‍ന്നപ്പോള്‍ മറ്റൊരിടം കിട്ടി.  അടുത്തുള്ള അയ്യപ്പന്‍റെ അമ്പലത്തിലെ കല്ലുപാകിയ പടികള്‍.  അതിനോട് ചേര്‍ന്ന് വലിയ ഒരു ചെമ്പകം നില്‍പ്പുണ്ട്.  മിക്കപ്പോഴും അവിടമാകെ പൂക്കള്‍ വീണുകിടപ്പുണ്ടാവും. പടികള്‍ക്കിടയിലെ മണ്ണിന്‍റെ മുകളില്‍ ഇളമ്പച്ച നിറത്തില്‍ നന്നേ പൊക്കം കുറഞ്ഞ കുഞ്ഞുചെടികള്‍. അധികമാരും വരാത്ത ഒരു ചെറിയ അമ്പലമാണ്.  പടികളിലിരുന്നാല്‍ അങ്ങുദൂരെ മാറി സര്‍പ്പക്കാവുകാണാം.  അമ്മ വിലക്കിയിട്ടുള്ളതുകൊണ്ട് ഒരിക്കലും ആ തൊടിയിലൂടെ പോയിട്ടില്ല. ആരെങ്കിലും അതേവഴി കയറുന്നതു കണ്ടാല്‍പ്പിന്നെ അയാള്‍ കാവുകടന്നു പോണവരെ അങ്ങോട്ടുതന്നെ നോക്കിയിരിക്കും. ഇങ്ങനെ എത്രപേര്‍ക്ക് എന്‍റെ കണ്ണുകള്‍ കാവലിരുന്നിട്ടുണ്ട് !

അമ്പലത്തിന്‍റെ പടികള്‍ക്കു നല്ല തണുപ്പാണ്. ഒരു മഴ കഴിഞ്ഞു ചെന്നാല്‍പ്പിന്നെ പറയുകയും വേണ്ട. മിനുസപ്പെടുത്താത്ത കല്ലുകളിലെ കുഴികള്‍ക്കിടയില്‍ കണ്ണുനീരുപോലെ തെളിഞ്ഞ വെള്ളം കെട്ടിക്കിടപ്പുണ്ടാവും. അതിലേക്കു കൈയ്യിടുമ്പോള്‍ കണ്ണുകള്‍ താനെ അടയും.. ചിരിക്കും. അവിടിരുന്നു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പാട്ടുപാടിയിട്ടുണ്ട്.. പൂക്കള്‍ കൂട്ടിയെടുത്ത് അമ്പലക്കുളത്തിലേക്ക് വാരിയെറിഞ്ഞിട്ടുണ്ട്.

നാട്ടില്‍ നിന്ന് താമസം മാറിയപ്പോള്‍ പിന്നീട് കോളേജ് ലൈബ്രറിയിലെ ഒരു കോണില്‍ നീക്കിയിട്ട മേശയിലും കസേരയിലും പിന്നെ എണ്ണിയാലൊടുങ്ങാത്ത പഴയ പുസ്തകങ്ങളിലുമായി അതേ തണുപ്പും സുഗന്ധവും ഓര്‍ത്തെടുത്തു.

ഒന്നും മറ്റൊന്നിനു പകരമാവില്ല !! സത്യം !!

വര്‍ഷങ്ങള്‍ക്കു ശേഷം എ സി യിട്ട, ഇംപോര്‍ട്ടഡ് ഫര്‍ണീച്ചറുകള്‍ നിരത്തിയിട്ട കോഫിഷോപ്പില്‍, മാറിമാറി ഉപയോഗിക്കുന്ന മുന്തിയയിനം എയര്‍ഫ്രെഷ്നെറുകളില്‍ പുതിയ താവളങ്ങള്‍ കണ്ടെത്തുമ്പോള്‍.. അങ്ങുദൂരെ അതേ തട്ടിന്‍പുറവും അയ്യപ്പന്‍കാവും ചെമ്പകവും ഒരുപക്ഷേ കാത്തിരിക്കുന്നുണ്ടാവും .

ഞാനെന്ന ഈ ശരീരം കത്തിയമര്‍ന്നു ചാരമാവുമ്പോള്‍.. അടുത്ത കാറ്റതിനെ ഉയര്‍ത്തിയെടുത്ത്, പരാതികളില്ലാത്ത , ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന അതേ ഇടങ്ങളിലേക്ക് കൊണ്ടുപോകട്ടേ .